റക്ബര്‍ ഖാനെ തല്ലിക്കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ക്കു കുറ്റപത്രം

ജയ്പൂര്‍: അല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് റക്ബര്‍ ഖാനെന്ന യുവാവിനെ തല്ലിക്കൊന്ന കേസില്‍ മൂന്നു പ്രതികള്‍ക്കെതിരേ രാജസ്ഥാന്‍ പോലിസ് 25 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതികളായ പരംജിത്, നരേഷ്, ധര്‍മേന്ദര്‍ എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 302, 342, 323 വകുപ്പുകളും ഇന്ത്യന്‍ പീനല്‍ കോഡിലെ 34 വകുപ്പും ഉള്‍പ്പെടുത്തിയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, കുറ്റപത്രത്തില്‍ പോലിസുകാരുടെ പേര് ഉള്‍പ്പെട്ടിട്ടില്ല. ഇവരുടെ ആക്രമണത്തിലാണ് റക്ബര്‍ ഖാന്‍ കൊല്ലപ്പെട്ടതെന്നും പോലിസ് ഇടപെടല്‍ സംബന്ധിച്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം പുരോഗമിക്കുകയാണെന്നും അല്‍വാര്‍ ഡെപ്യൂട്ടി എസ്പി എസ് അശോക് ചൗഹാന്‍ പറഞ്ഞു. അല്‍വാറിലെ രാംഗഡിനു സമീപം ജൂലൈ 20നാണ് റക്ബര്‍ ഖാന്‍ ആക്രമിക്കപ്പെട്ടത്. പശുക്കളെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ച ശേഷമാണ് റക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലിസ് തുനിഞ്ഞത്. ഇതുമൂലം ചികില്‍സ വൈകുകയും രക്തസ്രാവം മൂലം റക്ബര്‍ ഖാന്‍ മരിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it