World

റണ്‍വേക്കു മുകളില്‍ ഡ്രോണ്‍; ദുബയ് വിമാനത്താവളം അടച്ചിട്ടു

ദുബയ്: റണ്‍വേക്കു മുകളില്‍ ഡ്രോണ്‍ വിമാനം കണ്ടതിനെ തുടര്‍ന്ന് ദുബയ് രാജ്യാന്തര വിമാനത്താവളം ഇന്നലെ താല്‍ക്കാലികമായി അടച്ചിട്ടു. രാവിലെ 11.35 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയുള്ള വിമാനങ്ങളാണ് ഫുജൈറ, ഷാര്‍ജ, ജബല്‍ അലി മക്തൂം തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്.
11.35ന് ജിദ്ദയില്‍ നിന്നു വന്ന എഫ്‌സെഡ് 836 ഫ്‌ളൈ ദുബയ് വിമാനമാണ് ആദ്യം വഴിതിരിച്ചു വിട്ടത്. റണ്‍വേക്കു മുകളില്‍ ഡ്രോണ്‍ വിമാനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 69 മിനിറ്റ് റണ്‍വേ അടച്ചിട്ടതായി ദുബയ് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സെക്ടറുകളില്‍ നിന്നുള്‍പ്പെടെയുള്ള 14 എമിറേറ്റ്‌സ് വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയുണ്ടായി.
ബാക്കുവില്‍ നിന്നുള്ള അസര്‍ബൈജാന്‍ എയര്‍വെയ്‌സ്, ലബ്‌നാനില്‍ നിന്നുള്ള മിഡില്‍ ഈസ്റ്റ് എയര്‍വെയ്‌സ്, ബഹ്‌റയ്‌നില്‍ നിന്നുള്ള ഗള്‍ഫ് എയര്‍, അമ്മാനില്‍ നിന്നുള്ള ജോര്‍ദ്ദാന്‍ എയര്‍വെയ്‌സ് ഉള്‍പ്പെടെ 22 വിമാനങ്ങളാണ് മറ്റു വിമാനത്താവളങ്ങളില്‍ ഇറങ്ങിയത്. റോഡ് മാര്‍ഗമാണ് യാത്രക്കാര്‍ ദുബയിലെത്തിയത്.
വിമാനത്താവളത്തിന് 5 കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ വിമാനങ്ങള്‍ പറത്തുന്നതു കുറ്റകരമാണ്. സംഭവത്തില്‍ ദുബയ് പോലിസും സിവില്‍ ഏവിയേഷന്‍ അധികൃതരും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒന്നര വര്‍ഷത്തിനുള്ളില്‍ സമാനമായ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിമാനത്താവള പരിസരത്ത് ഡ്രോണ്‍ കണ്ടതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം റണ്‍വേ അടച്ചിരുന്നു.
സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ അനുവാദം ഇല്ലാതെ ഡ്രോണുകള്‍ പറത്തുന്നതു കുറ്റകരമാണ്. ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നായ ദുബയില്‍ കഴിഞ്ഞ വര്‍ഷം 75 ദശലക്ഷം യാത്രികരാണു എത്തിയത്. വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടതു കാരണം വന്‍ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
Next Story

RELATED STORIES

Share it