malappuram local

റംസാനിലെ മുത്താഴച്ചായസല്‍ക്കാരവും ശര്‍ക്കരപ്പുകയിലയും



ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി:എത്ര പറഞ്ഞാലും തീരാത്ത നോമ്പ് തുറവിശേഷങ്ങളും എത്ര വിളമ്പിയാലും അവസാനിക്കാത്ത നോമ്പ് തുറ വിഭവങ്ങളുമാണ് പൊന്നാനിക്ക.സുപ്രയില്‍ നിറയെ പാത്രങ്ങള്‍, പാത്രങ്ങള്‍ നിറയെ അപ്പങ്ങളും പലഹാരങ്ങളും .കൊതിയൂറും കാഴ്ചകള്‍ സമ്മാനിക്കുന്നതാണ് പൊന്നാനിയിലെ നോമ്പ് തുറ വിശേഷങ്ങള്‍ . ചുടു ചുടു ചുട്ടപ്പവും മുട്ടപ്പവും പഞ്ചാരപ്പാറ്റമുട്ടപ്പത്തിരി മുട്ടയില്‍ പൊരിച്ചെടുത്തൊരു നെയ്യാപ്പോറ്റഅമ്മായമ്മപ്പോരൊന്നും പെണ്ണിനോട് കാട്ടണ്ട “പൊന്നാനിയുടെ അപ്പപ്പെരുമയെ കുറിക്കുന്ന ഈ നാടന്‍പാട്ടില്‍ കോറിയിട്ടുണ്ട് പൊന്നാനിയുടെ  നോമ്പ് തുറ വിശേഷം.. കുഞ്ഞന്‍ തുറ, വലിയതുറ,  മാത്താഴം,. അത്താഴം .. അങ്ങനെയങ്ങനെ പൊന്നാനിയില്‍ നോമ്പ് തുറകള്‍ പലതാണ്. തലശേരിയേക്കാളും പേരും പെരിമയും നിറഞ്ഞതാണ് പൊന്നാനിയിലെ നോമ്പ് തുറയെന്ന് ഒരിക്കല്‍ പ്രശസ്ത സാഹിത്യകാരന്‍ എന്‍ പി മുഹമ്മദ്  എഴുതിയിരുന്നു.നോമ്പ് കാലമായാല്‍  അറയൊരുക്കി പെണ്‍ വീട്ടുകാര്‍ വിവിധ അപ്പങ്ങളുണ്ടാക്കി പുതിയാപ്പിളയെ സല്‍ക്കരിക്കും. സുപ്രയില്‍ എണ്ണിയൊലൊടുങ്ങാത്ത അപ്പങ്ങള്‍ തന്നെയാവും കേമന്‍.ചിരട്ടമാല , മുട്ടമാല, ഉന്നക്കായ, കൂന്തളപ്പം , മുട്ട സുര്‍ക്ക, എരുന്തട, മയ്യിത്തപ്പം , ചുക്കപ്പം , കിടന്തപ്പം, മാല്‍പുരി , മണ്ട , ഇറച്ചിപ്പത്തിരി .. കുഴിയപ്പം .മുട്ടപ്പത്തിരി. അല്ലാഹു അഅലം അപ്പം അങ്ങനെ തിന്നാലും തീറ്റിച്ചാലും തീരാത്ത വിഭവങ്ങള്‍ .. ഇക്കാലത്തെപോലെ പഴങ്ങളോ പൊരി വിപവങ്ങളോ പൊന്നാനിക്കാരുടെ തീന്‍മേശകളില്‍ കാണുമായിരുന്നില്ല പണ്ട്  . പുതുപുത്തന്‍ കാലത്ത് പൊരിക്കടികളും പഴവര്‍ഗങ്ങളുമാണ് നോമ്പ് തുറയില്‍ .  മരുമക്കത്തായ സമ്പ്രദായമുള്ള പൊന്നാനിയില്‍ പുതിയാപ്പിളയുടെ വീട്ടിലേക്ക് ഭാര്യ വിട്ടുകാര്‍ അപ്പങ്ങളുണ്ടാക്കി കാഴ്ച സമര്‍പ്പിക്കുന്ന രീതി ഇന്നുമുണ്ട് . പകരം ഭാര്യ വീടിന്റെ മുഴുവന്‍ ചെലവും പുതിയാപ്പിളക്കായിരിക്കും .കുഞ്ഞന്‍ നോമ്പ് തുറയും വലിയതുറയും കഴിഞ്ഞ് തറാവീഹൊക്കെ കഴിഞ്ഞാല്‍ പിന്നെ വിഭവ സമൃദ്ധമായ മുത്താഴച്ചായയാണ്  .മരുന്ന് കഞ്ഞി മുതല്‍ വിവിധ അപ്പപ്പലഹാരങ്ങള്‍ ഇതിലുമുണ്ടാകും.മുത്താഴച്ചായ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒപ്പമിരുന്നാണ് കഴിക്കുക .വലിയ തറവാട് വീടുകളില്‍ വിവിധ കുടുംബങ്ങളിലായി നിരവധി അംഗങ്ങള്‍ തന്നെയുണ്ടാകും. അതിന് ശേഷമാണ് മുത്താഴവെടി പൊട്ടിക്കുന്നത് .പലരും അണുകുടുംബങ്ങളായി പരിണമിച്ചെങ്കിലും പഴമയുടെ സൗന്ദര്യം കൈവിടാത്ത ഒത്തിരി തറവാടുകള്‍ ഇന്നും പൊന്നാനിയിലുണ്ട് .സല്‍ക്കാരങ്ങളൊഴിയാത്ത തീന്‍മേശകളാണ് പൊന്നാനിയിലെ വീടുകളിലൊക്കെയും . അടുക്കളയിലുള്ളവര്‍ ഇതിനായി രാവിലെ മുതല്‍ തുടങ്ങും അധ്വാനം. നോമ്പ് തുറ കഴിഞ്ഞാല്‍ പിന്നെ വീട്ടിലെ മുതിര്‍ന്നവര്‍ ഹുക്കയും ശര്‍ക്കരപ്പുകയിലയുമായി വീടിന്റെ ഉമ്മറത്ത് എത്തും .പൊന്നാനിയില്‍ മാത്രമുള്ള ആചാരമാണ് ശര്‍ക്കരപുകയില വലിക്കല്‍ .ആന ബീഡി, യു കെ ബീഡി, ചാന്ദിലാല്‍ ബീഡി, ഇസ്മായില്‍ ബീഡി , ഒരു കാലത്ത് പൊന്നാനി അങ്ങാടിയില്‍നിന്ന് പുറത്തിറങ്ങിയ ബീഡികളായിരുന്നു ഇതെല്ലാം . ആന ബിഡിക്ക് സിലോണില്‍ പോലും ആവശ്യക്കാരുണ്ടായിരുന്നു .. ശര്‍ക്കരപ്പുകയിലകളും ഇവര്‍ തന്നെയാണ്  പുറത്തിറക്കിയിരുന്നത് . ശര്‍ക്കരപ്പുകയിലകള്‍ വലിച്ച് നേരം കളയുന്നത് റമദാനിലെ ഒരു വിനോദമാണ് പൊന്നാനിയില്‍ . വലിയ തറവാടുകളിലെ പ്രായം ചെന്നവരുടെ  വിനോദം.  അറബികളില്‍ നിന്ന് പകര്‍ന്ന് കിട്ടിയ ഈ സ്വഭാവം ബഹുസ്വര സ്വഭാവത്തിന്റെ സൂചനയാണ് . ഹുക്കയില്‍ വെച്ചാണ് ശര്‍ക്കരപ്പുകയില വലിക്കുക .ഇന്നും ചുരുക്കം ചില വീടുകളില്‍ ഒരു പുരാവസ്തുമാത്രമായി  ഹുക്കകള്‍  കാണാം
Next Story

RELATED STORIES

Share it