Flash News

റബര്‍ബോര്‍ഡ് : ഒരു ജില്ലയില്‍ ഒരു ഓഫിസ് മതിയെന്ന് കേന്ദ്ര നിര്‍ദേശം ; മേഖലാ ഓഫിസുകള്‍ക്കു താഴിടുന്നു



കോട്ടയം: സംസ്ഥാനത്തെ റബര്‍ബോര്‍ഡിന്റെ മേഖലാ ഓഫിസുകള്‍ കേന്ദ്രസര്‍ക്കാര്‍ പൂട്ടുന്നു. റബര്‍ ബോര്‍ഡിന് കീഴി ല്‍ രാജ്യത്താകെ 45 മേഖലാ ഓഫിസുകളാണുള്ളത്. ഇതില്‍ 26 എണ്ണവും കേരളത്തിലാണ്. കഴിഞ്ഞമാസം എറണാകുളം, കോതമംഗലം ഓഫിസുകള്‍ പൂട്ടുകയും ഇവ മൂവാറ്റുപുഴ മേഖലയുമായി ലയിപ്പിക്കുകയും ചെയ്തിരുന്നു. കോട്ടയം മേഖലാ ഓഫിസ് ഈ മാസം പൂട്ടാനാണു തീരുമാനം. ചങ്ങനാശ്ശേരി, കോട്ടയം ഓഫിസുകള്‍ ഇനി ഒരുമിച്ചാവും പ്രവര്‍ത്തിക്കുക. കാസര്‍കോട്, മണ്ണാര്‍ക്കാട്, ഈരാറ്റുപേട്ട, തിരുവനന്തപുരം, ശ്രീകണ്ഠാപുരം, തലശ്ശേരി ഓഫിസുകള്‍ക്കും വൈകാതെ താഴുവീഴും. ചെലവുചുരുക്കലിന്റെ ഭാഗമായാണ് മേഖലാ ഓഫിസുകള്‍ പൂട്ടുന്നതെന്നാണ് റബര്‍ബോര്‍ഡിന്റെ വിശദീകരണം. ഘട്ടംഘട്ടമായി ഒരു ജില്ലയില്‍ ഒരു മേഖലാ ഓഫിസ് എന്ന തരത്തിലേക്ക് കുറച്ചുകൊണ്ടുവരാനാണ് നീക്കം. ഓഫിസുകള്‍ പൂട്ടുന്നതോടെ അധികംവരുന്ന ജീവനക്കാരെ റബര്‍ബോര്‍ഡിന്റെ മറ്റ് ഓഫിസുകളിലേക്കു പുനര്‍വിന്യസിക്കുമെന്നാണ് റബര്‍ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. 45 ജീവനക്കാരുണ്ടായിരുന്ന മേഖലാ ഓഫിസുകളില്‍ ഇപ്പോഴുള്ളത് 20ല്‍ താഴെ ആളുകളാണ്. മറ്റുള്ളവരെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു മാറ്റിക്കഴിഞ്ഞു. ഇതിനു പുറമേ റബര്‍ കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സിഡി നിര്‍ത്തലാക്കാനുള്ള നീക്കങ്ങളും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. മേഖലാ ഓഫിസുകള്‍ പൂട്ടുന്നതും സബ്‌സിഡി നിര്‍ത്തലാക്കുന്നതും 12 ലക്ഷത്തോളം റബര്‍ കര്‍ഷകരെയാണു പ്രതിസന്ധിയിലാക്കുന്നത്. റബര്‍മേഖലയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിട്ട് ഇടപെടുന്നത് മേഖലാ ഓഫിസുകളുമായാണ്. സബ്‌സിഡി, കര്‍ഷകര്‍ക്കുള്ള സഹായങ്ങള്‍, ബോധവല്‍ക്കരണം ഉള്‍െപ്പടെ എല്ലാ സേവനങ്ങളും കര്‍ഷകര്‍ക്ക് മേഖലാ ഓഫിസുകള്‍ വഴിയാണ് ലഭിക്കുന്നത്. റബര്‍ ഉല്‍പ്പാദക സഹകരണസംഘങ്ങള്‍ അഥവാ ആര്‍പിഎസുകള്‍ പ്രവര്‍ത്തിക്കുന്നതും മേഖലാ ഓഫിസുകള്‍ക്കു കീഴിലാണ്. കോട്ടയം ഓഫിസ് പൂട്ടുന്നതോടെ വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളിലെ കര്‍ഷകര്‍ ആവശ്യങ്ങള്‍ക്കായി ഇനി ചങ്ങനാശ്ശേരിയില്‍ പോവേണ്ടിവരും. മേഖലാ ഓഫിസുകള്‍ പൂട്ടുന്നതിനു മുന്നോടിയായി 2015നുശേഷം സബ്‌സിഡിക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചിരുന്നില്ല. ആവര്‍ത്തനകൃഷിക്കും പുതുകൃഷിക്കും ഹെക്ടറിന് 25,000 രൂപയാണ് സബ്‌സിഡിയായി നല്‍കിയിരുന്നത്. അതേസമയം, മേഖലാ ഓഫിസുകള്‍ പൂട്ടുന്നതുവഴി കര്‍ഷകര്‍ക്കു ലഭിച്ചുകൊണ്ടിരുന്ന സേവനങ്ങള്‍ക്കു തടസ്സമുണ്ടാവില്ലെന്ന് റബ്ബര്‍ബോര്‍ഡ് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു. കോട്ടയം മേഖലാ ഓഫിസിന്റെ പരിധിയില്‍ വരുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളും മറ്റു സേവനങ്ങളും ലഭ്യമാക്കുന്നതിനു കോട്ടയത്തെ റബര്‍ബോര്‍ഡ് ആസ്ഥാനത്ത് പ്രത്യേക ഓഫിസ് പ്രവര്‍ത്തനം തുടങ്ങും. വിലസ്ഥിരതാ ഫണ്ട് പ്രകാരമുള്ള പണം കര്‍ഷകര്‍ക്കു ലഭിക്കാനാവശ്യമായ ബില്ലുകള്‍ ഇവിടെ സ്വീകരിക്കും. കോട്ടയം, ചങ്ങനാശ്ശേരി ഓഫിസുകള്‍ സംയോജിപ്പിക്കുന്നതു കര്‍ഷകര്‍ക്കു കൂടുതല്‍ പ്രയോജനപ്രദമാവും. സംസ്ഥാനത്ത് റബര്‍ കര്‍ഷകരുടെ എണ്ണവും റബര്‍ ഉല്‍പ്പാദനവും കൂടിയ സമയത്താണ് ഇത്രയും മേഖലാ ഓഫിസുകള്‍ ആരംഭിച്ചത്. എന്നാല്‍, ഇപ്പോള്‍ കര്‍ഷകരുടെ എണ്ണവും ഉല്‍പ്പാദനവും കുറഞ്ഞു. ഈ സാഹചര്യത്തില്‍ ഇത്രയും മേഖലാ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത് സാമ്പത്തികപ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അതേസമയം, നിലവിലെ ഫീല്‍ഡ് ഓഫിസുകളൊന്നുംതന്നെ നിര്‍ത്തലാക്കുന്നില്ല. കര്‍ഷകര്‍ക്ക് സഹായങ്ങള്‍ക്കായി അവിടെയും സമീപിക്കാം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് റബര്‍ബോര്‍ഡിന് ലഭിക്കുന്ന ഫണ്ട് വിഹിതത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായതാണ് സബ്‌സിഡി നല്‍കുന്നത് അനിശ്ചിതത്വത്തിലാക്കിയത്. നേരത്തെ പ്രതിവര്‍ഷം 200-230 കോടി ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 130 കോടി മാത്രമാണു ലഭിക്കുന്നത്. അതിനാല്‍, കര്‍ഷകര്‍ക്ക് യഥാസമയം സബ്‌സിഡി നല്‍കാനാവുന്നില്ല. എന്നാല്‍, സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കിയിട്ടില്ലെന്നും റബര്‍ബോ ര്‍ഡ് വിശദീകരിക്കുന്നു.
Next Story

RELATED STORIES

Share it