Flash News

റഫേല്‍: പ്രധാനമന്ത്രിയുടെ സ്വന്തക്കാരന് 45,000 കോടി കിട്ടി

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും രാജ്യത്തോട് കള്ളംപറഞ്ഞതായി രാഹുല്‍. കോണ്‍ഗ്രസ് ഭരണകാലത്ത് റഫേല്‍ വിമാനത്തിന്റെ വില 520 കോടിയായിരുന്നപ്പോഴുള്ള കരാറാണ് ബിജെപി സര്‍ക്കാര്‍ തകര്‍ത്തത്. ഇപ്പോള്‍ വിമാനവില 1600 കോടിയായി. റഫേല്‍ കരാര്‍ ഫ്രാന്‍സുമായുള്ള രഹസ്യ ഉടമ്പടിയാണെന്നാണ് പ്രതിരോധമന്ത്രി പറഞ്ഞതെന്നും അവിശ്വാസപ്രമേയ ചര്‍ച്ചയില്‍  പങ്കെടുത്ത് സംസാരിക്കവേ രാഹുല്‍ പറഞ്ഞു.
താന്‍ ഫ്രഞ്ച് പ്രസിഡന്റുമായി നേരിട്ടു സംസാരിച്ചപ്പോള്‍ രഹസ്യ കരാറില്ലെന്നാണ് അറിഞ്ഞത്. വിമാന ഇടപാടിന്റെ ചെലവിനെക്കുറിച്ച് രാജ്യത്തോടു പറയുമെന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന ലംഘിച്ചാണ് രഹസ്യ സ്വഭാവമാണ് കരാറിനെന്ന് പിന്നീട് പ്രധാനമന്ത്രി പറഞ്ഞത്. മോദിയോട് അടുപ്പമുള്ള വ്യവസായിയാണ് കരാറില്‍ നേട്ടമുണ്ടാക്കിയത്. 45,000 കോടിയാണ് ആ വ്യവസായിയുടെ നേട്ടം.  പ്രധാനമന്ത്രിയുടെ മാര്‍ക്കറ്റിങിന് വേണ്ടി ചെലവഴിക്കുന്ന പണം ഇത്തരക്കാരില്‍നിന്നാണ് വരുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍,  രാഹുല്‍ ആരോപിച്ച ഫ്രഞ്ച് പ്രസിഡന്റുമായുള്ള രഹസ്യ കരാര്‍ ഒപ്പിട്ടത് യുപിഎ ഭരണകാലത്തെ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണി ആയിരുന്നുവെന്നു  പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
എന്നാല്‍, പ്രതിരോധമന്ത്രിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തു. റഫേല്‍ ഇടപാടില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച പ്രതിരോധമന്ത്രി രാജിവയ്ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റുമായുള്ള രഹസ്യ കരാര്‍ ക്ലാസിഫൈഡ് (അതീവ രഹസ്യ) വിവരങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍, റഫേല്‍ വിമാനങ്ങളുടെ വില ക്ലാസിഫൈഡ് വിവരമല്ല.  എന്തു വിലയ്ക്കാണ് റഫേല്‍ വാങ്ങിയതെന്ന് രാജ്യത്തിന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍, വിഷയത്തില്‍ കേന്ദ്രത്തിന് അനുകൂലമായ നിലപാടുമായി ഫ്രാന്‍സ് സര്‍ക്കാര്‍ രംഗത്തെത്തി. അതീവ രഹസ്യസ്വഭാവമുള്ള ക്ലാസിഫൈഡ് കാറ്റഗറിയിലാണ് റഫേല്‍ കരാര്‍ ഇടപാടെന്നാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ വാദം.
Next Story

RELATED STORIES

Share it