റഫേല്‍: കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ന്യുഡല്‍ഹി: റഫേല്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്്. റഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ പാര്‍ട്ടി ഉന്നയിച്ചു. സര്‍ക്കാരിന്റേത് ഇരട്ടത്താപ്പാണെന്നും ദേശീയ താല്‍പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്നും കോണ്‍ഗ്രസ്് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. യുദ്ധവിമാനത്തിന്റെ വിലയും ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നതെങ്ങിനെയെന്ന വിവരവും സര്‍ക്കാര്‍ വെളിപ്പെടുത്തണം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് എല്ലാ പ്രതിരോധ ഇടപാടുകളുടെയും വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ ഹാജരാക്കുകയും  പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.ദേശീയസുരക്ഷ മുന്‍നിര്‍ത്തി റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ, മുന്‍ പ്രതിരോധമന്ത്രി കൂടിയായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇടപാടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നു കര്‍ക്കശ നിലപാടെടുത്തത്.വിമാനത്തിന്റെ വില പുറത്ത് പറയാതിരിക്കാന്‍ കരാറിന്റെ രഹസ്യ സ്വഭാവമാണ് കാരണമെന്ന് പ്രതിരോധ മന്ത്രിയായ നിര്‍മല സീതാരാമന്‍ പറഞ്ഞപ്പോള്‍ ധനമന്ത്രി ദേശസുരക്ഷയാണ് കാരണമായി പറഞ്ഞതെന്ന് സുര്‍ജെവാല പറഞ്ഞു. എന്തുകൊണ്ടാണ് രണ്ട് മന്ത്രിമാര്‍ക്ക് ഇതില്‍ ഭിന്നാഭിപ്രായമെന്നും അവര്‍ ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും വിമാനത്തിന്റെ വില രഹസ്യമാക്കാനുള്ള കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it