രോഗികളോട് മോശമായി പെരുമാറുന്നവര്‍ക്ക് സര്‍വീസില്‍ തുടരാന്‍ യോഗ്യതയില്ല: മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞ രോഗിയോട് ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവം മനുഷ്യത്വരഹിതമാണെന്നും ജീവനക്കാരനെതിരേ കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. സര്‍ക്കാര്‍ ആശുപത്രികളെ രോഗീ സൗഹൃദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഇത്തരക്കാര്‍ക്ക് സര്‍വീസില്‍ തുടരാന്‍ യാതൊരു യോഗ്യതയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രവൃത്തിസമയം നോക്കാതെ രോഗികള്‍ക്ക് ആശ്വാസമേകുന്ന മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ബഹുഭൂരിപക്ഷവുമുള്ളത്. എന്നാല്‍ രോഗിയോട് ക്രൂരമായി പെറുമാറുന്നവരും കൃത്യസമയത്ത് ജോലിക്ക് ഹാജരാവാതിരിക്കുന്നവരും ഡ്യൂട്ടി സമയത്ത് മറ്റാവശ്യങ്ങളില്‍ ഏര്‍പ്പെടുന്നവരും കൈക്കൂലി വാങ്ങുന്നവരും കൂട്ടത്തിലുണ്ട്. ഇത്തരക്കാര്‍ ആത്മാര്‍ഥമായി സേവനം നടത്തുന്നവര്‍ക്കു കൂടി അവമതി ഉണ്ടാക്കുകയാണ്. കര്‍ത്തവ്യവിലോപം കാട്ടുന്നവര്‍ക്കും പൊതുജനാരോഗ്യ സേവന ചിട്ടകള്‍ അനുസരിക്കാത്തവര്‍ക്കും എതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രികളിലെ മേലധികാരികളും ആശുപത്രി സൂപ്രണ്ടുമാരും മെഡിക്കല്‍ ഓഫിസര്‍മാരും അതതു സ്ഥാപനങ്ങള്‍ കൃത്യനിഷ്ഠമായും രോഗീ സൗഹൃദമായും പ്രവര്‍ത്തിക്കുകയാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം സംഭവങ്ങളുടെ മറവില്‍ നന്നായി പ്രവര്‍ത്തിക്കുന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങളെ കരിതേച്ച് കാണിക്കാ ന്‍ പരിശ്രമിച്ചാല്‍ അതിനെതിരേയും പൊതുജന സഹായത്തോടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it