രോഹിതിന്റെ ആത്മഹത്യ: ദലിത് സംഘടന പ്രതിഷേധദിനം ആചരിച്ചു

ഹൈദരാബാദ്: ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഹൈദരാബാദ് സര്‍വകലാശാലയിലെ പട്ടികജാതി/വര്‍ഗ ജീവനക്കാരുടെ സംഘടന വെള്ളിയാഴ്ച പ്രതിഷേധദിനം ആചരിച്ചു.
ദലിത് അധ്യാപക ഫോറം ആരംഭിച്ച നിരാഹാര സമരം ഇന്നലെയും തുടര്‍ന്നു. വൈസ് ചാന്‍സലര്‍ അപ്പാറാവുവിനെ പുറത്താക്കണമെന്നും വൈസ് ചാ ന്‍സലറുടെ ചുമതല വഹിക്കുന്ന വിപിന്‍ ശ്രീവാസ്തവയെ മാറ്റണമെന്നുമാവശ്യപ്പെട്ട് ദലിത് അധ്യാപകഫോറം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. സര്‍വകലാശാലയിലെ 93 അധ്യാപകര്‍ കത്തില്‍ ഒപ്പു വച്ചിട്ടുണ്ട്. അതിനിടെ പുതിയൊരു വിദ്യാര്‍ഥി സംഘം കൂടി കാംപസില്‍ നിരാഹാര സമരം തുടങ്ങി.
ഫെബ്രുവരിയിലെ ആദ്യത്തെ ആഴ്ച ഡല്‍ഹിയിലെത്തി രാഷ്ട്രപതിയെ സന്ദര്‍ശിക്കാനും സംയുക്ത സമരസമിതി തീരുമാനിച്ചിട്ടുണ്ട്. വി സിയുടെ ചുമതല വഹിക്കുന്ന ശ്രീവാസ്തവ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഇന്നലെ സര്‍വകലാശാലയുടെ ഭരണകാര്യ ഓഫിസ് ഉപരോധിച്ചു. ശ്രീവാസ്തവ അധികാരമേറ്റതിനുശേഷം ഓഫിസുകള്‍ പൂട്ടിയിട്ടത് കാരണം തങ്ങള്‍ക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധ്യാപകേതര ജീവനക്കാര്‍ പറഞ്ഞു. വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ ഗവേഷണ ലബോറട്ടറികളില്‍ ചില അടിയന്തര പ്രവര്‍ത്തനങ്ങള്‍ നടന്നതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it