kozhikode local

രോഹിതിന്റെ മരണം ഇന്ത്യന്‍ ജനത ആത്മവിമര്‍ശനം നടത്തണം: ഖദീജ മുംതാസ്

കോഴിക്കോട്: സ്വാതന്ത്ര്യം ലഭിച്ച് അരനൂറ്റാണ്ട് പിന്നിട്ടിട്ടും രോഹിത് വെമുലയെ പോലെ ഒരു ദലിത് വിദ്യാര്‍ഥിക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നു എന്നത് ഇന്ത്യന്‍ ജനതയെ ആത്മ വിമര്‍ശനത്തിന് പ്രേരിപ്പിക്കുന്നതായി ഡോ. ഖദീജ മുംതാസ്. വര്‍ഗീസ് അനുസ്മരണ സമിതി പൊറ്റമ്മലില്‍ സംഘടിപ്പിച്ച എ വര്‍ഗീസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ചിന്തകള്‍ക്ക് വിലങ്ങിടാന്‍ ഭരണകൂടം ആവര്‍ത്തിച്ചു ശ്രമിക്കുമ്പോഴും പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും ഹൈദരാബാദ്, ജെഎന്‍യു സര്‍വകലാശാലകളിലും പുതു തലമുറ ഭിന്ന സ്വരം ഉയര്‍ത്തിക്കൊണ്ടുവരുന്നു എന്നത് മാത്രമാണ് പ്രതീക്ഷക്ക് വക നല്‍കുന്നത്. ഭൂതകാലത്തെ വിസ്മരിക്കാന്‍ പുതുതലമുറയെ പഠിപ്പിച്ചവര്‍ക്ക് തിരിച്ചടി ലഭിക്കുമ്പോള്‍ മാത്രം തിരിച്ചറിവുണ്ടാവുന്ന വര്‍ത്തമാനകാലത്ത് എ വര്‍ഗീസിനെ പോലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ വലിയ ആവേശം നല്‍കുന്നുവെന്നും ഖദീജാമുംതാസ് പറഞ്ഞു. അനുസ്മരണ ചടങ്ങിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രഥമ വര്‍ഗീസ് പുരസ്‌കാരം 'കരിക്കോട്ടക്കരി' എന്ന നോവലിന്റെ രചയിതാവ് വിനയ് തോമസിന് ഖദീജ മുംതാസ് സമര്‍പ്പിച്ചു. എ വാസു ആമുഖ പ്രഭാഷണം നടത്തി. അനുസ്മരണ പരിപാടികളും ജോയ് കൈതാരം ഉദ്ഘാടനം ചെയ്തു. എ എസ് നാരായണ പിള്ള അധ്യക്ഷത വഹിച്ചു. പ്രഫ. പി കോയ, കെ എസ് ഹരിഹരന്‍, കെ ടി അബ്ദുല്‍ അസീസ്, എം വി കരുണാകരന്‍, കരിങ്കല്‍കുഴി കൃഷ്ണന്‍, മുസ്തഫ കൊമ്മേരി, മോയിന്‍ബാപ്പു, കുഞ്ഞിക്കോയ, ബീരാന്‍കോയ സംസാരിച്ചു. തുടര്‍ന്ന് ചേളന്നൂര്‍ ഗോത്രകലാഗ്രാമത്തിന്റെ നാടന്‍ പാട്ടുകളും അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it