രോഹിത് പറയാതെ പറയുന്നത്

രോഹിത് പറയാതെ പറയുന്നത്
X
slug-a-bരോഹിത് വെമുലയുടെ ആത്മഹത്യാകത്ത് തത്ത്വചിന്താപരമായിരുന്നു: മനസ്സ് ശൂന്യമായിരിക്കുന്നു. അതുകൊണ്ട് ആരോടും പരിഭവമില്ലാതെ ജീവിതം അവസാനിപ്പിക്കുന്നു.
അതേസമയം, കാതലായ ഒരു നൊമ്പരം അതിലുണ്ടുതാനും: മനുഷ്യനെ ഒരു മനസ്സായി ആരും കാണുന്നില്ല. മറിച്ച് ഒരു ഐഡന്റിറ്റിയായി, ഒരക്കമായി, ഒരു വോട്ടായി ഒക്കെ കാണുകയും ചെയ്യുന്നു. അങ്ങനെ കാണുന്നിടത്ത് ജീവിച്ചിട്ടു കാര്യമില്ല. അതുകൊണ്ട് യാത്രയാവുന്നു.
ഒരു മാസം മുമ്പ് അയാള്‍ മറ്റൊരു കത്തെഴുതിയിരുന്നു. സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ക്ക്. അതില്‍ രണ്ടു വസ്തുക്കള്‍ ആവശ്യപ്പെട്ടിരുന്നു: അല്‍പം വിഷം, അല്ലെങ്കില്‍ ഒരുമുഴം കയര്‍. അധഃസ്ഥിതരാക്കപ്പെട്ട ജനവിഭാഗങ്ങളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം ചെയ്യാനെത്തുന്ന വിദ്യാര്‍ഥികളുടെ അവശ്യവസ്തുക്കള്‍. അത്തരം കുട്ടികള്‍ എങ്ങനെ ശൂന്യരാക്കപ്പെടുന്നു എന്നതിന്റെ പൊരുള്‍ ആ കത്ത് ധ്വനിപ്പിക്കുന്നു. നൂറ്റാണ്ടുകളിലൂടെ അവര്‍ അധഃസ്ഥിതരാക്കപ്പെട്ടു, ജനായത്തകാലത്ത് അവര്‍ മാനസികമായി ശൂന്യരാക്കപ്പെടുന്നു.
ഈ രണ്ടു കത്തുകള്‍ക്കിടയിലൂടെ ഒരു മൂന്നാംകത്ത് തെളിഞ്ഞുവരുന്നുണ്ട്. രോഹിത് എഴുതാത്ത ഒന്ന്. അത് എഴുതിക്കൊണ്ടേയിരിക്കുന്നത് നമ്മള്‍ ഭരതീയരാണ്. മനുഷ്യരാശി ഇന്നോളം കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും ശക്തമായ വിഭജന രാഷ്ട്രീയയുദ്ധത്തിന്റെ എഴുത്തോല. ഇന്ത്യന്‍ ജാതിവ്യവസ്ഥ. അപ്പോള്‍ ചോദിക്കാം, പടിഞ്ഞാറന്‍ വംശീയത എന്താ ഭേദമാണോ എന്ന്. ഒട്ടുമല്ല. പക്ഷേ, രണ്ടും തമ്മില്‍ കാതലായ ചില വ്യത്യാസങ്ങളുണ്ട്. ജാതി മേയുന്നതും മേയ്ക്കപ്പെടുന്നതും ആത്മീയപദ്ധതികളുടെ ആല്‍മരത്തണലിലാണ്. വംശീയതയുടെ കഥ വേറെയാണ്.
ആദികാലത്ത് മനുഷ്യന്‍ പ്രകൃതിയോട് മല്ലടിക്കുകയായിരുന്നു, കഷ്ടിച്ചൊന്നു കഴിഞ്ഞുപോവാന്‍. അതിജീവനം മാത്രമായിരുന്നു അക്കാലത്തെ ജീവിതസമരം. ധൈഷണികതയൊന്നും പ്രയോഗത്തിലായിരുന്നില്ല. പിന്നീട്, പിടിച്ചുനില്‍പ്പ് പറ്റുമെന്നു വന്നതോടെയാണ് ബുദ്ധി, അതിജീവനത്തിനപ്പുറമുള്ള അധ്വാനങ്ങളിലേക്കു കടക്കുന്നത്. അങ്ങനെ ഭൂമിയില്‍ സംസ്‌കാരങ്ങളുണ്ടായി. വിഭവങ്ങളും സമ്പത്തും അതിന്മേലുള്ള അവകാശങ്ങളുമായി സംസ്‌കാരത്തിന്റെ കേന്ദ്രപ്രമേയം. സത്യത്തില്‍, അലിഖിതമായ ഒരു പൊതുസമ്മതിയായിരുന്നു ഏതു സംസ്‌കാരത്തിന്റെയും അച്ചുതണ്ട്. പൊതു ഇടത്തില്‍ സകലതും പങ്കിടാനുള്ള ഒരു കരാര്‍. ഈ കരാര്‍ ലംഘിക്കപ്പെടാന്‍ എളുപ്പമാണല്ലോ. അങ്ങനെ പൊതുവാകേണ്ടത് പലതും ചിലര്‍ കൈയടക്കുകയും മറ്റുള്ളവര്‍ക്ക് അതൊക്കെ അന്യമാവുകയും ചെയ്യുന്നു. കൈയടക്കിയവര്‍ സംഗതി നിലനിര്‍ത്താന്‍ മറ്റുള്ളവരുമായി സംഘര്‍ഷത്തിലാവുന്നു. കൈയടക്കപ്പെട്ടതിന്റെ ബലം ആദ്യകൂട്ടരെ ശക്തരും മറ്റുള്ളവരെ ദുര്‍ബലരുമാക്കി. ദുര്‍ബലര്‍ പ്രത്യാശകളില്‍ അഭയം കണ്ടു; സംഘര്‍ഷം തങ്ങള്‍ക്ക് അനുകൂലമായി വിജയിപ്പിക്കാന്‍ പറ്റിയ വിപ്ലവകാരികള്‍ വരുമെന്ന പ്രതീക്ഷയില്‍. വരുക തന്നെ ചെയ്തു. ദൈവദൂതരുടെ വേഷത്തിലും ഭൗതിക വിപ്ലവകാരികളുടെ വേഷത്തിലുമൊക്കെ. സെമിറ്റിക് മതങ്ങള്‍ തൊട്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം വരെ ആ ഭൂമികയില്‍ ഉദിച്ചതാണ്. ഉള്ളവന്റെ അടിച്ചമര്‍ത്തലിനെതിരായി ദുര്‍ബലന്റെ വിപ്ലവം.
ഇന്ത്യന്‍ കഥ വ്യത്യസ്തമാണ്. പുരോഹിതനായിരുന്നു സമൂഹത്തിലെ ശക്തികേന്ദ്രം. മരുന്നും മന്ത്രവും മായാജാലവും കുത്തകയാക്കി ആ വര്‍ഗം ശക്തി കാത്തു. വേദങ്ങള്‍ നോക്കുക. അവയിലൊന്നും അടിസ്ഥാനപരമായി ദൈവസങ്കല്‍പമില്ല. പുരോഹിതവര്‍ഗത്തിന്റെ ആധിപത്യത്തിനു വേണ്ട തന്ത്രമന്ത്രങ്ങളാണ് ആത്മീയപദ്ധതികളായി അവതരിപ്പിക്കപ്പെട്ടത്. ഇതിന്റെ ഫലമായി സമൂഹത്തില്‍ പുരോഹിതാധിപത്യ ചടങ്ങുകളുടെയും ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും പൂരമായി. സത്യത്തില്‍ ഉപനിഷദ് ചിന്തകരും ഭാഗവതകാരന്മാരും ഉയര്‍ന്നുവന്നതുതന്നെ വൈദികമതത്തിന്റെ ഈ അനാചാരങ്ങള്‍ക്കും ദുഷ്പ്രമാണിത്തത്തിനും എതിരേയാണ്. ഏത് എതിര്‍പ്പുയരുമ്പോഴും ആ എതിര്‍പ്പിന്റെ വാദമുഖങ്ങളെ വക്രീകരിച്ച് ഉള്‍പ്പെടുത്തിക്കൊണ്ടാണ് വൈദികമതം പിടിച്ചുനിന്നതും പുഷ്ടിപ്പെട്ടതും എന്നതാണ് ഫലിതം. ഉദാഹരണമായി, വൈദികബ്രാഹ്മണരുടെ ആദ്യകാല ലക്ഷ്യസങ്കല്‍പത്തില്‍ നാലു ഘടകങ്ങളാണുണ്ടായിരുന്നത്: കാമം, അര്‍ഥം, ധര്‍മം, സംസാരം. എന്നുവച്ചാല്‍ ആഗ്രഹം, സമ്പത്ത്, നിയമം, ആത്മാവിന്റെ കൂടുമാറ്റം. ബ്രാഹ്മണമതത്തെ തുരത്താന്‍ ആവിര്‍ഭവിച്ച ഉപനിഷദ് ചിന്തയും ഭാഗവതചിന്തയും ശക്തിപ്പെട്ടപ്പോള്‍ ബ്രാഹ്മണര്‍ ഭേദഗതി വരുത്തി- 'സംസാര'ത്തിനു പകരം മോക്ഷത്തെ പ്രതിഷ്ഠിച്ചു- ആത്മാവ് കൂടുമാറുന്നില്ല. പകരം സ്വയം വിമോചിപ്പിച്ച് പരബ്രഹ്മവുമായി ലയിക്കുക! ഇങ്ങനെ വൈരുധ്യങ്ങളുടെയും വിരോധാഭാസങ്ങളുടെയും ഭാണ്ഡമായി തുടരുമ്പോഴും പുരോഹിതവര്‍ഗം ജാതിധര്‍മത്തെ ഉയര്‍ത്തിവച്ചു. ചില മനുഷ്യരെ കുറഞ്ഞവരായി കല്‍പിച്ചാലേ പലയിനം സേവകരുടെ നിര ലഭ്യമാവൂ. സ്വന്തമായി ആ വക സേവകളൊന്നും ചെയ്യുകയും വേണ്ട. ചുരുക്കത്തില്‍ തട്ടുകളുടെ അടിസ്ഥാനത്തിലുള്ള ശ്രേണീബദ്ധതയാണ് സാമൂഹികാധികാരം കാക്കാന്‍ ഇന്ത്യയിലെവിടെയും പുരോഹിതവര്‍ഗം ശ്രമിച്ചത്. ഈ തട്ടുകള്‍ നിലനിര്‍ത്താന്‍ അവര്‍ ആത്മീയതയെ ന്യായമുക്തിയാക്കുകയും ചെയ്തു. അങ്ങനെ ഉള്ളവനും ഇല്ലാത്തവനും എന്ന വിഭജനത്തിനപ്പുറം ഉള്ളവര്‍ക്കിടയിലും ഇല്ലാത്തവര്‍ക്കിടയിലും ഭദ്രമായ കീഴ്-മേല്‍ തട്ടുകള്‍ പണിതുയര്‍ത്തി. അത് ദൈവസൃഷ്ടിയാണെന്ന ആത്മീയ പ്രചാരണവും അതിനു വേണ്ട താത്വിക വ്യാഖ്യാനങ്ങളും നടത്തി. വിഷയം ദൈവികമാവുമ്പോള്‍ ചോദ്യംചെയ്യാന്‍ മനുഷ്യര്‍ക്കു പേടിയുണ്ടാവുമല്ലോ. പേടി മാത്രമല്ലിവിടെ പ്രശ്‌നം. ആയിരത്താണ്ടുകളിലൂടെ അതൊരു മാനസികമുദ്രയായി പതിയും. പരിണാമസിദ്ധാന്തത്തില്‍ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ക്രോമസോമിലൂടെയുള്ള പുലര്‍ച്ച ഇനിയും വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല. പക്ഷേ, അതൊരു പരിണാമയാഥാര്‍ഥ്യമാണ്.
ജാതിരഹിതമായ സെമിറ്റിക് മതങ്ങള്‍ക്കുപോലും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സ്വഭാവം കൈമോശം വരുന്നത് ഇന്ത്യന്‍ ജാതീയവ്യവസ്ഥയുടെ ഈ പരിണാമശക്തി എത്ര രൂഢമൂലമാണെന്ന് തെളിയിക്കുന്നുണ്ട്. ഉദാഹരണമായി ബിഹാറിലും ബംഗാളിലും 'ജാതിയില്‍ കൂടിയ' മുസ്‌ലിംകളും കുറഞ്ഞവരുമുണ്ട്. ഖുറൈശികളും റിസ്‌വികളും സയ്യിദും മാലിക്കും വരേണ്യരായിരിക്കെ കുഞ്ജറയും ഹലാല്‍ഖോറും കലാലും താഴ്ന്ന പടിക്കാരായിരിക്കുന്നു. ക്രിസ്തുമതത്തെ ജാതിഭൂതം പിടികൂടിയതിനു കേരളംപോലെ ലക്ഷണമൊത്ത തെളിവു വേറെ വേണോ- പുലയ ക്രിസ്ത്യാനിയും നാടാര്‍ ക്രിസ്ത്യാനിയും തൊട്ട് എത്രയോ ഇനങ്ങള്‍. അവര്‍ക്ക് പള്ളി വേറെ, സെമിത്തേരി വേറെ.
ഇവ്വിധം ശ്രേണീബദ്ധതയില്‍ ഊന്നിയ സാമൂഹിക രാഷ്ട്രീയനിര്‍മിതിയായ ജാതിവ്യവസ്ഥയെ സമീപിക്കുന്നതില്‍ ചരിത്രത്തിലുടനീളം ഇന്ത്യക്കാര്‍ പരാജയപ്പെട്ടു എന്നിടത്താണ് പ്രശ്‌നമര്‍മം. ഒന്നാമത്, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വിത്തായ വിപ്ലവ സങ്കല്‍പങ്ങള്‍ ശ്രേണിയില്‍ അടിസ്ഥാനപ്പെടുത്തിയ വിഭജനതന്ത്രത്തെ നേരിടാന്‍ പര്യാപ്തങ്ങളല്ല. തെരുവുഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ വ്യോമയാന നിയമങ്ങള്‍ക്ക് പറ്റുമോ?
ജാതീയതയുടെ മര്‍മം കിടക്കുന്നത് ആത്മീയ പദ്ധതികളിലാണ്. പച്ചയ്ക്കു പറഞ്ഞാല്‍ ഇന്ത്യന്‍ മതങ്ങളില്‍. ഈ ലളിതനേര് ആദ്യം ഉന്നയിച്ചത് ചാര്‍വാകരാണ്. എന്നുവച്ചാല്‍, വേദങ്ങളെ അംഗീകരിക്കുന്നതും അല്ലാത്തതുമായ എല്ലാത്തരം ഇന്ത്യന്‍ മതചിന്താപദ്ധതികളെയും ചോദ്യംചെയ്തവര്‍. അത്തരക്കാരായിരുന്നു നാട്ടിലെ മഹാഭൂരിപക്ഷം സാധാരണ മനുഷ്യരും. അതുകൊണ്ടാണ് അവരുടെ 'മത'ത്തെ ലോകായതം എന്നു വിളിച്ചത്. വാ കൊണ്ടു പറയുന്നത്, വ്യാപകമായി പറയപ്പെടുന്നത് എന്ന അര്‍ഥത്തിലാണ് അക്കൂട്ടരെ ചാര്‍വാകര്‍ എന്നു വിളിച്ചത്. ഇപ്പറഞ്ഞ മഹാഭൂരിപക്ഷത്തിന്റെ നിലപാടിനെ പുച്ഛിച്ചും തല്ലിയൊതുക്കിയും സ്ഥാപിച്ചെടുത്തതാണ് ഭാരതീയമതങ്ങളൊക്കെയും. സാംഖ്യം തൊട്ട് വേദാന്തം വരെയുള്ള ആത്മീയമതങ്ങളും ജൈനം തൊട്ട് ബുദ്ധമതം വരെയുള്ള നാസ്തികരും ഒരുപോലെ പേടിച്ചിരുന്നത് ലോകായതത്തെയാണെന്നതിന് സംഗതമായ ഒരു ചരിത്രസാക്ഷ്യമുണ്ട്. മറ്റെല്ലാ ചിന്താപദ്ധതിയുടെയും പ്രമാണഗ്രന്ഥങ്ങള്‍ തൊട്ട് വ്യാഖ്യാനങ്ങള്‍ വരെ ഇന്നും ലഭ്യമാണെന്നിരിക്കെ ചാര്‍വാകരുടെ ഒരൊറ്റ ഗ്രന്ഥമോ മൗലികരേഖയോ ഭൂമിയിലില്ല. സര്‍വം കത്തിച്ചുകളഞ്ഞു. പിന്നെ, അവയെക്കുറിച്ച് സൂചനകള്‍ കിട്ടുന്നതോ- എതിര്‍ത്തു തോല്‍പിക്കാനും പരിഹസിച്ചു മിടുക്കരാവാനും വേണ്ടി മറ്റു മതങ്ങളുടെ ആചാര്യന്മാരും പണ്ഡിതഗണവും തരംപോലെ എടുത്തുദ്ധരിച്ച ഉദ്ധരണികള്‍ വഴി മാത്രം!
പൊരുളിത്രയേയുള്ളൂ: ബഹുഭൂരിപക്ഷം വരുന്ന പൗരാവലിയെ സാമൂഹികമായും സാമ്പത്തികമായും കീഴ്‌പ്പെടുത്തിവയ്ക്കാന്‍ വേണ്ട രാഷ്ട്രീയശക്തിക്ക് പ്രാഥമികമായി അവരുടെ വാ മൂടി കെട്ടുക. സംവാദങ്ങളില്‍ അവര്‍ക്ക് ഇടംകൊടുക്കരുത്. 'വലിയ വലിയ' കാര്യങ്ങള്‍ പറയാന്‍ അവര്‍ യോഗ്യരല്ല; പൊന്നുരുക്കും പൂച്ചയുമായുള്ള ബന്ധമേ ചിന്തയും പൊതുജനവുമായുള്ളൂ. ഈ കല്‍പിത വരേണ്യതയുടെ പിന്‍ബലത്തിലാണ് ഇന്ത്യയില്‍ കാര്യങ്ങള്‍ നടമാടിയിരുന്നത്. ആ ശ്രേണീബദ്ധത പൊളിച്ചുകളയാന്‍ ഒരൊറ്റ ഇന്ത്യന്‍ മതവും അടിസ്ഥാനപരമായി ഉദ്യമിച്ചില്ല. മിക്കവയും അതു സംരക്ഷിക്കാനുള്ള തീവ്രയത്‌നത്തിലാണ് പന്തലിച്ചതും. ഈ തട്ടുകല്‍പനയുടെ വിത്തുപാടമാണല്ലോ വിദ്യാഭ്യാസരംഗം. വേദം കേള്‍ക്കുന്ന ശൂദ്രന്റെ കാതില്‍ ഈയമൊഴിക്കുന്ന വിദ്യാസങ്കല്‍പത്തില്‍നിന്ന് വരേണ്യജാതികള്‍ക്ക് 'സംവരണം' ചെയ്ത ഉന്നത വിദ്യാകേന്ദ്രങ്ങളിലേക്ക് ലോകം പുരോഗമിച്ചതൊക്കെ നമുക്കറിയാം. ജനായത്ത ഭരണക്രമം വന്നതോടെ ഈ കാര്യക്രമത്തിന് ഇതാദ്യമായി വെല്ലുവിളി നേരിട്ടു.
1950കളില്‍ ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ കടുകുവറക്കാന്‍പോലുമില്ലായിരുന്നു അധഃസ്ഥിതവിഭാഗങ്ങള്‍. ക്രമേണ അവര്‍ മേലേത്തലങ്ങളില്‍ മുഖംകാട്ടിത്തുടങ്ങി. മണ്ഡല്‍കാലത്തോടെ ആ കടന്നുവരവിന് ആക്കം കൂടി. കാതില്‍ ഈയമൊഴിക്കാന്‍ പുതിയ തന്ത്രങ്ങളിറങ്ങി. മണ്ഡല്‍ വിരുദ്ധത, മെറിറ്റ് പ്രേമം ഇത്യാദി. പുറമേക്ക് ഈ വിക്ഷോഭങ്ങള്‍ വരുമ്പോഴും ഉന്നത വിദ്യാകേന്ദ്രങ്ങളുടെ അകപ്പുരകള്‍ ജാതീയമായ ഒതുക്കിന്റെയും അവഗണനയുടെയും അവഹേളനങ്ങളുടെയും തട്ടകങ്ങളായി തുടര്‍ന്നു. വാസ്തവത്തില്‍ ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെ ശ്രേണീബദ്ധത തകര്‍ന്നുതുടങ്ങുന്നു എന്ന തിരിച്ചറിവിന്റെ ഫലമായ ആധിവ്യാധികളാണ് വരേണ്യവിഭാഗങ്ങള്‍ പ്രകടിപ്പിക്കുന്നത്. ഇപ്പറഞ്ഞ ശ്രേണീയതയുടെ മുഖ്യ ഇന്ധനങ്ങളായ മതവും സാമ്പത്തികതയും തന്നെയാണ് അവര്‍ പ്രതിരോധായുധങ്ങളായി ഇന്നും ഉപയോഗിക്കുന്നത്. ഉദാഹരണമായി, ഹൈദരാബാദ് സര്‍വകലാശാലയില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് രണ്ടു കേന്ദ്രമന്ത്രിമാര്‍. അതിനവര്‍ക്കുള്ള ന്യായം- ഈ വിദ്യാര്‍ഥികള്‍ യാക്കൂബ് മേമന്‍ വധത്തില്‍ പ്രതിഷേധിച്ചു, മുസഫര്‍നഗര്‍ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രചരിപ്പിച്ചു. രണ്ടും ഇന്ത്യന്‍ മുസ്‌ലിംകളുടെ പക്ഷത്തുനിന്നുള്ള ആഖ്യാനങ്ങള്‍. അങ്ങനെ ചെയ്യുന്നത് രാജ്യദ്രോഹം!
രോഹിത് വെമുലയടക്കമുള്ള വിദ്യാര്‍ഥികള്‍ കണ്ണിലെ കരടായപ്പോള്‍ അവരുടെ സ്റ്റൈപ്പന്റ് തടഞ്ഞു, പഠനവേദിയില്‍നിന്നു പുറത്താക്കി. പഠനത്തിനുള്ള ജീവനാഡി മുറിച്ചുകളയുന്നു എന്നര്‍ഥം. മനസ്സില്‍ ശൂന്യത അനുഭവപ്പെടാനും ജീവിതം മടുക്കാനും ഇതില്‍പരം എളുപ്പവിദ്യയുണ്ടോ? വൈദികമതത്തിന്റെ തന്ത്രസമുച്ചയം ഇന്നും സുഗമമായി പ്രവര്‍ത്തിക്കുന്നു; പുതിയ രൂപഭാവങ്ങളില്‍. അതിന്റെ എന്‍ജിനായ ശ്രേണീയത ഇന്നും ഭദ്രമാണ്. ഇന്ത്യന്‍ ആത്മീയപദ്ധതികളുടെ മറക്കുടയിലാണത് ഭദ്രമായിരിക്കുന്നത്. ഈ മറക്കുട ചിന്താന്‍ പുതിയകാല സംഘര്‍ഷങ്ങള്‍ക്ക് കഴിയുമോ? ഒരു വൈസ് ചാന്‍സലറെ പുറത്താക്കിയതുകൊണ്ടോ രണ്ടു കേന്ദ്രമന്ത്രിമാരെ തളച്ചതുകൊണ്ടോ രോഹിത് വെമുലയുടെ ജീവത്യാഗത്തിനു മൂല്യലബ്ധിയുണ്ടാവില്ല. പ്രശ്‌നമര്‍മം ഇന്ത്യന്‍ മതപദ്ധതി തന്നെയാണ്. $
Next Story

RELATED STORIES

Share it