റഫേല്‍ അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം: പി സി ചാക്കോ

തൃശൂര്‍: റഫേല്‍ യുദ്ധവിമാന അഴിമതി വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാതെ അടുത്ത തിരഞ്ഞെടുപ്പിലേക്ക് കോ ണ്‍ഗ്രസ് പോവില്ലെന്ന് എഐസിസി വര്‍ക്കിങ് കമ്മിറ്റിയംഗം പി സി ചാക്കോ.
റഫേല്‍ അഴിമതിയില്‍ പ്രധാനമന്ത്രി രാജിവയ്ക്കുക, വിഷയം ജെപിസി അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്പീഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റഫേല്‍ അഴിമതി മൂടിവയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അംബാനിമാര്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് തീറെഴുതിക്കൊടുക്കുന്ന ചങ്ങാത്ത മുതലാളിത്തമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച അനില്‍ അംബാനിയുടെ കമ്പനിക്ക് 1,30,000 കോടി രൂപയുടെ കരാറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യസ്ഥതയില്‍ റഫേല്‍ ഇടപാടില്‍ നല്‍കിയത്.
കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിക്കൊപ്പം ഫ്രാന്‍സില്‍ പോയത് പ്രതിരോധമന്ത്രിയോ വിദേശകാര്യമന്ത്രിയോ ആയിരുന്നില്ല, അനില്‍ അംബാനിയായിരുന്നുവെന്നും ചാക്കോ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ടെന്‍ഡര്‍ വിളിച്ചാണ് എ കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ ഫ്രാന്‍സുമായി കരാറിനു ശ്രമിച്ചത്. റഫേല്‍ കരാറില്‍ ജെപിസി അന്വേഷണം നടത്താന്‍ എന്തിനാണ് പ്രധാനമന്ത്രി ഭയക്കുന്നത്. സ്‌പെക്ട്രം അഴിമതി ഉള്‍പ്പെടെ അഞ്ചു കേസുകളിലാണ് ജെപിസി അന്വേഷണം ഉണ്ടായിട്ടുള്ളത്. അഴിമതിക്കെതിരായ പ്രചാരണം നടത്തി അധികാരത്തിലെത്തിയ ബിജെപിക്ക് ഭരണം നാലര വര്‍ഷം പിന്നിട്ടിട്ടും ലോക്പാല്‍ ബില്ല് പാസാക്കാന്‍ പോലും സാധിച്ചിട്ടില്ല. അഴിമതി വ്യവസായമായി മാറ്റിയിരിക്കുകയാണ് ബിജെപി. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അരക്ഷിതാവസ്ഥയിലേക്കു തള്ളിവിട്ടതാണ് നാലര വര്‍ഷത്തെ ബിജെപി ഭരണത്തിന്റെ നേട്ടം. ജനങ്ങളെ കൊള്ളയടിച്ചും വ്യാപാരികളുടെ കീശ വീര്‍പ്പിക്കുകയെന്നതാണ് ബിജെപി നയം. 60 രൂപയ്ക്ക് വില്‍ക്കാന്‍ കഴിയുന്ന പെട്രോള്‍ 90 രൂപയ്ക്ക് വിറ്റ് എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭത്തിന് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചാക്കോ ആരോപിച്ചു.

Next Story

RELATED STORIES

Share it