റഫേല്‍ അഴിമതിയും മോദിയുടെ മിണ്ടാവ്രതവും

ഇന്ദ്രപ്രസ്ഥം  - നിരീക്ഷകന്‍

ഡല്‍ഹിയില്‍ ഇപ്പോള്‍ റഫേലിന്റെ കാലമാണ്. ഭരിക്കുന്ന പശുവാദികളെ സംബന്ധിച്ചിടത്തോളം ഫ്രഞ്ച് യുദ്ധവിമാനം വലിയൊരു കുരിശായി മാറിയിരിക്കുന്നു. വിമാനം ഒന്നിന് 1100 കോടിയില്‍ അധികം വില അങ്ങോട്ടു കൊടുത്താണ് മോദി 2015ല്‍ പാരിസില്‍ ചെന്ന് കച്ചവടം ഉറപ്പിച്ചത്. മന്‍മോഹന്‍ സിങിന്റെ കാലത്ത് ഏതാണ്ട് 600 കോടി രൂപ വില പറഞ്ഞ സാധനം 1700 കോടി രൂപ കൊടുത്ത് വാങ്ങാന്‍ മോദി തയ്യാറായതിനു പിന്നിലെ രഹസ്യമാണ് ഇപ്പോള്‍ നാടാകെ ചര്‍ച്ച ചെയ്യുന്നത്.
വിഷയത്തില്‍ ആകെ നാറിനില്‍ക്കുന്ന പ്രധാനമന്ത്രി ഇതുവരെ ഒരക്ഷരം അതേപ്പറ്റി പറഞ്ഞിട്ടില്ല. ആകെ വായ തുറന്നത് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനാണ്. ആയമ്മ അക്കാലത്ത് വകുപ്പിന്റെ ചുമതലയിലായിരുന്നില്ല. വിമാനവില ദേശീയ രഹസ്യമാണ്, അത് പരസ്യമാക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴും എന്നാണ് നിര്‍മല പറഞ്ഞത്. വിലവിവരം നാട്ടുകാര്‍ അറിഞ്ഞാല്‍ എന്തെങ്കിലും ഇടിഞ്ഞുവീഴുന്നുണ്ടെങ്കില്‍ അത് മോദിയുടെ പ്രതിച്ഛായ ആയിരിക്കും.
ഇപ്പോള്‍ മോദിയുടെ തനിനിറം പുറത്തായി. അതിനു കാരണക്കാരന്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദാണ്. കക്ഷി കാര്യം നേരെച്ചൊവ്വേ പറഞ്ഞു. ഇന്ത്യയില്‍ വിമാനത്തിന്റെ നിര്‍മാണവും റിപ്പയറും ആര്‍ക്കു നല്‍കണമെന്ന് തീരുമാനിച്ചത് താനോ തന്റെ സര്‍ക്കാരോ വിമാനം വില്‍ക്കുന്ന കമ്പനിയോ അല്ല. അക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത് കാശിറക്കുന്ന ഇന്ത്യന്‍ സര്‍ക്കാരാണ്.
ഈ വിഷയം ആന്റണിയുടെ കാലം മുതലേ ചര്‍ച്ച ചെയ്തിരുന്നു. അന്ന് കരാര്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനു നല്‍കണം എന്നായിരുന്നു നിലപാട്. എച്ച്എഎല്‍ പൊതുമേഖലാ സ്ഥാപനം. ഫ്രാന്‍സിനും സമ്മതം. അതു സംബന്ധിച്ചു ഫ്രഞ്ച് വിമാന കമ്പനി മേധാവി നടത്തിയ പ്രസ്താവനയുടെ വീഡിയോയും ഈയിടെ പുറത്തുവന്നു.
പിന്നെയെങ്ങനെ കരാര്‍ അനില്‍ അംബാനിയുടെ തട്ടിക്കൂട്ട് കമ്പനിക്കു കിട്ടി? തങ്ങള്‍ക്ക് അറിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റും മുന്‍ പ്രസിഡന്റും പറയുന്നു. പ്രസിഡന്റ് മാക്രോണ്‍ നാറ്റക്കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ല.
പ്രശ്‌നം പക്ഷേ കൂടുതല്‍ ഗുരുതരമായി വരുകയാണ്. 2015ല്‍ മോദി ഫ്രാന്‍സില്‍ കച്ചവടം ഉറപ്പിക്കാന്‍ പോയതിന് ഏതാനും ദിവസം മുമ്പ് മാത്രമാണ് അംബാനിയുടെ കമ്പനി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു വിമാനവും അവര്‍ അന്നേവരെ ഉണ്ടാക്കിയിട്ടില്ല. പക്ഷേ, എങ്ങനെ കരാര്‍ അടിച്ചെടുക്കാന്‍ തങ്ങള്‍ക്കു സാധിക്കും എന്ന് അവര്‍ മനസ്സിലാക്കി. കരാര്‍ ചര്‍ച്ച നടക്കും മുമ്പ് കച്ചവടം സംബന്ധിച്ച സകല വിവരവും അവര്‍ അറിഞ്ഞതായി ഉറപ്പ്.
അപ്പോള്‍ ആരാണ് ആ വിവരം അംബാനിക്കു ചോര്‍ത്തിക്കൊടുത്തത്? പ്രതിരോധ രഹസ്യം പുറത്തുപറയാന്‍ പാടില്ല എന്നു പറയുന്ന പ്രതിരോധമന്ത്രി സീതാരാമന് ഉത്തരമില്ല. കാരണം, ആരാണ് അംബാനിക്കു വിവരം ചോര്‍ത്തിയത് എന്ന് പകല്‍ പോലെ വ്യക്തം. എന്തിന് എന്നറിയാനും പാഴൂര്‍പ്പടി വരെ പോകേണ്ട. കാരണം 36 വിമാനത്തിനു 1000 കോടി വച്ചു 36,000 കോടി രൂപ അങ്ങനെത്തന്നെ കീശയില്‍ പോരും. അത് ആര്‍ക്ക് എന്ത് ആവശ്യത്തിനു ലഭ്യമാവുമെന്ന കാര്യം മാത്രമേ നോക്കേണ്ടതുള്ളൂ.
ഈ കരാറും അതിനു പിന്നിലെ അഴിമതിയും നരേന്ദ്ര മോദിക്കും സര്‍ക്കാരിനും ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. പണ്ട് ബോഫോഴ്‌സ് തോക്ക് വാങ്ങിയ വകയില്‍ രാജീവ് ഗാന്ധി കൈക്കൂലി വാങ്ങി എന്ന് നാടാകെ പറഞ്ഞുപരത്തി അദ്ദേഹത്തെ രാപകല്‍ വേട്ടയാടിയ കൂട്ടരാണ് ഇപ്പോള്‍ ഭരിക്കുന്നത്. ഒരു തെളിവും ആരുടെ കൈയിലും ഉണ്ടായിരുന്നില്ല. ആകെ കൈക്കൂലിയായി കൈമാറിയ തുക 89 കോടി രൂപ.
പക്ഷേ, രാഷ്ട്രീയത്തില്‍ അത് വലിയ കോലാഹലമുണ്ടാക്കി. രാജീവ് സര്‍ക്കാര്‍ വീഴുന്ന അവസ്ഥയുണ്ടായി. കോടതി അവസാനം കണ്ടെത്തിയത്, ബോഫോഴ്‌സ് ഇടപാടില്‍ രാജീവ് ഗാന്ധി കുറ്റക്കാരനാണ് എന്നതിനു യാതൊരു തെളിവുമില്ലെന്നാണ്. ഇപ്പോള്‍ അതല്ല സ്ഥിതി. കരാറില്‍ അട്ടിമറി നടന്നുവെന്നു സാക്ഷ്യപ്പെടുത്തുന്നത് അത്യുന്നതരായ അധികാരികളാണ്. തെളിവുകള്‍ വളരെ വ്യക്തം. ഒരു ജോയിന്റ് പാര്‍ലമെന്ററി അന്വേഷണമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. നേരത്തേ ബോഫോഴ്‌സില്‍ ഇങ്ങനെ ജെപിസി അന്വേഷണം നടന്നതാണ്. ചുരുക്കത്തില്‍, തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വലിയ ഏനക്കേടില്‍ പെട്ടുകിടക്കുകയാണ് മോദിയും സംഘവും. റഫേല്‍ മോദിയുടെ അടപ്പൂരും എന്നാണ് ഇപ്പോള്‍ പലരും പറയുന്നത്.

Next Story

RELATED STORIES

Share it