kozhikode local

രോഗികളെ ക്യൂവിലാക്കി ഡ്യൂട്ടി ഡോക്ടര്‍മാര്‍ മുങ്ങി



പേരാമ്പ്ര: പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ ഒപി യിലെത്തിയ രോഗികള്‍ 3 മണിക്കൂറോളം ക്യൂവില്‍ നിന്ന് വലഞ്ഞു. ഇന്നലെ കാലത്ത് ഡോക്ടറെ കാണാന്‍ വന്ന രോഗികളില്‍ പലര്‍ക്കും ഉച്ചതിരിഞ്ഞാണ് ചികില്‍സ ലഭിച്ചത്. 14 ഡോക്ടര്‍മാര്‍ നിലവിലുണ്ടെങ്കിലും 4 പേര്‍ മാത്രമെ ഇന്നലെ ഡ്യൂട്ടിക്ക് എത്തിയിരുന്നുള്ളൂ. ഇവരില്‍ ചില ഡോക്ടര്‍മാര്‍ ഇടക്കിടെ സീറ്റില്‍ നിന്ന് എണീറ്റ് പോയത് രോഗികളെ ഏറെ കഷ്ടത്തിലാക്കി. ദീര്‍ഘനേരം ക്യൂവില്‍ നിന്ന് അവശരായ ഏതാനും രോഗികള്‍ ഒടുവില്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാരുടെ അഭാവം മൂലം രോഗികള്‍ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.ആസ്പത്രിക്കടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ചില ഡോക്ടര്‍മാര്‍ നിശ്ചിത സമയം കഴിഞ്ഞ് രണ്ടും മൂന്നും മണിക്കൂര്‍ വൈകിയാണ് ഡ്യൂട്ടിക്ക് എത്തുന്നതെന്ന് പരാതിയുണ്ട്.  ഒപി യില്‍ കാണിക്കാന്‍ ക്യൂ നില്‍ക്കുന്നവരെ തള്ളിമാറ്റി ക്യൂവിനിടയിലൂടെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടു പോകാന്‍ വൈകിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു ഹൃദ്‌രോഗി ആസ്പത്രിയില്‍ മരിച്ചിരുന്നു. നിന്ന് തിരിയാനിടമില്ലാത്ത പഴയ ഒപിയാണ് കാഷ്വാലിറ്റിയായി പ്രവര്‍ത്തിക്കുന്നത്. കാഷ്വാലിറ്റിക്കു വേണ്ടി പുതിയ ഹാള്‍ സജ്ജികരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. ദിനംപ്രതി 2000 ല്‍ അധികം പേര്‍ ഒപി യിലെത്തുന്ന ഈ ആതുരാലയത്തിന്റെ കുത്തഴിഞ്ഞ അവസ്ഥയില്‍ പ്രതിഷേധമുയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിട്ടും യാതൊരു പരിഹാരവുമുണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it