റബര്‍ വാങ്ങിയത് നോട്ടിന് പകരം സ്ലിപ്പ് നല്‍കി



നിഷാദ്  എം  ബഷീര്‍

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ചെറുകിട കര്‍ഷകരെയും വ്യാപാരികളെയുമാണ്. കറന്‍സി ഉപയോഗപ്പെടുത്തി ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരാണ് ഒട്ടുമിക്ക കര്‍ഷകരും ചെറുകിട നാമമാത്ര ഉല്‍പാദകരും. നോട്ടുനിരോധനം റബര്‍ മേഖലയില്‍ ഏല്‍പ്പിച്ച ആഘാതം വലുതാണ്. കര്‍ഷകര്‍ ചെറുകിട വ്യാപാരികളുടെ പക്കല്‍ റബര്‍ നല്‍കി പണം വാങ്ങിപ്പോവുകയാണു രീതി. എന്നാല്‍, നോട്ടുനിരോധനത്തോടെ കര്‍ഷകര്‍ക്ക് പണം നല്‍കാനാവാതെ വ്യാപാരികള്‍ വലഞ്ഞു. ആദ്യമൊക്കെ റബര്‍ വാങ്ങിവച്ച് കര്‍ഷകര്‍ക്ക് സ്ലിപ്പ് നല്‍കുകയാണ് ചെയ്തതെന്ന് മലപ്പുറം ജില്ലാ റബര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ലിയാഖത്ത് അലി ഖാന്‍ പറയുന്നു. ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കര്‍ഷകര്‍ക്ക് പണം കൊടുക്കുന്നതിനു തടസ്സം നേരിട്ടു. കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാനുള്ള ശ്രമങ്ങള്‍ക്കും നിയന്ത്രണം വിലങ്ങുതടിയായി. കാര്‍ഷിക സഹകരണബാങ്കുകള്‍ വഴിയാണ് ഭൂരിഭാഗം കര്‍ഷകരുടെയും വിനിമയം. പണം മാറുന്നതിന് ദേശസാല്‍കൃത ബാങ്കുകള്‍ക്ക് നല്‍കിയ ഇളവ് സഹകരണബാങ്കുകള്‍ക്ക് ബാധകമാക്കിയിരുന്നില്ല. ഫലത്തില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച അവസ്ഥയിലായി. കര്‍ഷകര്‍ക്ക് പണം ന ല്‍കാന്‍ കഴിയാതെ വന്നതോടെ റബര്‍ വാങ്ങുന്നത് ചെറുകിട വ്യാപാരികള്‍ക്ക് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണങ്ങളില്‍നിന്ന് റബര്‍മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എംപിമാര്‍ വഴി നിരവധി തവണ നിവേദനം നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലമെന്ന് അസോസിയേഷന്‍ പറയുന്നു. നോട്ടുനിരോധനത്തിനുശേഷം ചെറുകിട വ്യാപാരികള്‍ക്ക് കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങാന്‍ കഴിയാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണു നിലനിന്നിരുന്നതെന്ന് ഡീലേഴ്‌സ് അസോസിയേഷ ന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പയസ് പൊട്ടക്കുളവും ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it