wayanad local

രോഗബാധയേറ്റ നെല്‍കൃഷിക്ക് സഹായമില്ല; കര്‍ഷകര്‍ക്ക് തിരിച്ചടി



മാനന്തവാടി: ജില്ലയില്‍ സര്‍ക്കാരിന്റെ പുനരാവിഷ്‌കൃത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രോഗബാധയേറ്റ് കൃഷിനാശം സംഭവിച്ച നെല്‍കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമില്ല. മുന്‍വര്‍ഷം വരെ നല്‍കിവന്ന ധനസഹായത്തില്‍ നിന്നാണ് ഈ വര്‍ഷം ജില്ലയെ ഒഴിവാക്കിയത്. ഇതോടെ രോഗബാധയേറ്റ് കൃഷിനശിച്ച കര്‍ഷകര്‍ പ്രതിസന്ധിയിലായി. മുന്‍വര്‍ഷം വരെ സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇന്‍ഷുര്‍ ചെയ്യുന്ന കൃഷി രോഗത്തെ തുടര്‍ന്നു നശിച്ചാല്‍ ഹെക്റ്ററിന് പതിനയ്യായിരം രൂപ വരെ നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഇതിനായി 100 രൂപയായിരുന്നു കര്‍ഷകര്‍ അടയ്‌ക്കേണ്ടിയിരുന്ന പ്രീമിയം തുക. ഏതാനും മാസങ്ങള്‍ക്കു മുമ്പ് വിള ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ പുനരാവിഷ്‌കരിച്ചപ്പോള്‍ പ്രീമിയം തുക ഹെക്റ്ററിന് 250 രൂപയാക്കി ഉയര്‍ത്തുകയും നഷ്ടപരിഹാരം 35,000 ആയി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കീടബാധയേറ്റ് കൃഷിനാശം സംഭവിച്ചാല്‍ പരിരക്ഷ ലഭിക്കുന്ന ജില്ലകളുടെ പട്ടികയില്‍ നിന്ന് വയനാടിനെ ഒഴിവാക്കി പാലക്കാട്, കുട്ടനാട്, കോള്‍നിലങ്ങള്‍ എന്നിവ മാത്രമാക്കി ചുരുക്കുകയായിരുന്നു. ഇക്കാര്യം നേരത്തെ ശ്രദ്ധയില്‍പ്പെട്ടിട്ടും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കൃഷിവകുപ്പ് ജില്ലയിലെ മുഴുവന്‍ നെല്‍കര്‍ഷകരെയും ഇന്‍ഷുര്‍ പദ്ധതിയില്‍ നിര്‍ബന്ധപൂര്‍വം ചേര്‍ത്തിരുന്നു. ഈ വര്‍ഷം 7956 ഹെക്റ്ററിലാണ് ജില്ലയില്‍ നെല്‍കൃഷി. ഇതില്‍ പാടശേഖര സമിതി മുഖേന കൃഷി ചെയ്യുന്ന മുഴുവന്‍ പേരും ഇന്‍ഷുര്‍ പ്രീമിയം അടച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ കര്‍ഷകര്‍ക്ക് പരിരക്ഷ ലഭിക്കുമെന്നായിരുന്നു കൃഷി ഓഫിസര്‍മാര്‍ പറഞ്ഞിരുന്നത്. ജില്ലയിലെ നെല്‍കൃഷിയെയും പരിരക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന കൃഷിവകുപ്പിന് ജില്ലാ കൃഷി ഓഫിസര്‍ അഭ്യര്‍ഥന നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ ഇതു സംബന്ധിച്ച് യാതൊരു പ്രതികരണവും സര്‍ക്കാരില്‍ നിന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളമുണ്ടയിലെ നിരവധി കര്‍ഷകരുടെ നെല്‍കൃഷി കീടബാധയേറ്റു നശിച്ചിരുന്നു. ഇവര്‍ കൃഷിഭവനെ സമീപിച്ചപ്പോള്‍ ഇന്‍ഷുര്‍ തുക ലഭിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ രോഗബാധ കാരണം നെല്‍കൃഷി നശിച്ച കര്‍ഷകര്‍ കടുത്ത നിരാശയിലും കടക്കെണിയിലുമായി. ജില്ലയില്‍ നെല്‍കൃഷി ഓരോ വര്‍ഷവും കൂടുതല്‍ നഷ്ടത്തിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളും കര്‍ഷകര്‍ക്കു തിരിച്ചടിയാവുകയാണ്.
Next Story

RELATED STORIES

Share it