റഫേല്‍ അഴിമതി സംബന്ധിച്ച ഷോ റിലയന്‍സ് 10,000 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: റഫേല്‍ അഴിമതി റിപോര്‍ട്ട് ചെയ്തതിന് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് എന്‍ഡിടിവിക്കെതിരേ അഹ്മദാബാദ് കോടതിയില്‍ 10,000 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കേസ് ഈ മാസം 26ന് പരിഗണിക്കും. എന്‍ഡിടിവിയുടെ ആഴ്ചയിലൊരിക്കലുള്ള പരിപാടിയായ ട്രൂത്ത് വിഎസ് ഹൈപ്പിന്റെ സപ്തബര്‍ 29ലെ പ്രോഗ്രാമിനെതിരേയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുകയെന്ന തങ്ങളുടെ ഉത്തരവാദിത്തം തടയാനുള്ള അനില്‍ അംബാനിയുടെ റിലയന്‍സിന്റെ ശ്രമമായാണ് തങ്ങള്‍ ഇതിനെ കാണുന്നതെന്ന് ഇതുസംബന്ധിച്ച് എന്‍ഡിടിവി അധികൃതര്‍ വ്യക്തമാക്കി. പ്രതിരോധ കരാര്‍ സംബന്ധിച്ച് പൊതുജന താല്‍പര്യപ്രകാരമുള്ള കൂടുതല്‍ ചോദ്യങ്ങളുയരുന്നത് തടയാനുള്ള ശ്രമമാണിതെന്നും എന്‍ഡിടിവി ചൂണ്ടിക്കാട്ടി.
തങ്ങളുടെ അന്നത്തെ ഷോയില്‍ പങ്കെടുത്ത് തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ പലതവണ റിലയന്‍സ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ തങ്ങളുടെ അപേക്ഷ അവഗണിച്ചു. റഫേല്‍ കരാറില്‍ പങ്കാളിയായി റിലയന്‍സിനെ സുതാര്യമായി തിരഞ്ഞെടുത്തതാണോ അല്ലയോ എന്ന ഷോയിലെ ചോദ്യം ഇന്ത്യയില്‍ മാത്രമല്ല ഫ്രാന്‍സിലും കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും എന്‍ഡിടിവി ചൂണ്ടിക്കാട്ടി. ഷോ പ്രക്ഷേപണം ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് കരാര്‍ നടക്കുമ്പോള്‍ ഫ്രാന്‍സ് പ്രസിഡന്റായിരുന്ന ഫ്രാന്‍കോയിസ് ഹൊളാന്‍ദെ തന്നെ ഈ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരുപക്ഷത്ത് നിന്നല്ല, എല്ലാ പക്ഷവും തങ്ങള്‍ കാണിച്ചിരുന്നുവെന്നും റഫേല്‍ കമ്പനിയായ ഡാസോ ഏവിയേഷന്റെ നിഷേധവും പ്രസിദ്ധീകരിച്ചിരുന്നതായും എന്‍ഡിടിവി ചൂണ്ടിക്കാട്ടി.
കേസില്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും സത്യം വിളിച്ചുപറയുകയെന്ന തങ്ങളുടെ ഉത്തരവാദിത്തം തുടരുമെന്നും എന്‍ഡിടിവി വ്യക്തമാക്കി.

Next Story

RELATED STORIES

Share it