രോഹിത് വെമുലയുടെ ആത്മഹത്യ; ജുഡീഷ്യല്‍ അന്വേഷണം

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രാലയം തീരുമാനിച്ചു. മൂന്നുമാസത്തിനകം കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കും.
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്തള്ളപ്പെട്ട വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമായി പ്രത്യേക കര്‍മപദ്ധതി നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാര്‍ഡന്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, രജിസ്ട്രാര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നിര്‍ബന്ധമാക്കും. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും. വിദ്യാര്‍ഥികളുടെ പരാതികള്‍ സ്വീകരിച്ച് ഉടനെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക സംവിധാനം രൂപീകരിക്കും.
കാംപസിനകത്ത് എന്തെങ്കിലും തരത്തിലുള്ള വിവേചനം യാതൊരു കാരണവശാലും അനുവദിക്കില്ല. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രത്യേക ചട്ടം പ്രഖ്യാപിക്കും.
ഗാന്ധിനഗര്‍ ഐഐടിയില്‍ നിലവിലുള്ള പീര്‍ ഗ്രൂപ്പ് അസിസ്റ്റഡ് ലേണിങ് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതനുസരിച്ച് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശികളുടെ സേവനം ലഭ്യമാക്കും. പഠനത്തില്‍ മത്രമല്ല, സ്ഥാപനത്തില്‍ നേരിടുന്ന മറ്റു വെല്ലുവിളികള്‍ അതിജീവിക്കാനും സഹായിക്കും.
Next Story

RELATED STORIES

Share it