Flash News

രോഹിത്ത് ആദ്യ ആത്മഹത്യ കുറിപ്പെഴുതിയ ദിവസം ജിഗ്നേഷ് മേവാനി നിയമസഭയിലേക്ക്

രോഹിത്ത് ആദ്യ ആത്മഹത്യ കുറിപ്പെഴുതിയ ദിവസം ജിഗ്നേഷ് മേവാനി നിയമസഭയിലേക്ക്
X
അഹമ്മദാബാദ്: രാജ്യത്തെ ദലിത് മുന്നേറ്റങ്ങള്‍ക്ക് കുതിപ്പേകിയ രോഹിത് വെമുലയുടെ ആദ്യ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്ന അതേദിനത്തില്‍ തന്നെ ജിഗ്നേഷ് മേവാനിയെന്ന ദലിത് നേതാവ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രത്തിലെ കാവ്യനീതിയായി. രണ്ടു വര്‍ഷം മുമ്പ് ഇതു പോലൊരു ദിനത്തിലായിരുന്നു രോഹിത് വെമുല ഹൈദ്രാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്ലര്‍ അപ്പാറാവുവിനു ദയാവധമാവശ്യപെട്ട് ആദ്യ ആത്മഹത്യകുറിപ്പെഴുതിയത്.


രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം അതേദിനത്തില്‍ തന്നെയാണ് വെമുലയുടെ രക്തസാക്ഷിത്വത്തില്‍നിന്നു ഊര്‍ജ്ജം ഉള്‍കൊണ്ട ജിഗ്നേഷ് മേവാനിയെന്ന ദലിത് നേതാവ് അധികാരത്തിലേക്ക് ചുവട് വച്ചതും. ഹൈദ്രാബാദ്് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ ഇന്ത്യയിലെ കാംപസുകളെ പ്രക്ഷോങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തെറിയുകയും രാജ്യത്തെ ദലിത് മുന്നേറ്റങ്ങള്‍ക്ക് പുത്തനുണര്‍വേകുകയും ചെയ്തു.  ബിജെപിയെയും എബിവിപിയെയും സര്‍വ്വകലാശാല അധികൃതരുടെ സംഘപരിവാര്‍ വിധേയത്വത്തെയും തുറന്നെതിര്‍ത്തിനായിരുന്നു രോഹിത് അടക്കം അഞ്ചുപേരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്.വിദ്യാര്‍ഥികളെ പുറത്താക്കിക്കൊണ്ടുള്ള സര്‍വ്വകലാശാല ഉത്തരവിനെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നതിനിടെയാണ് വിദ്യാര്‍ഥി അവകാശ പോരാട്ടങ്ങളില്‍ മുന്‍പന്തിയിലൂണ്ടായിരുന്ന രോഹിത് വെമുല സംഘടനയുടെ കൊടിയില്‍ തൂങ്ങി ജീവന്‍ അവസാനിപ്പിച്ചത്. തന്റെ ജനനം തന്നെയാണ് തനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടമെന്നെഴുതിവെച്ചാണ് എഎസ്എയുടെ സജീവ പ്രവര്‍ത്തകനായിരുന്ന രോഹിത്ത് ആത്മഹത്യ ചെയ്തത്.
അതേസമയം, ഒരു ദലിത് രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജിഗ്നേഷിന് ഹൃദയത്തില്‍നിന്ന് അഭിനന്ദനങ്ങള്‍ നേരുന്നതായി രോഹിത്ത് വെമുലയുടെ സഹോദരന്‍ രാജാ വെമുല പറഞ്ഞു. മേവാനിയുടെ വിജയം രോഹിത്തിന്റെ കൂടി വിജയമാണെന്നും ഗുജറാത്ത് പോലെയുള്ള സ്ഥലത്ത് ഒരു ദലിതന്‍ സ്വതന്ത്രനായി മല്‍സരിച്ച് ജയിക്കുകയെന്നാല്‍ ഒട്ടും ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊരിക്കലും ചെറിയ വിജയമല്ല. വര്‍ഷങ്ങളായി അടക്കിവെച്ച ദലിതുകളുടെ വേദന കൂടിയാണെന്നും ഇന്ത്യയുടെ ഭാവി അംബേദ്കറിലാണ് കുടികൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it