രോഗപ്രതിരോധവും മാലിന്യശുചീകരണവും വീഴ്ചവരുത്തുന്ന നഗരസഭാ സെക്രട്ടറിമാര്‍ക്കെതിരേ കര്‍ശന നടപടി

എച്ച് സുധീര്‍

പത്തനംതിട്ട: സംസ്ഥാനത്ത് ഗുരുതരമായ വിധത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചതോടെ രോഗപ്രതിരോധവും ശുചീകരണവും വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. രോഗപ്രതിരോധത്തിലും മാലിന്യശുചീകരണത്തിലും വീഴ്ചവരുത്തുന്ന നഗരസഭാ സെക്രട്ടറിമാര്‍ക്കെതിരേ കര്‍ശന നടപടിക്കും നിര്‍ദേശമുണ്ട്.
സംസ്ഥാനത്തെ വിവിധ നഗരസഭാപ്രദേശങ്ങളില്‍ വിവിധയിനം പനിരോഗങ്ങളും മറ്റു പകര്‍ച്ചവ്യാധികളും മഴക്കാലരോഗങ്ങളും വര്‍ധിച്ചിട്ടും നഗരസഭകളുടെ ഭാഗത്തുനിന്നു കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നില്ലെന്നതാണ് വസ്തുത. നഗരസഭാ സെക്രട്ടറിമാര്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം മേല്‍നോട്ടം വഹിക്കാത്തതിനാല്‍ റോഡരികില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കെട്ടിക്കിടക്കുകയും ഓടകളിലെ മാലിന്യങ്ങള്‍ യഥാസമയം നീക്കംചെയ്യാത്തതിനാല്‍ കെട്ടിക്കിടക്കുന്ന ജലത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകുകയും ചെയ്യുന്ന അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിലുമെത്തി. ഈ സാഹചര്യത്തിലാണ് മേല്‍നോട്ടം വഹിക്കുന്നതില്‍ വീഴ്ചവരുത്തുന്ന നഗരസഭാ സെക്രട്ടറിമാര്‍ക്കെതിരേ കര്‍ശന നടപടിക്ക് മുഖ്യമന്ത്രി തന്നെ നിര്‍ദേശം നല്‍കിയത്.
ശുചീകരണപ്രവര്‍ത്തനങ്ങളുടെയും മഴക്കാലരോഗ പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിക്കാനായി നഗരസഭാ സെക്രട്ടറിമാര്‍ എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ 7.30 വരെയെങ്കിലും നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ മുന്നറിയിപ്പില്ലാതെ നേരിട്ട് സന്ദര്‍ശനം നടത്തണമെന്നാണ് പുതിയ നിര്‍ദേശം. ഇതുപ്രകാരം സന്ദര്‍ശനം നടത്തി ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതിന്റെ വിശദാംശങ്ങള്‍ പ്രതിദിനം നഗരകാര്യ ഡയറക്ടര്‍ക്ക് കൈമാറണം.
എല്ലാ സെക്രട്ടറിമാരും ചുമതലയുള്ള നഗരസഭയുടെ പരിധിക്കുള്ളില്‍ നിര്‍ബന്ധമായും താമസിക്കണമെന്നാണ് നിബന്ധന. എന്നാല്‍, സെക്രട്ടറിമാരില്‍ പലരും നഗരസഭയുടെ പരിധിയില്‍ താമസിക്കുന്നവരല്ല. വിദൂര സ്ഥലങ്ങളില്‍നിന്നും ദിവസേന ഓഫിസില്‍ വന്നുപോവുകയാണു പലരും. ഇതൊഴിവാക്കി ഇനിമുതല്‍ എല്ലാ സെക്രട്ടറിമാരും നഗരസഭയുടെ പരിധിയില്‍ താമസിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക വസതി ലഭ്യമായില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ ഈ മാസം മുതല്‍ വാടകയ്ക്ക് കെട്ടിടം എടുത്തുനല്‍കണം. ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി സമയത്ത് പേരും തസ്തികയും രേഖപ്പെടുത്തിയ യൂനിഫോം ധരിക്കണമെന്നും നിര്‍ദേശമുണ്ട്. യൂനിഫോം ധരിക്കാത്തവര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണം.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും മറ്റിതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. പകര്‍ച്ചപ്പനി സംബന്ധിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ആരോഗ്യവകുപ്പുമായി പങ്കുവച്ച് തുടര്‍പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണമെന്നും തദ്ദേശഭരണ വകുപ്പിന് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. കൂടുതല്‍ രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലേക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്നു നേരിട്ടു നിര്‍ദേശങ്ങള്‍ നല്‍കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നഗരകാര്യ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍ ഡോ. ഉമ്മു സല്‍മയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it