Editorial

രോഗം വരുന്നത് ഒരു കുറ്റമാണോ?

നിപാ വൈറസ് ബാധ സൃഷ്ടിച്ച സംഭ്രാന്തിയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കടുത്ത സുരക്ഷിതത്വ നടപടികളിലേക്കു തിരിയുന്നത് സ്വാഭാവികമാണ്. ആരോഗ്യ വകുപ്പ് അധികൃതരും റവന്യൂ അധികാരികളുമെല്ലാം നിരന്തരമായ ജാഗ്രതയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത് കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാനാണ്. അതുകൊണ്ടാണ് ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ ഒഴിവാക്കാനും രോഗികളോട് ഇടപഴകുന്നതില്‍ സൂക്ഷ്മത പുലര്‍ത്താനും മറ്റും കോഴിക്കോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചത്. തീര്‍ത്തും ഫലപ്രദമായ ചികില്‍സയോ മരുന്നോ ഇല്ലാത്ത അവസ്ഥയില്‍ ജാഗ്രത തന്നെയാണ് രക്ഷാമാര്‍ഗം.
എന്നാല്‍, ഈ ജാഗ്രത രോഗികളുമായി ബന്ധമുള്ളവരോടുള്ള വിവേചനമായി മാറുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ദുഃഖകരമാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് വിലക്കു കല്‍പിക്കുന്നു പോലും ചിലര്‍. ബസ്സില്‍ കയറിയ നഴ്‌സുമാരെ മാറ്റിയിരുത്തുകയും ഡോക്ടര്‍മാരോടും മറ്റു ജീവനക്കാരോടും വിവേചനപൂര്‍വം പെരുമാറുകയും ചെയ്യുന്നുവെന്നാണ് പരാതി. ആശുപത്രി ജീവനക്കാരെയും രോഗികളെയും ഓട്ടോറിക്ഷകളില്‍ കയറ്റുന്നില്ലെന്ന ആക്ഷേപവുമുണ്ട്. വൈറസ് ബാധിതനായ രോഗിയെ ശുശ്രൂഷിച്ചതിലൂടെ മരണം ഏറ്റുവാങ്ങിയ ലിനി എന്ന നഴ്‌സിന്റെ മഹത്തായ മാതൃകയെ ഒരുവശത്ത് വാഴ്ത്തിപ്പറയുമ്പോള്‍ തന്നെയാണ്, പ്രായോഗികതലത്തില്‍ ത്യാഗമൂര്‍ത്തികളായ ആശുപത്രി ജീവനക്കാരെ നാം അകറ്റിനിര്‍ത്തുന്നത്. അണ്ടിയോടടുക്കുമ്പോള്‍ മാങ്ങ പുളിക്കുന്നു!
നിപാ വൈറസ് ബാധിച്ചു മരിച്ച രാജന്‍ എന്ന വ്യക്തിക്ക് നാട്ടുകാര്‍ മാത്രമല്ല, ആരോഗ്യ വകുപ്പ് അധികൃതരും ഊരുവിലക്ക് പ്രഖ്യാപിച്ചുവത്രേ. നിപായെ പേടിക്കരുതെന്ന് ബോധവല്‍ക്കരണം നടത്തുന്ന ഉദ്യോഗസ്ഥര്‍ മാസ്‌കും ഗ്ലൗസും വീട്ടിലേക്കുള്ള വഴിയിലിട്ടു മടങ്ങിയത്രേ. മന്ത്രിമാരും എംഎല്‍എമാരും മറ്റു ജനപ്രതിനിധികളുമെല്ലാം ഇതേ മനോനിലയാണ് പുലര്‍ത്തുന്നത്. രോഗം ബാധിച്ചു മരിച്ച ആള്‍ക്ക് ചിതയൊരുക്കാന്‍ ശ്മശാനജീവനക്കാര്‍ വിസമ്മതിച്ചതും മറ്റും നമ്മുടെ പൗരബോധം എത്രത്തോളം തരംതാണുപോയി എന്നതിന്റെ തെളിവാണ്. രോഗഭീതിയേക്കാളേറെ മനുഷ്യത്വരഹിതമായ വിവേചനബുദ്ധിയാണ് ഇത്തരം നടപടികള്‍ക്കു പിന്നിലുള്ള വികാരം. ഇതൊന്നും പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടാവുന്നവയല്ല; കര്‍ശന നടപടികള്‍ എടുക്കേണ്ട തിന്മ തന്നെയാണ്.
ഈ അവസ്ഥയില്‍ ആവശ്യമായ മുന്‍കരുതലോടെ വൈറസ് ബാധിതരെ ശുശ്രൂഷിക്കാന്‍ തയ്യാറാവുന്നവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഡോക്ടര്‍മാരും നഴ്‌സുമാരും മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച മൂസ മുസ്‌ല്യാരുടെ മൃതദേഹം ഖബറടക്കാന്‍ മുന്നോട്ടുവന്ന യുവാക്കള്‍ ഉറവ വറ്റാത്ത മനുഷ്യസ്‌നേഹത്തിന്റെ മുഖമുദ്രകളാണ്. രോഗഭീതിയാല്‍ ആളുകള്‍ക്ക് അയിത്തം കല്‍പിക്കുന്നവരിലല്ല, ഇത്തരം മനുഷ്യസ്‌നേഹികളിലാണ് ലോകത്തിന്റെ ഭാവി.
Next Story

RELATED STORIES

Share it