റബര്‍ ടാപ്പിങ് : ആശങ്കയില്ല - റബര്‍ ബോര്‍ഡ്‌



കോട്ടയം: ഉയര്‍ന്ന ശമ്പളവും തൊഴില്‍ സുരക്ഷയും വാഗ്ദാനംചെയ്ത് കേരളത്തില്‍ നിന്ന് റബര്‍ചെത്തുതൊഴിലാളികളെ കൊണ്ടുപോവുന്നതിന് മലേസ്യന്‍ കമ്പനികള്‍ നീക്കം തുടങ്ങി. മലേസ്യയില്‍ റബര്‍ ടാപ്പിങ് നടത്തുന്നതിന് താല്‍പ്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് കമ്പനികള്‍ പരസ്യം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. കേരളത്തില്‍ പ്രാവീണ്യം നേടിയ 80,000 റബ്ബര്‍ ചെത്തുതൊഴിലാളികളാണ് റബര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏകദേശം 1.6 ലക്ഷം റബര്‍ ചെത്തുതൊഴിലാളികളെയാണു കേരളത്തില്‍ ആവശ്യമായുള്ളത്. പരിശീലനം നേടിയ തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യത്തിലാണു കൂടുതല്‍ ശമ്പളവും തൊഴില്‍സുരക്ഷയും വാഗ്ദാനം ചെയ്തു പ്രാവീണ്യം നേടിയവരെ മലേസ്യയിലെത്തിക്കുന്നതിനു കമ്പനികള്‍ പ്രലോഭനവുമായി രംഗത്തെത്തിയിരിക്കുന്നത്. പരിശീലനം നേടിയ റബര്‍ ചെത്തുതൊഴിലാളിക്ക് കേരളത്തില്‍ ഒരുദിവസം ശരാശരി 675 രൂപയാണ് ലഭിക്കുന്നത്. ഒരുമാസം 25 തൊഴില്‍ദിനമാണു ലഭിക്കുക. അങ്ങനെ ഒരുമാസം പരമാവധി 16,875 രൂപ കൂലിയായി കിട്ടുമെന്നാണു കണക്ക്. അതേസമയം, ഒരുമാസം നിശ്ചിത ശമ്പളമാണു മലേസ്യന്‍ കമ്പനികളുടെ വാഗ്ദാനം. 1,000 രൂപയാണ് ഒരുദിവസത്തെ അടിസ്ഥാന ശമ്പളം. തൊഴിലാളിക്കു പ്രതിമാസം 15,000 രൂപ കമ്പനികള്‍ ഉറപ്പുനല്‍കുന്നു. കഠിനാധ്വാനംചെയ്താല്‍ ഒരുമാസം 30,000 രൂപ വരെ സമ്പാദിക്കാം. താമസവും മറ്റു സൗകര്യങ്ങളും കമ്പനി ഇതോടൊപ്പം വാഗ്ദാനം നല്‍കുന്നുണ്ട്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിങ് ഏജന്‍സി വഴിയാണ് വൈദഗ്ധ്യം നേടിയ റബര്‍ ചെത്തുതൊഴിലാളികള്‍ക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 18നും 40നും മധ്യേ പ്രായമുള്ളവരെ പരിഗണിക്കുമെന്നാണ് അറിയിപ്പ്. അതേസമയം, മലേസ്യന്‍ കമ്പനികളുടെ വാഗ്ദാനത്തില്‍ തങ്ങള്‍ക്കു യാതൊരു ആശങ്കയുമില്ലെന്ന് റബര്‍ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തില്‍ പരിശീലനം സിദ്ധിച്ച റബര്‍ ചെത്തുതൊഴിലാളിക്ക് ഇപ്പോള്‍ 700 മുതല്‍ 800 രൂപവരെ പ്രതിദിനം കൂലി ലഭിക്കുന്നുണ്ട്. ഇതിനു പുറമെ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സര്‍ട്ടിഫിക്കേഷനും ക്ഷേമപദ്ധതികളും മെഡിക്കല്‍ അലവന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലേസ്യന്‍ കമ്പനികള്‍ വാഗ്ദാനംചെയ്തതില്‍ കൂടുതല്‍ ആനുകൂല്യങ്ങളാണു കേരളത്തില്‍ നല്‍കുന്നത്. അതുകൊണ്ട് കേരളത്തില്‍ നിന്നു തൊഴിലാളികള്‍ പോവാനിടയില്ല. ആവശ്യമായതിന്റെ പകുതി തൊഴിലാളികള്‍ മാത്രമാണു കേരളത്തിലുള്ളത്. നിരന്തരമായ പരിശീലനം നല്‍കി പ്രാവീണ്യമുള്ള തൊഴിലാളികളെ വാര്‍ത്തെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് റബര്‍ ബോര്‍ഡ് നടത്തിവരുന്നതെന്ന് പബ്ലിസിറ്റി വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കെ ജി സതീഷ്‌കുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it