റബര്‍ വിലത്തകര്‍ച്ച: കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം- സുധീരന്‍

തിരുവനന്തപുരം: കനത്ത വിലത്തകര്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന റബര്‍ കര്‍ഷകരെ സഹായിക്കാന്‍ വിലസ്ഥിരതാ ഫണ്ടില്‍നിന്നും ഒരു പൈസപോലും നല്‍കില്ലെന്ന കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.

അനിയന്ത്രിതമായി റബര്‍ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതാണ് റബര്‍ കര്‍ഷകരുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. എന്നിട്ടും അവരെ സഹായിക്കാന്‍ ഒരു പൈസപോലും നല്‍കില്ലെന്ന നിഷേധാത്മക നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി വിലസ്ഥിരാത ഫണ്ടില്‍ 1011 കോടി രൂപയുള്ളപ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം കര്‍ഷകദ്രോഹ നിലപാട്. വന്‍കിട വ്യവസായികളെ സഹായിക്കുന്നതിനാണ് അനിയന്ത്രിത റബര്‍ ഇറക്കുമതിക്ക് സര്‍ക്കാര്‍ തയ്യാറായത്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശന വേളയില്‍ നടത്തിയ പ്രഖ്യാപനങ്ങളൊക്കെ കേവലം പാഴ്‌വാക്കായെന്ന് വ്യക്തമാക്കുന്ന നടപടിയാണ് വാണിജ്യകാര്യമന്ത്രിയുടേത്.
ഡബ്ല്യൂടിഒ കരാറില്‍ തന്നെ അനിയന്ത്രിതമായ ഇറക്കുമതികൊണ്ട് ജനജീവിതം പ്രതിസന്ധിയിലായാല്‍ സേഫ്ഗാര്‍ഡ് ഡ്യൂട്ടി ചുമത്താനും ഇറക്കുമതി നിര്‍ത്താനും വ്യവസ്ഥയുണ്ട്. എന്നാല്‍, ഇതിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. പ്രതിസന്ധിഘട്ടത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാവേണ്ട റബര്‍ ബോര്‍ഡ് പുനസ്സംഘടിപ്പിക്കാനും തയ്യാറാവുന്നില്ല. റബര്‍ ബോര്‍ഡിന്റെ ആസ്ഥാനം കേരളത്തില്‍ നിന്നും മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. റബര്‍ കര്‍ഷകരും തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും അടക്കം 40 ലക്ഷം ആളുകളെ ബാധിക്കുന്ന റബര്‍ വിലത്തകര്‍ച്ചയെ ഫലപ്രദമായി തടയാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലായെന്നത് ദൗര്‍ഭാഗ്യകരമാണെന്നും സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it