Azhchavattam

രോഗി പഠിപ്പിച്ച പാഠം

രോഗി പഠിപ്പിച്ച പാഠം
X
dr-narayanankuttyഡോ. നാരായണന്‍കുട്ടി വാര്യര്‍

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ചികില്‍സകനായി ജോലി തുടങ്ങിയ കാലത്തായിരുന്നു കുമാരന്റെ അച്ഛന്‍ രോഗിയായി എന്റെയടുത്തു വന്നത്. വടകരയായിരുന്നു അവരുടെ നാട്. ഏതു രോഗവും ചികില്‍സിച്ചു മാറ്റാം എന്ന അമിത ആത്മവിശ്വാസം യുവഡോക്ടര്‍മാര്‍ക്ക് സാധാരണയായി ഉണ്ടാവാറുണ്ട്. പക്ഷേ എന്തുകൊണ്ടോ ഞാന്‍ അതില്‍ നിന്ന് മുക്തനായിരുന്നു. അച്ഛന് കീമോതെറാപ്പി ഉള്‍പ്പെടെയുള്ള കടുത്ത ചികില്‍സകള്‍ നല്‍കിയതിന്റെ പ്രയാസങ്ങള്‍ ഏറെ കണ്ടയാളാണ് കുമാരന്‍. അച്ഛന്റെ രോഗം സാമ്പത്തികമായിത്തന്നെ ആ കുടുംബത്തെ ബാധിച്ചിരുന്നു. അച്ഛന്‍ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കുമാരനെയും കാന്‍സര്‍ പിടിമുറുക്കി. അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന കടുത്ത കാന്‍സറാണ് കുമാരന്റെ മജ്ജയെ ബാധിച്ചിരുന്നത്. മണിപ്പാല്‍ ആശുപത്രിയില്‍ നിന്നു രോഗം സ്ഥിരീകരിച്ചതിന്റെ മെഡിക്കല്‍ റിപോര്‍ട്ടുമായാണ് അദ്ദേഹവും ഭാര്യയും എന്നെ കാണാനെത്തിയത്. തന്നെ ബാധിച്ച രോഗത്തെ കുറിച്ചും അതിന്റെ തീക്ഷ്ണതയെ കുറിച്ചും കുമാരന്‍ തികച്ചും ബോധവാനായിരുന്നു.

my-patiant

ഒന്ന് ആഞ്ഞുപിടിച്ചാല്‍ അദ്ദേഹത്തെ രക്ഷിച്ചെടുക്കാനാവുമെന്ന് എനിക്കു തോന്നിയിരുന്നു. പക്ഷേ, ചികില്‍സയെക്കുറിച്ച് സംസാരിച്ചപ്പോള്‍ നിഷേധാത്മകമായിട്ടാണ് കുമാരന്‍ പ്രതികരിച്ചത്. നാലു ലക്ഷത്തോളം രൂപ ചികില്‍സയ്ക്കായി വേണമായിരുന്നു. അക്കാലത്ത്, 15 വര്‍ഷം മുമ്പ് ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ച് അതു വലിയ തുക തന്നെയായിരുന്നു. അച്ഛനെ ചികില്‍സിച്ചതിന്റെ സാമ്പത്തികബാധ്യത മാത്രമല്ല, കുമാരനെ ചികില്‍സയ്ക്കു വിധേയനാവുന്നതില്‍ നിന്നു തടഞ്ഞതെന്നു സംസാരത്തില്‍ ബോധ്യമായി. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള കടുത്ത ചികില്‍സകളെ അദ്ദേഹം ഭയപ്പെട്ടിരുന്നു. അച്ഛനിലൂടെ അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ കണ്ടതായിരുന്നു. ലഘുവായ ചികില്‍സ മാത്രം നല്‍കിയാല്‍ മതിയെന്നും കടുത്ത മരുന്നുകള്‍ വേണ്ടെന്നും കുമാരന്‍ ഉറപ്പിച്ചു പറഞ്ഞു. കടുത്ത മരുന്നുകള്‍ ഉപയോഗിച്ച് ചികില്‍സിച്ചാല്‍ പോലും രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നു തനിക്ക് അറിയാമെന്നും കുമാരന്‍ സംശയമൊട്ടുമില്ലാതെ എന്നോടു പറഞ്ഞു.സാധാരണയായി രോഗികളുടെ ഇത്തരം  അഭിപ്രായങ്ങള്‍ക്കു ചികില്‍സകര്‍ ചെവികൊടുക്കാറില്ല. പക്ഷേ, കുമാരന്റെ അഭിപ്രായം      മാനിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അതിനായി പഠിച്ചതില്‍ നിന്നു വ്യത്യസ്തമായി കീമോയുടെ കോഴ്‌സുകളില്‍ ഞാന്‍ മാറ്റം വരുത്തി. ലഘുവായ ചികില്‍സയിലൂടെ അസുഖം മാറില്ലെന്നും നിയന്ത്രിക്കാന്‍ മാത്രമേ കഴിയൂവെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സാമ്പത്തിക കാര്യങ്ങള്‍ കുറേയൊക്കെ പരിഹരിച്ചു. ശാരീരികമായി പ്രയാസങ്ങളുണ്ടാക്കാത്ത തരത്തില്‍ ലഘുവായ മരുന്നുകള്‍ ഉപയോഗിച്ച് ചികില്‍സ തുടങ്ങി.രോഗത്തിനു വേണ്ട മരുന്നുകള്‍ നല്‍കാതെയുള്ള ചികില്‍സയില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. അതേസമയം, രോഗിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ മതിപ്പുണ്ടായിരുന്നുതാനും. മൂന്നു കോഴ്‌സ് ഇഞ്ചക്ഷന്‍ കഴിഞ്ഞതിനു ശേഷം മജ്ജ പരിശോധിച്ചപ്പോള്‍ ഫലം അദ്ഭുതകരമായിരുന്നു. കാന്‍സര്‍ കുറഞ്ഞിരുന്നു. അതോടെ ചികില്‍സ വീണ്ടും തുടര്‍ന്നു. ആറു കോഴ്‌സ് കീമോയ്ക്കു ശേഷം വീണ്ടും   പരിശോധിച്ചപ്പോള്‍ കാന്‍സര്‍ കുമാരന്റെ   മജ്ജയില്‍ നിന്ന് ഒഴിവായതായി കാണപ്പെട്ടു. സാധാരണരീതിയില്‍ ഇത്രയും കുറഞ്ഞ  ഡോസ് മരുന്നുകൊണ്ട് കാന്‍സര്‍ കുറയാറില്ല. പക്ഷേ, കുമാരനില്‍ അതു സംഭവിച്ചു. ഇതിനുശേഷം ഇടയ്‌ക്കെല്ലാം അദ്ദേഹം എന്നെ കാണാനെത്തിയിരുന്നു. ചികില്‍സ തുടങ്ങി അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ മജ്ജ ഒന്നുകൂടി പരിശോധിക്കണമെന്ന് കുമാരന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ ഇത്തരം കാര്യങ്ങള്‍ രോഗികളോടാണ് പറയാറുള്ളതെങ്കില്‍ കുമാരന്റെ കാര്യം നേരെ മറിച്ചായിരുന്നു. രോഗിയുടെ അഭിപ്രായം മാനിച്ച് മജ്ജ പരിശോധന നടത്തി. അതിലും ഫലം സന്തോഷകരമായിരുന്നു. കാന്‍സറില്‍ നിന്ന് അദ്ദേഹം പൂര്‍ണമായി മുക്തനായിരിക്കുന്നു.കാന്‍സര്‍ വിമുക്തര്‍ക്കുവേണ്ടി ഞങ്ങള്‍ നടത്തുന്ന 'പ്രതീക്ഷ' എന്ന കൂട്ടായ്മയില്‍ കുമാരനും അംഗമായി. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വളരെ സജീവമായി തന്നെ പങ്കെടുത്തു. കുമാരനെ ഞാന്‍ കാന്‍സറിനു ചികില്‍സിച്ച് 15 വര്‍ഷം കഴിഞ്ഞു. പക്ഷേ, ഈയടുത്ത് അദ്ദേഹം വീണ്ടും രോഗിയായി എന്റെ മുന്നിലെത്തി. ശരീരത്തിലെ മുഴയായിരുന്നു സംശയകാരണം. അതു പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ഫലം ഞാന്‍ സംശയിച്ചതു തന്നെയായിരുന്നു. കാന്‍സര്‍ അദ്ദേഹത്തെ വീണ്ടും പിടിമുറുക്കിയിരിക്കുന്നു. ആദ്യമുണ്ടായത് ബ്ലഡ് കാന്‍സറായിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായിരിക്കുന്നത് അതില്‍ നിന്നു വ്യത്യസ്തമായ വിധത്തിലായിരുന്നുവെന്നു മാത്രം. മുമ്പത്തേതുപോലെ ചികില്‍സ തുടങ്ങുന്നതിനു മുമ്പ് ഞാന്‍ കുമാരന്റെ അഭിപ്രായം ആരാഞ്ഞു. പക്ഷേ എല്ലാ തീരുമാനവും സാറിന് വിടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാനുദ്ദേശിക്കുന്ന ഏതുതരം ചികില്‍സയ്ക്കും വിധേയനാവാമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ആദ്യം കാന്‍സര്‍ ബാധിച്ചപ്പോള്‍ ചികില്‍സാക്രമം സ്വയം നിശ്ചയിച്ച രോഗിയായിരുന്നു കുമാരന്‍. ഇപ്പോഴാവട്ടെ എല്ലാം ഡോക്ടറുടെ തീരുമാനത്തിന് വിട്ടിരിക്കുന്നു. എങ്ങനെയാണ് ഈ മാറ്റമുണ്ടായതെന്ന് ഞാന്‍ കുമാരനോട് ചോദിച്ചില്ല. പക്ഷേ എനിക്കറിയാമായിരുന്നു ഞാനുമായി വര്‍ഷങ്ങളായുള്ള പരിചയത്തിലൂടെയാണ് അദ്ദേഹം എന്നെ പൂര്‍ണമായി വിശ്വസിച്ചു തുടങ്ങിയതെന്ന്. അതിനിടയില്‍ കുമാരനിലൂടെ ഞാനും വിലപ്പെട്ട ഒരു പാഠം പഠിച്ചിരുന്നു, രോഗികളുടെ അഭിപ്രായങ്ങള്‍ക്ക് വിലകല്‍പിക്കണമെന്ന മഹത്തായ പാഠം. ികോഴിക്കോട്ടെ പ്രമുഖ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റാണ് ഡോ. നാരായണന്‍കുട്ടി വാര്യര്‍
Next Story

RELATED STORIES

Share it