kannur local

റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫിസുകള്‍ അടച്ചുപൂട്ടുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍ 

കണ്ണൂര്‍: ജില്ലയിലെ റബര്‍ ബോര്‍ഡിനു കീഴിലുള്ള ഫീല്‍ഡ് ഓഫിസുകള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയത് റബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് റബര്‍ബോഡിന്റെ കീഴിലെ ഫീല്‍ഡ് ഓഫിസുകള്‍ അടച്ചു പൂട്ടുന്നത്. ജില്ലയിലെ ആലക്കോട് ഫീല്‍ഡ് ഓഫിസ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തളിപ്പറമ്പിലെ പ്രാദേശിക കേന്ദ്രം അടയ്ക്കുമെന്ന ആശങ്ക പരക്കുന്നതിനിടെയാണ് ആലക്കോട്ടെ ഫീല്‍ഡ് ഓഫിസ് അടച്ചുപൂട്ടാന്‍ നിര്‍ദേശമെത്തിയത്. നിലവില്‍ കേന്ദ്ര റബര്‍ ബോര്‍ഡിന് നാഥനില്ലാത്ത അവസ്ഥയാണ്. ചെയര്‍മാന്‍, സെക്രട്ടറി, കമ്മീഷണര്‍ തുടങ്ങിയ ഉന്നത തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കേന്ദ്രമാണ് ഈ തസ്തികകളില്‍ നിയമനം നടത്തേണ്ടത്. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി തുക യഥാസമയം ലഭിക്കണമെങ്കില്‍ ഫീല്‍ഡ് ഓഫിസുകള്‍ പ്രവര്‍ത്തിക്കണം. റബര്‍ കൃഷി സബ്‌സിഡി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ റബറിന് നല്‍കുന്ന സബ്‌സിഡിയുടെ അപേക്ഷകള്‍ വരെ സ്വീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടത് ഫീല്‍ഡ് ഓഫിസുകളാണ്.
ആലക്കോട്ടെ ഫീല്‍ഡ് ഓഫിസിന് 50 വര്‍ഷത്തോളം പഴക്കമുണ്ട്. റബര്‍ ബോര്‍ഡിനുള്ള ധനസഹായം കേന്ദ്ര സര്‍ക്കാര്‍ വന്‍ തോതില്‍ വെട്ടിക്കുറച്ചതാണ് ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കിയത്. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളുടെ വാടക നിലവിലുള്ളതിന്റെ പകുതിയായി കുറച്ചാല്‍ മാത്രമേ ഓഫിസുകള്‍ ഇനിമുതല്‍ നിലനിര്‍ത്തുകയുള്ളൂവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇതിന് കെട്ടിട ഉടമകള്‍ തയ്യാറാവാന്‍ സാധ്യതയില്ല. ഇങ്ങനെ വരുന്നതോടെ ഓഫിസുകള്‍ അടച്ചുപൂട്ടേണ്ടി വരും. ഇതാണ് തളിപ്പറമ്പ്, ആലക്കോട് ഓഫിസുകള്‍ക്ക് ഭീഷണിയായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിലപാടിനെതിരേ കഴിഞ്ഞ ദിവസം ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി ആഞ്ഞടിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ വരും ദിവസങ്ങളില്‍ പ്രതിഷേധമുയരുമെന്ന് ഉറപ്പാണ്.
Next Story

RELATED STORIES

Share it