World

റഖൈനില്‍ വംശീയ ഉന്‍മൂലനം തുടരുന്നു: ആനംസ്റ്റി

നേപിഡോ: റഖൈനില്‍ റോഹിന്‍ഗ്യര്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം വംശീയ ഉന്‍മൂലനം തുടരുന്നതിനു വ്യക്തമായ തെളിവുകളുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍. സ്ത്രീകളെയും കുട്ടികളെയുമടക്കം കൊള്ളയടിക്കുകയും തട്ടിക്കൊണ്ടു പോവുകയും പട്ടിണിക്കിടുകയും ചെയ്തു റഖൈനില്‍ ജീവിതം ദുസ്സഹമാക്കുകയാണു മ്യാന്‍മര്‍ സര്‍ക്കാരെന്നും ആനംസ്റ്റി ബുധനാഴ്ച പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാദേശിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചെക്‌പോയിന്റുകളില്‍ റോഹിന്‍ഗ്യന്‍ കുടുംബങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊള്ളയടിക്കുകയാണ്. ഗ്രാമങ്ങളില്‍ നിന്നു സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോവുന്നു. അവശേഷിക്കുന്നവരെ കൂടി ഭയപ്പെടുത്തി രാജ്യത്തു നിന്നു പുറത്തുചാടിക്കാനുളള നീക്കമാണിത്്. രാജ്യംവിടുന്നതിന്റെ മുഖ്യകാരണം പട്ടിണിയാണെന്നും ആനംസ്റ്റി റിപോര്‍ട്ട് ചെയ്യുന്നു. റഖൈനിലേക്കു ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കള്‍ എത്തിക്കുന്നതില്‍ സന്നദ്ധ സംഘടനകളെ മ്യാന്‍മര്‍ സൈന്യം തടയുന്നതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.   കഴിഞ്ഞ ആഗസ്ത് മുതല്‍ വടക്കന്‍ റഖൈനില്‍ നിന്ന് 6,90,000 പേരാണു രാജ്യംവിട്ടത്. കൊലപാതകം, ബലാല്‍സംഗം, ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കല്‍ എന്നിവയ്ക്ക് പകരം ഇപ്പോള്‍ കൂടുതല്‍ സൂക്ഷ്മമായ നടപടികളിലൂടെ ജനങ്ങളെ രാജ്യംവിടാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും ആനംസ്റ്റി ആരോപിക്കുന്നു.
Next Story

RELATED STORIES

Share it