രോഹിത്: രാഹുലിനെതിരേ കേന്ദ്ര മന്ത്രിമാരും-ബിജെപിയും

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷകനും ദലിത് വിദ്യാര്‍ഥി സംഘടനാ നേതാവുമായ രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും രോഹിതിന്റെ കുടുംബവും തുടരുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച് ഇന്നലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരാഹാരസമരം നടത്തി.
വിഷയവുമായി ബന്ധപ്പെട്ട് കാമ്പസില്‍ സമരം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഹുല്‍, സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നിറഞ്ഞ ഒരു യുവജീവിതമാണ് ഇല്ലാതാക്കപ്പെട്ടതെന്നും നീതിക്കു വേണ്ടിയുള്ള തങ്ങളുടെ സമരത്തി ല്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന രോഹിതിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഭ്യര്‍ഥന മാനിച്ചാണ് താനിവിടെ വന്നിരിക്കുന്നതെന്നും പറഞ്ഞു.
അനീതിയും മുന്‍വിധിയുമില്ലാത്ത ഇന്ത്യ സ്വപ്‌നം കാണുന്ന ഓരോ വിദ്യാര്‍ഥികളോടുമുള്ള കടമ കൂടിയാണ് രോഹിതിന് ലഭിക്കേണ്ട നീതിയെന്ന് രാഹുല്‍ പറഞ്ഞു.
സമരത്തിനു ശേഷം വൈകീട്ട് നടത്തിയ പ്രസ്താവനകളില്‍ രാഹുല്‍ മോദിയെയും ആ ര്‍എസ്എസ്സിനെയും പേരെടുത്ത് വിമര്‍ശിച്ചു. മുകളില്‍നിന്ന് ഒരു ആശയം മാത്രം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചുകൊണ്ട് ഇന്ത്യ ന്‍ വിദ്യാര്‍ഥികളുടെ സ്പിരിറ്റ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതാണ് മോദിയോടും ആര്‍എസ്എസ്സിനോടുമുള്ള തന്റെ പ്രധാന എതിര്‍പ്പിന് കാരണമെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. നിങ്ങളുടെ ആശയം ഈ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് രാഹുല്‍ ആര്‍എസ്എസ്സിനോടും മോദിയോടും ആവശ്യപ്പെട്ടു. ഇന്ത്യ വികസിക്കണമെന്നാണ് താങ്കളുടെ ആഗ്രഹമെങ്കില്‍ ഈ രോഹിതിനെപ്പോലുള്ള വിദ്യാര്‍ഥികളുടെ കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരമുണ്ടാവണമെന്നും എന്നാല്‍ സ്വന്തം കോളജുകളിലും സര്‍വകലാശാലകളിലും വിവേചനത്തിനിരയാവുകയാണെന്ന് തോന്നുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ മോദിയോട് പറഞ്ഞു. സര്‍വകലാശാലകളിലെ വിവേചനങ്ങളെ നേരിടുന്നതിന് നിയമം കൊണ്ടുവരണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനമെന്നതിന് പുറമെ രോഹിത് വെമുലയുടെ ജന്മദിനം എന്ന പ്രത്യേകതകൂടി ജനുവരി 30നുണ്ട്. രോഹിതിന്റെ അമ്മയും രാഹുലിനൊപ്പം നിരാഹാര സമരത്തില്‍ പങ്കെടുത്തു.
അതിനിടെ രോഹിത് ആത്മഹത്യയെ കോണ്‍ഗ്രസ് രാഷ്ടീയമായി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി കേന്ദ്രസര്‍ക്കാരും ബിജെപിയും രംഗത്തുവന്നു. കോണ്‍ഗ്രസ് മുതലക്കണ്ണീരൊഴുക്കുകയാണെന്നായിരുന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതേ കാമ്പസില്‍ ഒമ്പത് ദലിത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിരുന്നുവെന്നും എന്നാല്‍, രാഹുലിന് ഒരിക്കല്‍പോലും അവിടെ ചെല്ലാന്‍ തോന്നിയിരുന്നില്ലെന്നും പകരം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണങ്ങളുടെ ഫലം പുറത്തുകൊണ്ടുവരാന്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും നായിഡു പറഞ്ഞു.
രാഹുലും കോണ്‍ഗ്രസ്സും വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് കേന്ദ്ര മന്ത്രിമാരായ നിഥിന്‍ ഗഡ്കരി, ബിരേന്ദര്‍ സിങ് എന്നിവര്‍ പറഞ്ഞു.
എന്നാല്‍, ഈ ആരോപണങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് തിരിച്ചടിച്ചു. രോഹിതിന്റെ ആത്മഹത്യ രാഷ്ട്രീയ വിഷയമാവാന്‍ കാരണം ബിജെപി തന്നെയാണ.് എബിവിപി നേതാവിന്റെ പരാതിയുടെ പേരില്‍ ദലിത് വിദ്യാര്‍ഥികള്‍ക്കെതിരേ മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചത് കേന്ദ്ര മന്ത്രി ദത്താത്രേയയായിരുന്നുവെന്ന് ഓര്‍മിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പിന്നീട് വിഷയത്തില്‍ സമൃതി ഇറാനി സര്‍വകലാശാലയ്ക്ക് അഞ്ച് കത്തുകളാണ് അയച്ചതെന്നും ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it