Flash News

രോഗിയെ മയക്കാതെ തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗിയെ പൂര്‍ണമായി മയക്കാതെ തലച്ചോറിലെ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്തു. ആദ്യമായാണ് കേരളത്തിലെ വിരലിലെണ്ണാവുന്ന ആശുപത്രികളില്‍ മാത്രം നടന്നുവരുന്ന ഈ ശസ്ത്രക്രിയ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചെയ്യുന്നത്.
ആശുപത്രിയിലെ ന്യൂറോ സ ര്‍ജറി വിഭാഗത്തിലെ ഡോ. ഡാല്‍വിന്‍ തോമസ്, അനസ്തീസ്യ വിഭാഗം മേധാവി ഡോ. വി ആര്‍ ബിന്ദു മോള്‍, ഡോ. സമീര്‍ സിയാദ്ദീന്‍, നഴ്‌സുമാരായ അംബുജം, ശ്യാമള  എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ജംഹെറിന്റെ തലച്ചോറില്‍ കൈകാലുകളുടെ ചലനശേഷിയെ നിയന്ത്രിക്കുന്ന ഭാഗത്തെ ട്യൂമറാണ് നീക്കം ചെയ്തത്.
മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ലോക്കല്‍ അനസ്തീസ്യയും നിയന്ത്രിത സെഡേഷനും നല്‍കിയാണ് നിര്‍വഹിച്ചത്. ശസ്ത്രക്രിയയിലുടനീളം രോഗി ഉണര്‍ന്നിരിക്കുകയും ഡോക്ടര്‍മാരുമായി സംസാരിക്കുകയും നിര്‍ദേശാനുസരണം കൈകാലുക ള്‍ ചലിപ്പിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന ജംഹെര്‍ ഇപ്പോള്‍ നടന്നുതുടങ്ങി. കോട്ടയം മെഡിക്കല്‍ കോളജാണ് കേരളത്തില്‍ ഇതിനു മുമ്പ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയ സര്‍ക്കാര്‍ ആശുപത്രി.
സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവു വരുന്ന ഈ ശസ്ത്രക്രിയ കാരുണ്യ ചികില്‍സാസഹായ പദ്ധതിയിലൂടെ പൂര്‍ണമായും സൗജന്യമായാണ് നിര്‍വഹിച്ചത്. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ന്യൂറോ സര്‍ജനായിരുന്ന ഡോ. ഡാല്‍വിന്‍ തോമസ് രണ്ടു മാസം മുമ്പാണ് നാഷനല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ജനറല്‍ ആശുപത്രിയില്‍ നിയമിതനായത്.
Next Story

RELATED STORIES

Share it