World

റഖ: യുഎസ് ആക്രമണത്തില്‍ നൂറുകണക്കിനു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി

ദമസ്‌കസ്: സിറിയയിലെ റഖയില്‍ ഐഎസിനെതിരേ യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തില്‍ നുറുകണക്കിനു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍. 2017 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നീണ്ടുനിന്ന, കുര്‍ദ് സിറിയന്‍ ഡമോക്രാറ്റിക് സേനയുടെ പിന്തുണയോടെ നടത്തിയ ആക്രമണത്തിലാണു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടത്.
സൈനിക നീക്കത്തിനിടെ ബന്ധുക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ  വിവരങ്ങള്‍ ആനംസ്റ്റിയുമായുള്ള അഭിമുഖത്തിനിടെ 112 സിവിലിയന്‍മാര്‍ വ്യക്തമാക്കിയതായും റിപോര്‍ട്ടില്‍ പറയുന്നു. ഐഎസ് വിരുദ്ധ നീക്കത്തിനിടെ നിയമവിരുദ്ധമായാണു സിവിലിയന്‍മാരെ കൊലപ്പെടുത്തിയത്. ഇത് മേഖലയില്‍ പ്രതിസന്ധി വര്‍ധിപ്പിച്ചു. ആക്രമണം നടന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടില്ല.
ഇരകള്‍ ഇപ്പോഴും നീതി പ്രതീക്ഷിച്ചിരിക്കുകയാണ്. സഖ്യസേന വ്യോമാക്രമണം നടത്തിയ 42 കേന്ദ്രങ്ങളും ആംനസ്റ്റി സംഘം സന്ദര്‍ശിച്ചു. മേഖലയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം 90 ശതമാനവും യുഎസിനാണെന്നും ഉന്‍മൂലനയുദ്ധം എന്ന പേരില്‍ പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നു. അഭിമുഖത്തില്‍ പങ്കെടുത്തവര്‍ക്ക് 90 കുടുംബാംഗങ്ങളാണു വ്യോമാക്രമണത്തില്‍ നഷ്ടമായത്. ഇതില്‍ ഒരു കുടുംബത്തില്‍  മാത്രം 39 പേര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it