രോഹിത് വെമുലയുടെ ആത്മഹത്യ; ഉത്തരവാദികള്‍ ആര്‍എസ്എസും കേന്ദ്രസര്‍ക്കാരുമെന്ന് പിണറായി വിജയന്‍

മാനന്തവാടി/തിരുവനന്തപുരം: ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദലിത് വിദ്യാര്‍ഥി രോഹിതിന്റെ ആത്മഹത്യക്ക് ഉത്തരവാദികള്‍ ആര്‍എസ്എസ് ഉള്‍പ്പെടുന്ന സംഘപരിവാര സംഘടനകളും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരുമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള യാത്രയ്ക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദലിതരെ മനുഷ്യരായിപോലും കണക്കാക്കാത്ത ചാതുര്‍വര്‍ണ്യത്തിന്റെ വക്താക്കളാണ് ബിജെപിയെ നയിക്കുന്നത്. ഈ കൂടാരത്തിലേക്കാണ് കേരളത്തില്‍ നിന്ന് എസ്എന്‍ഡിപിയെയും ചില പട്ടികവിഭാഗ സംഘടനകളെയും ആനയിക്കുന്നതെന്നും പിണറായി പറഞ്ഞു. മുനിസിപ്പല്‍ പ്രസിഡന്റ് പ്രവീജ് അധ്യക്ഷത വഹിച്ചു. പി വി രാമകൃഷ്ണന്‍, സി കെ ശശീന്ദ്രന്‍, എ എന്‍ പ്രഭാകരന്‍, എം ബി രാജേഷ്, പി കെ സൈനബ സംസാരിച്ചു.
രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ കേന്ദ്രമന്ത്രിയെയും വൈസ് ചാന്‍സലറെയും പുറത്താക്കി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ കേസെടുത്ത നടപടി രാജ്യമെങ്ങും അലയടിച്ചുയരുന്ന പ്രതിഷേധം തണുപ്പിക്കാനുള്ള പൊടിക്കൈ മാത്രമാണ്. ദലിത്പീഡന വകുപ്പുപ്രകാരം കേസെടുത്ത് ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തയ്യാറാവണം.
ബിജെപിയും സംഘപരിവാരവും രാജ്യമെങ്ങും പടര്‍ത്തുന്ന അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് രോഹിത് വെമുല. എബിവിപി പ്രവര്‍ത്തകര്‍ നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് രോഹിത് അടക്കമുള്ള ദലിത് വിദ്യാര്‍ഥികളെ കോളജില്‍ നിന്നു പുറത്താക്കിയത്. ബിജെപിയുടെ ചാതുര്‍വര്‍ണ്യ സംസ്‌കാരത്തിന്റെ നീചമായ പ്രകടനമാണ് രോഹിതിന്റെ ആത്മഹത്യക്ക് ഇടയാക്കിയത്. കേന്ദ്രമന്ത്രിയും വൈസ് ചാന്‍സലറും ചേര്‍ന്ന് ദലിത് വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ആത്മഹത്യയിലേക്കു നയിച്ചത് ഏറെ ഗൗരവമുള്ള കാര്യമാണ്. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന ഇവര്‍ക്ക് എളുപ്പത്തില്‍ കേസ് തേച്ചുമാച്ചു കളയാന്‍ കഴിയും. അതുകൊണ്ട് ഇവരെ രണ്ടുപേരെയും അധികാരസ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തി അന്വേഷണം നടത്താനും നടപടിയെടുക്കാനും തയ്യാറാവണം. കേന്ദ്ര മാനവശേഷി മന്ത്രിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it