രോഹിത് വെമുലയുടെ മരണം: കേന്ദ്രത്തിനെതിരേ ബിജെപി നേതാവ് സഞ്ജയ് പാസ്വാന്‍

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സഞ്ജയ് പാസ്വാന്‍. സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ബന്ദാരു ദത്താത്രേയയും ഗുരുതരമായ അനാസ്ഥയാണു കാണിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയിറക്കണം. ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപിയുടെ ദലിത് മുഖം കൂടിയായ സഞ്ജയ് പാസ്വാന്റെ വിമര്‍ശനം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ബിജെപിയുടെ പട്ടികജാതി വിഭാഗത്തിന്റെ തലവനായിരുന്ന പാസ്വാന്‍ ഇപ്പോള്‍ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗമാണ്.
അതേസമയം, രോഹിതിന്റെ മരണത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ബിജെപിയുടെ ഘടകകക്ഷിയായ എല്‍ജെപി ആവശ്യപ്പെട്ടു. സിബിഐയോ മറ്റ് ഏതെങ്കിലും സ്വതന്ത്ര ഏജന്‍സിയോ കേസ് ഏറ്റെടുക്കണമെന്നാണ് എല്‍ജെപിയുടെ ആവശ്യം.
എല്‍ജെപി പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചിരുന്നു. ഇതുസംബന്ധിച്ച റിപോര്‍ട്ട് എല്‍ജെപി നേതാവും കേന്ദ്രമന്ത്രിമായുമായ രാംവിലാസ് പാസ്വാനു സമര്‍പ്പിക്കുമെന്ന് പാര്‍ട്ടി നേതാവ് രാമചന്ദ്ര പാസ്വാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it