World

റഖൈനില്‍ വംശീയ ഉന്‍മൂലനം തുടരുന്നു: യുഎന്‍

കോക്‌സ് ബസാര്‍: റോഹിന്‍ഗ്യരെ തിരികെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അവകാശപ്പെടുമ്പോഴും റഖൈനില്‍ മ്യാന്‍മര്‍ സൈന്യം വംശീയ ഉന്‍മൂലന നടപടികള്‍ തുടരുന്നതായി യുഎന്‍ മനുഷ്യാവകാശ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ആന്‍ഡ്ര്യൂ ഗില്‍മൊര്‍. കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാംപില്‍ പുതുതായി എത്തിയ റോഗിന്‍ഗ്യരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ വംശീയ ഉന്‍മൂലനം തുടരുകയാണ്. കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാംപില്‍ കണ്ടതും കേട്ടതുമായ വസ്തുതകളില്‍ നിന്നു മറ്റൊരു നിഗമനത്തിലെത്താന്‍ കഴിയില്ല. റോഹിന്‍ഗ്യര്‍ക്കെതിരേ വ്യവസ്ഥാപിതമായി വ്യാപക അക്രമം അഴിച്ചുവിടുകയാണ്. സമീപഭാവിയില്‍ റഖൈനിലേക്കു മടങ്ങാന്‍ ഏതെങ്കിലും റോഹിന്‍ഗ്യര്‍ തയ്യാറാവുമെന്നു സങ്കല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്നു സര്‍ക്കാര്‍ പറയുമ്പോഴും സൈന്യം റോഹിന്‍ഗ്യരെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ റോഹിന്‍ഗ്യരുടെ സുരക്ഷിതവും മാന്യവും സ്ഥായിയുമായ മടക്കം അസാധ്യമാണ്.
മ്യാന്‍മറിലെ താല്‍ക്കാലിക ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളോട് ഉടന്‍ ക്യാംപുകള്‍ ഒഴിയണമെന്നു മ്യാന്‍മര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it