റബര്‍ വിലയിടിവ് ജനകീയ പ്രശ്‌നമായി: മുഖ്യമന്ത്രി

കോട്ടയം: റബര്‍ വിലയിടിവ് കേരളത്തിലെ ജനകീയ പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റബറിന്റെ വിലയിടിവ് റബര്‍ കര്‍ഷകരെ മാത്രമല്ല തൊഴിലാളികളെയും സാരമായി ബാധിച്ചിരിക്കുകയാണ്. റബര്‍ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ജോസ് കെ മാണി എംപിക്കു പിന്തുണയുമായി സമരപ്പന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
റബര്‍ വിലയിടിവിനെതിരെ ജോസ് കെ മാണി നടത്തുന്ന സമരം ജനങ്ങളുടെ മനസ്സാക്ഷിയുടെ പ്രതികരണമായി മാറി. സംസ്ഥാന സര്‍ക്കാര്‍ ഒരു കിലോ റബറിന് 53 രൂപ സബ്‌സിഡി നല്‍കിയാണ് സംഭരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ കെ എം മാണി നീക്കിവച്ച 300 കോടിയുടെ റബര്‍ ഉത്തേജക പദ്ധതിയില്‍ നിന്നാണ് സര്‍ക്കാര്‍ സബ്‌സിഡി തുക കര്‍ഷകര്‍ക്കു നല്‍കുന്നത്. വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനതീതമായ ഈ സമരത്തിന് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും അനുകൂലമായ തീരുമാനം ഉണ്ടാവേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പതിനഞ്ചു മിനിറ്റോളം ചര്‍ച്ച നടത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നു വ്യക്തമായ തീരുമാനം ഉണ്ടാവും വരെ സമരം തുടരുമെന്ന് ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു. നാലു ദിവസം പിന്നിട്ടതോടെ ജോസ് കെ മാണിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച മെഡിക്കല്‍ സംഘവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
ആരോഗ്യ സ്ഥിതി മോശമാവുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മെഡിക്കല്‍ സംഘത്തിനു നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം മെഡിക്കല്‍ കോളജിലെ ഹൃദ്‌രോഗ വിഭാഗം മേധാവി ഡോ. ടി കെ ജയകുമാര്‍ ജോസ് കെ മാണിയെ സന്ദര്‍ശിച്ചു പരിശോധന നടത്തി. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടാവുംവരെ ജോസ് കെ മാണി എംപി നടത്തുന്ന നിരാഹാര സമരം തുടരുമെന്നു കേരള കോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ് എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it