രോഹിതിന്റേത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട കൊല: എന്‍സിഎച്ച്ആര്‍ഒ

ഹൈദരാബാദ്: ജാതിവിവേചനത്തിനിരയായി ആത്മഹത്യ ചെയ്ത രോഹിത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട കൊലപാതകത്തിന്റെ ഇരയാണെന്ന് എന്‍സിഎച്ച്ആര്‍ഒ. രോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രക്ഷോഭം നടത്തുന്നവരെയും രോഹിതിനൊപ്പം അച്ചടക്ക നടപടിക്ക് വിധേയരായവരെയും സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എന്‍സിഎച്ച്ആര്‍ഒ സംഘം കണ്ടെത്തലുകള്‍ വിശദീകരിച്ചത്.
ദേശീയ ചെയര്‍പേഴ്‌സണ്‍ പ്രഫ. എ മാര്‍ക്‌സ്, എന്‍സിഎച്ച്ആര്‍ഒ തെലങ്കാന കോ- ഓഡിനേറ്റര്‍ മുഹമ്മദ് ആബിദ്, പോപുലര്‍ ഫ്രണ്ട് തെലങ്കാന സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മൊയിനുദ്ദീന്‍, പിയുസിഎല്‍ തെലങ്കാന സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ വിന്ധ്യാല, എന്‍സിഎച്ച്ആര്‍ഒ അംഗങ്ങളായ കെ ഒ സുകുമാരന്‍, അഡ്വ. ഡി സുരേഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നുത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനം ഉണ്ടെന്നത് പഠന റിപോര്‍ട്ടുകളിലൂടെ പുറത്തുവന്നതാണ്. ഇതിനു പരിഹാരമായി നിര്‍ദേശങ്ങളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ വിധിയും ഇതുസംബന്ധിച്ച് നിലവിലുണ്ട്. എന്നിട്ടുപോലും കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ഒമ്പത് വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. ഇവരെല്ലാം ദലിതുകളായിരുന്നു.
രോഹിത് ജാതിവിവേചനത്തിന്റെ ഇര മാത്രമല്ല, എന്‍ഡിഎ സര്‍ക്കാറിന്റെയും സംഘപരിവാരത്തിന്റെയും മതപരമായ അസഹിഷ്ണുതയുടെകൂടി ഇരയാണെന്നും എന്‍സിഎച്ച്ആര്‍ഒ സംഘം പറഞ്ഞു. രോഹിത് നേതൃത്വം നല്‍കിയിരുന്ന അംബേദ്കര്‍ സറ്റുഡന്റ്‌സ് അസോസിയേഷന്‍ (എഎസ്എ) ഹൈദരാബാദ് യുനിവേഴ്‌സിറ്റി കാംപസില്‍ എബിവിപി ഉയര്‍ത്തുന്ന ജാതിവിവേചനത്തിനും അക്രമത്തിനുമെതിരേയുള്ള ദലിത് മുസ്‌ലിം വിദ്യാര്‍ഥികളുടെ ശക്തമായ കൂട്ടായ്മയാണ്. രോഹിതിനെതിരേ കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനിയും തിരിയാന്‍ ഇതാണു കാരണം. എഎസ്എ അംഗങ്ങളായ വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി [related]കാംപസില്‍നിന്ന് പുറത്താക്കുകയായിരുന്നു. ഗവേഷണ വിദ്യാര്‍ഥിയായ രോഹിതിന് എഴു മാസത്തെ ഫെലോഷിപ്പ് തുക നല്‍കാതെ യൂനിവേഴ്‌സിറ്റി അധികൃതര്‍ പ്രയാസപ്പെടുത്തി. ഏക വരുമാനം മുടങ്ങിയതോടെ പ്രായമായ അമ്മയെയും സഹോദരനെയും സംരക്ഷിക്കാനാവാതെ രോഹിത് പ്രയാസപ്പെട്ടിരുന്നു. ഇതും ആത്മഹത്യയിലേക്ക് വഴിതെളിയിച്ചുവെന്ന് എന്‍സിഎച്ച്ആര്‍ഒ സംഘം ആരോപിച്ചു.
രോഹിതിന്റെ ആത്മഹത്യക്കു കാരണക്കാരായ കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനി ഉള്‍പ്പടെയുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും രോഹിതിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് എന്‍സിഎച്ച്ആര്‍ഒ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it