റബര്‍ നയം പ്രഖ്യാപിക്കുന്നതിന് മുമ്പ് കേന്ദ്ര വാണിജ്യമന്ത്രി കര്‍ഷകരുമായി ചര്‍ച്ച നടത്തും

കോട്ടയം: റബര്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ റബര്‍ നയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തി കര്‍ഷകരുമായി ചര്‍ച്ചനടത്തുമെന്ന് കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. റബര്‍നയ രൂപീകരണവുമായി ബന്ധപ്പെട്ട് റബര്‍ ബോര്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.റബര്‍ നയം ഏറ്റവും വേഗത്തില്‍ പരിശോധിക്കാന്‍ നടപടികള്‍ കൈക്കൊള്ളും. ഇതിന്റെ ഭാഗമായി പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം വാണിജ്യമന്ത്രി കോട്ടയത്തെത്തി കര്‍ഷകരുമായി നേരില്‍ കാണും. തുടര്‍ന്നു വാണിജ്യമന്ത്രാലയം സമര്‍പ്പിക്കുന്ന റിപോര്‍ട്ടിനു ധനകാര്യമന്ത്രാലയത്തില്‍ നിന്ന് അനുമതി വാങ്ങി മന്ത്രിസഭയുടെ തീരുമാനത്തോടെ നയം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. റബറിന് ന്യായവില ഉറപ്പാക്കുമെന്നു വാണിജ്യമന്ത്രി സുരേഷ് പ്രഭു ഉറപ്പുനല്‍കിയിട്ടുണ്ട്. എടുത്തുചാടി തീരുമാനമെടുക്കുന്നതു പ്രയോജനരഹിതമാവുമെന്നതിനാലാണു നയരൂപീകരണത്തിനു മുന്നോടിയായി ചര്‍ച്ചകള്‍ നടത്തുന്നത്. കര്‍ഷകരുടെ യഥാര്‍ഥ ശബ്ദം അറിയുന്നതിനുവേണ്ടിയാണു മന്ത്രി  നേരിട്ടു റബര്‍ ബോര്‍ഡിലെത്തുന്നതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. റബര്‍ കൃഷി മേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ നിന്ന് ആരെയും അവഗണിച്ചിരുന്നില്ല. ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടവരെ ക്ഷണിച്ചതു റബര്‍ ബോര്‍ഡാണ്. അടുത്ത ചര്‍ച്ചയില്‍ സംസ്ഥാനത്തെ മുഴുവന്‍ എംപിമാരെയും പങ്കെടുപ്പിക്കും. എന്നാല്‍ ജനപ്രതിനിധികള്‍ കൂടുതല്‍ വന്നാല്‍ ജനശബ്ദം കേള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it