റക്ബര്‍ ജീവിതം കരുപ്പിടിപ്പിച്ചത് കേരളത്തില്‍ നിന്ന്

പിഎച്ച്   അഫ്‌സല്‍

കോഴിക്കോട്: രാജസ്ഥാനിലെ ആല്‍വാറില്‍ പശുവിന്റെ പേരില്‍ സംഘപരിവാരം അടിച്ചുകൊന്ന റക്ബര്‍ ജീവിതം കരുപ്പിടിപ്പിച്ചത് സഹോദരങ്ങള്‍ കേരളത്തില്‍ ജോലിക്കെത്തിയതിനു ശേഷം. റക്ബറിന്റെ പിതൃസഹോദര പുത്രന്‍മാരായ ഹാറൂനും ഹാഷിമും കോഴിക്കോട്ടേക്ക് ജോലി തേടിയെത്തിയതോടെയാണ് റക്ബറിന്റെ കുടുംബത്തിന്റെയും പട്ടിണി മാറിയത്.
പശുക്കളെ കറന്നു കിട്ടുന്ന പാല്‍ വിറ്റും അടുത്തുള്ള ക്വാറിയില്‍ വല്ലപ്പോഴും ലഭിക്കുന്ന ജോലി ചെയ്തുമായിരുന്നു ആല്‍വാറിലെ കാല്‍ഗാവോന്‍ നൂഹ് ഗ്രാമവാസികള്‍ കഴിഞ്ഞിരുന്നത്. കഠിനാധ്വാനത്തിനു ശേഷം ദാരിദ്ര്യവും പട്ടിണിയും മാത്രം മിച്ചമാകുന്ന ജീവിത സാഹചര്യം. ഇവിടെ നിന്നാണ് 2014ല്‍ ഹാറൂനും ഹാഷിമും കേരളത്തിലേക്ക് ജോലി തേടിയെത്തുന്നത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് അടുത്തുള്ള ദേവതിയാല്‍ സ്വദേശി അര്‍ഷാദിന്റെ എക്‌സ്‌കവേറ്റര്‍ ഓപറേറ്റര്‍മാരായാണ് ഇവര്‍ ആദ്യമായി ജോലിക്കെത്തിയത്.
യൂനിവേഴ്‌സിറ്റിക്ക് സമീപമുള്ള പെട്രോള്‍ പമ്പില്‍ നിന്ന് യാദൃച്ഛികമായാണ് ഇവരെ കണ്ടുമുട്ടിയതെന്ന് അര്‍ഷാദ് പറഞ്ഞു. വാഹനത്തില്‍ പെട്രോള്‍ അടിക്കുന്നതിനിടെ ഡ്രൈവര്‍ ജോലിക്ക് ആളെ ആവശ്യമുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടാണ് ഹാറൂനും ഹാഷിമും എത്തിയത്. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷം തന്റെ എക്‌സ്‌കവേറ്ററിന്റെ ഓപറേറ്റര്‍മാരായി ജോലി നല്‍കുകയായിരുന്നുവെന്ന് അര്‍ഷാദ് പറഞ്ഞു.
ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ഇരുവരും ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് ഇവിടെ ജീവിച്ചത്. കിട്ടുന്ന പണമെല്ലാം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി മിച്ചംവച്ചു. ഇവരുടെ ഗ്രാമത്തിന്റെ അവസ്ഥ കേട്ടറിഞ്ഞ് കഴിഞ്ഞ വര്‍ഷം അര്‍ഷാദും സുഹൃത്തുക്കളും രാജസ്ഥാനിലേക്ക് പോയിരുന്നു. കല്ലുകള്‍ കൊണ്ടുള്ള എടുപ്പില്‍ പുല്ലും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞതാണ് ഗ്രാമത്തിലെ വീടുകളെല്ലാം. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമത്തില്‍ ചോര്‍ന്നൊലിക്കുന്ന ഒരു ചെറിയ പള്ളിയുമുണ്ട്. മഴക്കാലത്ത് മഴ നനഞ്ഞ് നമസ്‌കരിക്കേണ്ടി വരുന്ന ഗ്രാമവാസികളുടെ അവസ്ഥ കണ്ട് ഷീറ്റ് മേയാനും മറ്റുമായി ഇവര്‍ സഹായം ചെയ്തിരുന്നു. ചെറിയ പെണ്‍കുട്ടികള്‍ പോലും ഭക്ഷണത്തിനായി ജോലി തേടിപ്പോകുന്ന അവസ്ഥയായിരുന്നു കുടുംബത്തിന്റേത്. ഹാറൂനും ഹാഷിമും കേരളത്തിലെത്തിയതോടെയാണ് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവാന്‍ തുടങ്ങിയത്. റക്ബറിന്റെ ഏഴ് മക്കളില്‍ നാലു പേരെ സ്‌കൂളില്‍ അയക്കാന്‍ കഴിഞ്ഞു. പട്ടിണിക്കിടയിലും ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെയാണ് ഹിന്ദുത്വര്‍ റക്ബറിനെ അടിച്ചുകൊന്നത്. സഹോദരന്‍ കൊല്ലപ്പെട്ടത് അറിഞ്ഞതോടെ ഹാറൂനും ഹാഷിമും നാട്ടിലേക്ക് തിരിച്ചു. ഇവര്‍ എത്തുന്നതിനു മുമ്പുതന്നെ റക്ബറിന്റെ മയ്യിത്ത് ഖബറടക്കിയിരുന്നു.
ഹിന്ദുത്വര്‍ ആക്രമണോല്‍സുകരായ ഒറ്റ രാത്രി കൊണ്ട് റക്ബറിന്റെ കുടുംബം അനാഥമായി. പറക്കമുറ്റാത്ത ഏഴ് മക്കളുടെ ജീവിതം ഇനി സഹോദരങ്ങളുടെ കൈയിലാണ്. കേസും പോലിസ് നടപടികളുമായി ഹാറൂനും ഹാഷിമിനും അവരുടെ ഗ്രാമത്തില്‍ തന്നെ കഴിയണം. ഭീതിദമായ സാഹചര്യത്തില്‍ കുടുംബവും അനാഥമായതോടെ കേരളത്തിലേക്കുള്ള മടങ്ങിവരവും അനിശ്ചിതത്വത്തിലായി.
Next Story

RELATED STORIES

Share it