Editorial

രോഗപ്രതിരോധത്തിനാണ് മുന്‍ഗണന വേണ്ടത്

ഇടവപ്പാതി കടന്നുവരും മുമ്പേതന്നെ പനിമരണങ്ങളുടെ ദുഃഖവാര്‍ത്തകളാണ് മലയാളികളെ വരവേല്‍ക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ അപൂര്‍വമായ വൈറല്‍ പനി ബാധിച്ച് മരിക്കാനിടയായി. പുതിയ രോഗങ്ങള്‍ കടന്നുവരുന്നതിന്റെ സൂചനയാണത്. ഇതിനു മുമ്പും സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്ക് വിശദീകരണം നല്‍കാന്‍ പറ്റാത്ത പനിമരണങ്ങളുണ്ടായി.
പനിമരണങ്ങള്‍ വാര്‍ത്തയാവുന്നതോടെ ഓടിനടന്നു നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണത്തിനുമപ്പുറം സ്ഥായിയായൊരു ആരോഗ്യ കര്‍മപദ്ധതിയുടെ അഭാവം നമ്മുടെ ഏറ്റവും വലിയ പരാധീനതയാണെന്ന ബോധം ഭരണകൂടത്തിനോ പൊതുജനങ്ങള്‍ക്കോ ഇപ്പോഴും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെയാണ് ദുരനുഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നിട്ടും കാലേക്കൂട്ടിയുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ കഴിയാതെപോവുന്നത്.
അതേസമയം, രാജ്യത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ മേഖലയില്‍ കുടുംബാരോഗ്യ കേന്ദ്രം മുതല്‍ കിടയറ്റ മെഡിക്കല്‍ കോളജുകള്‍ വരെ നമുക്കുണ്ട്. എന്നിട്ടും വിവിധയിനം പനികള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് നാം.
പരിസരശുചിത്വത്തിനു പകര്‍ച്ചവ്യാധികളെ അകറ്റിനിര്‍ത്തുന്നതില്‍ പ്രധാന പങ്കാണുള്ളത്. ആരോഗ്യ പരിപാലനത്തെക്കുറിച്ചും ശുചിത്വബോധത്തെക്കുറിച്ചും അനല്‍പമായ അഹങ്കാരവും നമുക്കുണ്ട്. എന്നാല്‍, പരിസര മലിനീകരണത്തിന്റെ കാര്യത്തില്‍ ഇതര സംസ്ഥാനങ്ങളോട് മല്‍സരിക്കുകയാണ് നമ്മള്‍ എന്നത് ചുറ്റുപാടുമൊന്നു കണ്ണോടിച്ചാല്‍ വ്യക്തമാവും. മാലിന്യക്കൂമ്പാരങ്ങളും നിറഞ്ഞുകവിഞ്ഞ ഓടകളും വൃത്തിഹീനമായ വഴിയോരങ്ങളും മലീമസമായ ജലാശയങ്ങളും അതിന്റെ പ്രതിഫലനമാണ്. സാക്ഷരകേരളത്തില്‍ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരങ്ങളില്‍ ഒന്നുപോലുമില്ല. നമുക്കു ചുറ്റുമുള്ളതാവട്ടെ കൊതുകു ഫാക്ടറികളാണ്. കൊതുകു നശീകരണത്തിനോ മഴക്കാലപൂര്‍വ ശുചീകരണത്തിനോ വേണ്ടിയുള്ള നമ്മുടെ പ്രയത്‌നങ്ങള്‍ എവിടെയും എത്തുന്നില്ലെന്നതാണ് വാസ്തവം.
എച്ച്1 എന്‍1, എലിപ്പനി, ഡെങ്കിപ്പനി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം (ഇപ്പോഴിതാ പുതിയ അപൂര്‍വ വൈറല്‍ പനിയും) തുടങ്ങി വിവിധ സാംക്രമിക രോഗങ്ങള്‍ ആശങ്കാജനകമാംവിധം വ്യാപകമാവുമ്പോഴേ നമ്മുടെ വിവേകം ഉണരുകയുള്ളൂ. ജലജന്യ രോഗങ്ങളുടെ കാരണങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ നമുക്ക് കഴിയണം.
വിവിധ ചികില്‍സാ ശാഖകള്‍ തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ നിര്‍ത്തി ഏകോപനത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും തയ്യാറാവണം. പരിസര ശുചീകരണം ഓരോ വ്യക്തിയും സ്വന്തം കടമയായി ഏറ്റെടുത്ത് ശക്തമായ ആരോഗ്യാവബോധം സമൂഹത്തിലുടനീളം പുലര്‍ത്താന്‍ കഴിയണം. രോഗചികില്‍സയേക്കാള്‍ പ്രധാനം രോഗപ്രതിരോധമാണെന്ന മന്ത്രം ആവര്‍ത്തിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അതിനുള്ള കൂട്ടായ യത്‌നമാണ് ഉണ്ടാവേണ്ടത്.
Next Story

RELATED STORIES

Share it