രോഹിതിനും കുടുംബത്തിനുമെതിരേ ആക്ഷേപം ഉന്നയിച്ച് കേന്ദ്രമന്ത്രി

കൊച്ചി: രോഹിത് വെമുലയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ ആക്ഷേപം ഉന്നയിച്ച് കേന്ദ്ര സാമൂഹികക്ഷേമ മന്ത്രി തവര്‍ചന്ദ് ഗെലോട്ട്. എറണാകുളം ബിടിഎച്ചില്‍ സംസ്ഥാന ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് വെമുലയ്ക്കും കുടംബത്തിനുമെതിരെ മന്ത്രി ആക്ഷേപമുന്നയിച്ചത്.
മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഒബിസി ആയിരിക്കേ, രോഹിത് വെമുല മാത്രം എങ്ങനെ ദലിതനായെന്നായിരുന്നു മന്ത്രി തവര്‍ചന്ദ് ഗെലോട്ടിന്റെ ചോദ്യം. രോഹിത്തിന്റെ അമ്മ ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ് എന്ന് പറയുന്നവര്‍ അവരുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് നന്നായിരിക്കും. അവരുടെ റെക്കോഡുകളിലെല്ലാം ഒബിസി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യാക്കൂബ് മേമന് വേണ്ടി വാദിച്ചവരാണ് രോഹിത് വെമുലയും സംഘവും. ഇതിനെ എതിര്‍ത്ത എബിവിപി പ്രവര്‍ത്തകന്‍ സുശീല്‍ കുമാറിനെ ഒരു സംഘം രാത്രി ഹോസ്റ്റല്‍ മുറിയില്‍ തല്ലിച്ചതച്ചു. സംഭവത്തെ തുടര്‍ന്ന് സുശീലിന്റെ അമ്മ കോടതിയില്‍ പരാതി നല്‍കുകയും അന്വേഷണം നടത്തുകയുമായിരുന്നു. തുടര്‍ന്നാണ് രോഹിത് വെമുലയെയും സംഘത്തെയും ഹോസ്റ്റലില്‍ നിന്നു പുറത്താക്കാന്‍ കോടതി ഉത്തരവിട്ടതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ ഹൈദരാബാദ് സര്‍വകലാശാല വിസിക്കും കേന്ദ്രമന്ത്രി ഭന്ദാരു ദത്താത്രേയയ്ക്കും എന്തു പങ്കാണുള്ളതെന്നും മന്ത്രി ചോദിച്ചു.
ഭരണഘടനയെയും സാമൂഹിക വ്യവസ്ഥയെയും തകര്‍ക്കുന്ന രംഗനാഥ് മിശ്ര, സച്ചാര്‍ കമ്മീഷനുകളെ ഒരു രീതിയിലും അംഗീകരിക്കാനാവില്ല. ഇന്ന് ന്യൂനപക്ഷം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അതിന് ബിജെപി അല്ല, മറിച്ച് 60 കൊല്ലത്തോളം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് ആണ് കാരണക്കാരെന്നും മന്ത്രി പറഞ്ഞു. ബിജെപി ദലിതര്‍ക്ക് എതിരാണെന്നും ദലിത് വിഭാഗം ഹിന്ദുവില്‍ നിന്ന് വിഭിന്നമാണെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ന്യൂനപക്ഷ പ്രീണനമല്ല മറിച്ച് വസുദൈവ കുടുംബകം ആണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it