ernakulam local

രോഗിക്ക് ആംബുലന്‍സ് ലഭിക്കാതിരുന്നത് മരണത്തിന് കാരണമായതായി പരാതി



മട്ടാഞ്ചേരി:  കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലെത്തിയ രോഗിക്ക് സമയത്ത് ആംബുലന്‍സ് ലഭിക്കാതെ മരിച്ചസംഭവത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ്‌സെക്രട്ടറി ഹെല്‍ത്ത് ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 9.30 ഓടെ ഇവിടെ ചികില്‍സയ്‌ക്കെത്തിയ പുന്നക്കല്‍ വീട്ടില്‍ അലി (84) യാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് അലിയെ ബന്ധുക്കള്‍ ഇവിടെ ചികില്‍സയ്‌ക്കെത്തിച്ചത് പരിശോധനക്കിടയില്‍ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രോഗിയെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ ഡ്രൈവറില്ലാത്തത്രോഗിയുടെ ബന്ധുക്കളെ കുഴക്കി. ആശുപത്രി അധികൃതരോട് പല തവണ ആവശ്യപ്പെട്ടിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ല. പിന്നീട് പുറത്തു നിന്നും ആംബുലന്‍സ് എത്തി രോഗിയെ എറണാകുളം ജനറല്‍ ആശുപത്രിയിലും അവിടെ നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ടു ഡ്രൈവര്‍മാര്‍ ഡ്യൂട്ടി നോക്കുന്ന കരുവേലിപ്പടി ആശുപത്രിയില്‍ രോഗിയെ കൊണ്ടു പോവാന്‍ ഡ്രൈവറെ ലഭിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇവിടെ ഡ്യൂട്ടി നോക്കുന്ന ഡ്രൈവര്‍മാര്‍ ഒപ്പിട്ടശേഷം പതിവായി പുറത്തു പോവുന്നതായും പരാതിയുണ്ട്. രോഗം ബാധിച്ച് കാഷ്വാലിറ്റിയില്‍ എത്തുന്ന രോഗികളോട് ഒപിയില്‍ നിന്നും ചീട്ട് എടുപ്പിച്ച ശേഷമാണ് ചികിത്സ നല്‍കുന്നതെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ആശുപത്രിയിലെ സംവിധാനങ്ങള്‍ മാറ്റിമറിക്കുന്നതിനെക്കുറിച്ചും അന്വേഷണം വേണമെന്നും ആവശ്യമുയരുന്നുണ്ട്. ആരോഗ്യ വകുപ്പ്‌സെക്രട്ടറി രാജീവ് സദാനന്ദന്‍ ഹെല്‍ത്ത് ഡയറക്ടറോട്— സംഭവത്തെപ്പറ്റി അടിയന്തരറിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതേസമയം അത്യാസന്ന നിലയില്‍ ആശുപത്രിയിലെത്തിയ രോഗിക്ക് പ്രാഥമിക ശുശ്രുഷ നല്‍കിയതായും ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഞായറാഴ്ച ദിവസം അവധിയായതിനാല്‍ മറ്റൊരു ആംബുലന്‍സ് വിളിച്ച് ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായും ആശുപത്രി സുപ്രണ്ട് അറിയിച്ചു.
Next Story

RELATED STORIES

Share it