Alappuzha

രോഗികളുടെ നോമ്പ്

ഡോ. മുഹമ്മദ് അഫ്രോസ്
റമദാന്‍ വ്രതത്തെ വ്യത്യസ്തമാക്കുന്നത് തുടര്‍ച്ചയായി ഒരു മാസം വരെ നീളുന്നുവെന്നതും പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നുവെന്നതുമാണ്. ഈ വര്‍ഷത്തെ വ്രതാനുഷ്ഠാനം മെയ്, ജൂണ്‍ മാസങ്ങളിലായതിനാല്‍ 14-15 മണിക്കൂര്‍ വരെ നീളുന്ന വ്രതമാണ് കേരളത്തിലുണ്ടാവുക. പ്രമേഹരോഗികളല്ലാത്തവര്‍ക്ക് വ്രതാനുഷ്ഠാനം ശാരീരികമായി ഒരുപാട് ഗുണം നല്‍കുന്നു.
ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം നോര്‍മല്‍ അളവില്‍ നിലനിര്‍ത്തുന്നത് ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍ ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജവും ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍ അതായത്, വ്രതാനുഷ്ഠാന സമയത്ത് നേരത്തേ കരളിലും കിഡ്‌നിയിലും ശേഖരിച്ചുവച്ച ഊര്‍ജവും അത്തരം ഊര്‍ജശേഖരണങ്ങള്‍ തീരുമ്പോള്‍ കൊഴുപ്പില്‍ നിന്നുള്ള ഊര്‍ജവുമാണ് ഉപയോഗിക്കുന്നത്. ഈ പ്രക്രിയകള്‍ ശരീരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നത് ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ്.
പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം ഈ ഇന്‍സുലിന്റെ പ്രവര്‍ത്തനം വേണ്ടവിധം ഇല്ലാതിരിക്കുകയോ വേണ്ടത്ര ഇന്‍സുലിന്‍ സ്രവിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. വ്രതമെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ പഞ്ചസാരയുടെ അളവ് ശരീരത്തില്‍ താഴ്ന്നുപോവാനും രാത്രിസമയത്ത് ഭക്ഷണം കഴിച്ച അവസ്ഥയില്‍ പഞ്ചസാരയുടെ അളവ് രക്തത്തില്‍ കൂടാനുള്ള സാധ്യതയുമുണ്ട്. വ്രതാനുഷ്ഠാനം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ഉപയോഗപ്പെടുന്നു. അമിതവണ്ണം കുറയ്ക്കുകയും ദഹനേന്ദ്രിയങ്ങള്‍ക്ക് വിശ്രമം നല്‍കുകയും ചെയ്യുന്നു. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കൂടുന്നത് കാരണം ഡയബറ്റിക്കല്ലാത്ത വ്യക്തികള്‍ക്ക് നല്ല രൂപത്തിലുള്ള ഗ്ലൂക്കോസ് നിയന്ത്രണം കാണപ്പെടുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സെല്ലുലാര്‍ റിപ്പയര്‍ പ്രക്രിയ വര്‍ധിപ്പിക്കുന്നതിനാല്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പ്രമേഹമുള്ളവര്‍ വ്രതം തുടങ്ങുന്നതിന് ഒന്നോ രണ്ടോ മാസങ്ങള്‍ക്കു മുമ്പ് ഡോക്ടറെ കണ്ടു ചികില്‍സയിലെ ക്രമീകരണങ്ങള്‍ നടത്തേണ്ടതാണ്. ശരീരത്തില്‍ പഞ്ചസാരയുടെ അളവ്് കുറഞ്ഞുപോവാത്ത രീതിയില്‍ കൊടുക്കാവുന്ന പലതരം ഗുളികകള്‍ ഇന്നു ലഭ്യമാണ്. മെറ്റ്‌ഫോര്‍മിന്‍, ഗ്ലൈപ്റ്റിന്‍സ്, വോഗ്‌ലിവോസ്, പയോഗ്ലിറ്റസോണ്‍ എന്നിവ പഞ്ചസാരയുടെ അളവ്് നോര്‍മല്‍ അളവില്‍ നിന്നു കുറയ്ക്കാത്തവയാണ്. ഇത്തരം ഗുളികകള്‍ കഴിക്കുന്നവര്‍ക്ക് അവര്‍ കഴിക്കുന്ന ഗുളികകളില്‍ മിക്കവാറും മാറ്റം വരുത്തേണ്ടി വരാറില്ല. പക്ഷേ, പഞ്ചസാര കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഗ്ലിമിപ്രൈഡ്, ഗ്ലിബന്‍ ഗ്ലിമിഡ് എന്നിവ ഉപയോഗിക്കുന്നവര്‍ അവരുടെ ഗുളികകളിലെ അളവുകളില്‍ വ്യത്യാസം വരുത്തേണ്ടിവരും. അല്ലെങ്കില്‍ പഞ്ചസാര നോര്‍മലില്‍ നിന്നു കുറയാത്ത മേല്‍പ്പറഞ്ഞ ഗുളികകളിലേക്ക് മാറ്റാവുന്നതാണ്. രണ്ടു നേരം ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ രാവിലത്തെ ഡോസ് ഇഫ്താര്‍ സമയങ്ങളിലും രാത്രിസമയത്തെ ഡോസ് അത്താഴത്തിന് മുമ്പും ആണ് ഉപയോഗിക്കേണ്ടത്. ചെറിയഡോസ് ഇന്‍സുലിന്‍ എടുക്കുന്നവര്‍ക്ക് പകല്‍സമയത്ത് ഹൈപ്പോഗ്ലൈസീമിയ വരുന്നത് കുറവാണ്. കൂടിയ ഡോസില്‍ ഇന്‍സുലിന്‍ എടുക്കുന്നവര്‍ പുതിയ തരം അനലോഗ് ഇന്‍സുലിനിലേക്ക് മാറാവുന്നതാണ്. വ്രതാനുഷ്ഠാനസമയത്ത് പഞ്ചസാര നിയന്ത്രണത്തിന് അസ്പാര്‍ട്ട്്, ലിസ്‌പ്രോ, ഗ്ലൂലൈസിന്‍ എന്നീ 3-4 മണിക്കൂര്‍ പ്രവര്‍ത്തനശേഷിയുള്ള അനലോഗ് ഇന്‍സുലിന്‍ ലഭ്യമാണ്. ഇന്‍സുലിന്‍ എടുക്കുന്ന രോഗികള്‍ക്ക് ഇത്തരം ഇന്‍സുലിന്‍ ഉപയോഗിച്ചുകൊണ്ട് വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഗുളികകളിലും ഇന്‍സുലിനിലും മാറ്റം വരുത്താവൂ.
ഡയബറ്റിക് രോഗികള്‍ക്ക് വ്രതമാസത്തിലും വ്യായാമം നിര്‍ബന്ധമാണ്. രാത്രിസമയത്തെ ദീര്‍ഘനേര നമസ്‌കാരം വ്യായാമത്തിന്റെ ഗുണംചെയ്യും. ഭക്ഷണക്രമീകരണം വ്രതാനുഷ്ഠാനത്തിന്റെ സമയത്തും പാലിക്കേണ്ടതാണ്. ഇഫ്താര്‍ സമയത്തും അത്താഴത്തിനും അമിതമായി ഭക്ഷണം കഴിക്കുന്നതിനു പകരം അതിനെ മൂന്നു നേരമായി അളവ്കുറച്ചു കഴിക്കാവുന്നതാണ.് 40-50 ശതമാനം കാര്‍ബോഹൈഡ്രേറ്റും 25-30 ശതമാനം പ്രോട്ടീനും 15-20 ശതമാനം ഫാറ്റും അടങ്ങിയ സമീകൃത ആഹാരമായിരിക്കും നല്ലത്. നാരുകളടങ്ങിയ കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സുള്ള കാര്‍ബോഹൈഡ്രേറ്റ് ആണ് ഉത്തമം. പകല്‍ സമയത്തുള്ള നിര്‍ജലീകരണം ഒഴിവാക്കാന്‍ രാത്രിസമയം നന്നായി വെള്ളം കുടിക്കണം. വ്രതമെടുക്കുന്ന ഡയബറ്റിക് രോഗികള്‍ ദിനേന ഗ്ലൂക്കോമീറ്റര്‍ ടെസ്റ്റ് നടത്തുന്നതും അഭികാമ്യമാണ്. ഗര്‍ഭിണികള്‍, ഡയബറ്റിക് നിയന്ത്രണവിധേയമല്ലാത്തവര്‍, ചികില്‍സിക്കുന്ന ഡോക്ടര്‍ വ്രതം ഒഴിവാക്കണമെന്നു നിര്‍ദേശിക്കുന്ന ഹൃദ്രോഗികള്‍, കിഡ്‌നി അസുഖമുള്ളവര്‍ (സ്‌റ്റേജ് 3-5) എന്നിവര്‍ വ്രതാനുഷ്ഠാനത്തില്‍ നിന്നു മാറിനില്‍ക്കേണ്ടതാണ്.
Next Story

RELATED STORIES

Share it