kasaragod local

റബര്‍ വിലയിടിവ്: കര്‍ഷക സംഘടനകളുടെ പോസ്റ്റ്ഓഫിസ് മാര്‍ച്ച് ഇന്ന്

രാജപുരം: റബര്‍ വിലയിടിവുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്നും കര്‍ഷകരെ കരകയറ്റാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പോസ്റ്റ് ഓഫിസ് ധര്‍ണ നടത്തും.
വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് രണ്ടിന് രാജപുരം പോസ്റ്റ് ഓഫിസിന് മുന്നിലാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. റബര്‍ വിലത്തകര്‍ച്ചയ്ക്ക് പുറമേ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക, മലയോര റോഡുകള്‍ ഗതാഗതമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കും. നാണ്യവിളകളുടെ വിലത്തകര്‍ച്ചയില്‍ തൊഴിലില്ലായ്മയും ജില്ലയിലെ മലോയര മേഖലയിലെ ജനജീവിതവും ദുസ്സഹമാക്കിയിരിക്കുകയാണ്. റബറിന്റ വിലയിടിവ് നിമിത്തം തോട്ടങ്ങളില്‍ ടാപ്പിങ് നിര്‍ത്തിവച്ചത് തൊഴിലാളികളെ പട്ടിണിയിലാക്കിയിരിക്കുകയാണ്. മഴ മാറിയിട്ടും മിക്ക തോട്ടം ഉടമകളും ടാപ്പിങിന് തയ്യാറായിട്ടില്ല.
ഇപ്പോള്‍ ഒരു കിലോ റബര്‍ ഷീറ്റിന് 90 രൂപ മുതല്‍ 100 രൂപ വരെയാണ് വില. പല കച്ചവടക്കാരും റബര്‍ വാങ്ങുന്നത് തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍ക്കാര്‍ 150 രൂപയ്ക്ക് റബര്‍ സംഭരിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും റബര്‍ വില്‍പന നടത്തിയ ബില്ല് ഓണ്‍ലൈനായി അപ്പ്‌ലോഡ് ചെയ്താല്‍ അക്കൗണ്ട് വഴി പണം നല്‍കുമെന്നാണ് പറഞ്ഞിട്ടുള്ളത്.
എന്നാല്‍ ബില്ല് നല്‍കി റബര്‍ ഷീറ്റ് വാങ്ങുന്ന കച്ചവടക്കാര്‍ മലയോര മേഖലയില്‍ അപൂര്‍വ്വം മാത്രമാണുള്ളത്.
ഈ വര്‍ഷം മഴക്കാലത്ത് റെയില്‍ ഗാര്‍ഡ് വച്ച് പിടിപ്പിച്ച് ടാപ്പിങ് നടത്തിയ കര്‍ഷകര്‍ വളരെ ചുരുക്കമാണ്. അതുകൊണ്ടുതന്നെ വന്‍കിട തോട്ടങ്ങളില്‍ ടാപ്പിങ് നടത്തി ഉപജീവനം നടത്തി വന്ന കുടുംബങ്ങളാണ് വറുതിയിലായത്. പഴയ കൂലിക്ക് ആളെ വച്ച് ടാപ്പിങ് നടത്തിയാല്‍ തോട്ടം ഉടമയ്ക്ക് കാര്യമായൊന്നും ലഭിക്കാത്തതിനാല്‍ പലരും ടാപ്പിങ് ആരംഭിക്കാന്‍ തയ്യാറായിട്ടില്ല.
ഇന്ന് നടക്കുന്ന ധര്‍ണ പനത്തടി ഫൊറോനാ വികാരി ഫാ.തോമസ് പൈമ്പള്ളില്‍ ഉദ്ഘാടനം ചെയ്യും. ഫാ.ഷാജി വടക്കേതൊട്ടി അധ്യക്ഷത വഹിക്കും. ഫാ.ടോമി എടാട്ട് മുഖ്യപ്രഭാഷണം നടത്തും.
Next Story

RELATED STORIES

Share it