Flash News

റണ്‍വേ ജനുവരി 15 മുതല്‍ ഭാഗികമായി അടച്ചിടും

കൊണ്ടോട്ടി: കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതിക്കായി ഒരുക്കുന്ന റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)നീളം കൂട്ടുന്നതിന് ജനുവരി 15 മുതല്‍ റണ്‍വേ 7 മണിക്കൂര്‍ ഭാഗികമായി അടച്ചിടും. ഈ സമയങ്ങളിലുള്ള വിമാനങ്ങളുടെ ഷെഡ്യൂള്‍ പുനക്രമീകരിക്കാന്‍ വിമാന കമ്പനികളോട് നോട്ടീസ് ടു എയര്‍മെന്‍(നോട്ടം)പുറപ്പെടുവിച്ച് ഡിജിസിഎ അനുമതിയായി. ജനുവരി 15 മുതല്‍ മാര്‍ച്ച് 25 വരെ ഉച്ചയ്ക്ക് 12 മുതല്‍ 2.30 വരേയും, ഉച്ചയ്ക്ക് ശേഷം 3,30 മുതല്‍ 7 മണിവരേയുമാണ് റിസ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുക. മാര്‍ച്ച് 25 മുതല്‍ ജൂണ്‍വരെ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 8 വരെയുമാണ് റണ്‍വെ അടയ്ക്കുക. ഈ സമയങ്ങളിലുള്ള വിമാനങ്ങള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനുവരി 15ന് ആരംഭിക്കുന്ന റിസ പ്രവര്‍ത്തികള്‍ ജൂണില്‍ പൂര്‍ത്തീകരിക്കും. ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ മൂന്ന് വിമാനങ്ങളുടെ സമയങ്ങളാണ് പ്രധാനമായും പുനക്രമീകരിക്കേണ്ടത്. ജെറ്റ് എയര്‍വേസ് മുംബൈയിലേക്കും, ഇന്‍ഡിഗോ ദോഹയിലേക്കും, എയര്‍ഇന്ത്യ എക്‌സ്പ്രസ് ചെന്നൈയിലേക്കുമാണ് സര്‍വീസുള്ളത്. ജെറ്റും, ഇന്‍ഡിഗോയും അടുത്തയാഴ്ചയോടെ സര്‍വീസ് പുനക്രമീകരണം പൂര്‍ത്തിയാക്കാമെന്നറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ വൈകുന്നേരമുള്ള ഇത്തിഹാദ് എയര്‍വേസിന്റെ അബൂദബി വിമാനവും പുനക്രമീകരിക്കും. റിസ നിര്‍മാണത്തിന്റെ ഭാഗമായുള്ള റണ്‍വെ ഭാഗികമായി അടയ്ക്കുന്നത് നിലവിലുള്ള വിമാന സര്‍വീസുകള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണ പറഞ്ഞു. ഷെഡ്യൂള്‍ മാറ്റം വിമാന കമ്പനികള്‍ നേരത്തെ അറിയിക്കണമെന്ന് നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. 2,850 മീറ്ററുള്ള റണ്‍വേയില്‍ നിന്ന് 150 മീറ്റര്‍ എടുത്ത് നിലവിലുള്ള 90 മീറ്റര്‍ റിസ 240 മീറ്ററാക്കുന്ന ജോലികളാണ് നടത്താനുളളത്. പ്രകാശ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് റണ്‍വേയും റിസയും വേര്‍തിരക്കുക.
Next Story

RELATED STORIES

Share it