thiruvananthapuram local

രോഗം ഭേദമായ 60 പേര്‍ സെല്ലുകളില്‍

തിരുവനന്തപുരം: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗം ഭേദമായ 60 പേര്‍ സെല്ലുകളില്‍ കഴിയുന്നതായി കണക്കുകള്‍. ഇതില്‍ കൂടുതലും ഇതരസംസ്ഥാനക്കാര്‍. രോഗം ഭേദമായവരും ആശുപത്രിയില്‍ തുടരുന്നതോടെ സ്ഥലപരിമിതി ആശുപത്രി അധികൃതര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്.
അനുവദിക്കപ്പെട്ട രോഗികളുടെ എണ്ണത്തേക്കാള്‍ രോഗികള്‍ എത്തിയതോടെ കിടത്തിച്ചികിത്സിക്കാന്‍ സ്ഥലമില്ലാതെയായി.  ആശുപത്രിയില്‍ പരമാവധി കിടത്തിച്ചികിത്സിക്കാനായി ഉള്ളത് 531 മെത്തകളാണ്. കഴിഞ്ഞദിവസം രോഗികളുടെ എണ്ണം 534ല്‍ എത്തി. ഇനി രോഗികളെ എവിടെ പ്രവേശിപ്പിക്കും എന്ന അങ്കലാപ്പിലാണ് ആശുപത്രി അധികൃതര്‍. മാനസിക പ്രശ്‌നങ്ങളുള്ളവരായതിനാല്‍ പ്രത്യേകശ്രദ്ധ കൊടുത്തുവേണം ചികിത്സ നടത്താന്‍. ഇതിനു കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നിലവില്‍ ഫോറന്‍സിക് വാര്‍ഡില്‍ മാത്രം 80 പേര്‍ കഴിയുന്നുണ്ട്. വിവിധ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ട് മാനസിക അസ്വസ്ഥതയുമായി കഴിയുന്ന അന്‍പതോളം പേരുണ്ട്. വിവിധ കോടതികളില്‍നിന്നായി ചികിത്സയ്ക്കായി ദിനംതോറും ഇത്തരക്കാരായ രോഗികള്‍ എത്തുന്നുണ്ട്. രോഗം ഭേദമായിട്ടും ആശുപത്രിയില്‍ തുടരുന്ന 60 പേരെ ഇവിടെനിന്ന് മാറ്റിയാല്‍ പ്രശ്‌നം പരിഹരിക്കാനാകും.  ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോക്ടര്‍ സാഗറിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധസംഘടനകളുമായും എസ്എപി. ക്യാംപുമായും സഹകരിച്ച് നിരവധിപേരെ സ്വന്തം നാടുകളിലേക്ക് അയച്ചിരുന്നു. എന്നാല്‍, രോഗം ഭേദമായവരുടെ എണ്ണം വര്‍ധിച്ചതോടെ ഇവരെ മടക്കിയയയ്ക്കാന്‍ സര്‍ക്കാര്‍ സഹായം കൂടിയേ തീരൂ എന്ന നില വന്നിട്ടുണ്ട്. രോഗമുള്ളവരും രോഗം ഭേദമായവരും ഒരേസ്ഥലത്ത് തുടരുന്നത് സംഘര്‍ഷത്തിനും കാരണമാകുന്നുണ്ട്. പൊതുവെ ജീവനക്കാര്‍ കുറവുള്ള ആശുപത്രിയില്‍ രോഗികളുടെ എണ്ണം പെരുകുന്നത് കടുത്ത ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നീങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന്  അധികൃതരും പറയുന്നു. രോഗം മാറിയിട്ടും ആശുപത്രികളില്‍ കഴിയുന്നവരെ വീട്ടിലേക്ക് അയയ്ക്കാന്‍ സര്‍ക്കാരിന് സാമ്പത്തിക സഹായം നല്‍കാന്‍ സാധിക്കും. ഇത്തരം കാര്യങ്ങള്‍ക്കായി ഫണ്ടും സര്‍ക്കാര്‍ മാറ്റിവയ്ക്കാറുണ്ട്. ഈ ഫണ്ട് അനുവദിച്ചാല്‍ നിലവില്‍ രോഗം ഭേദമായി കഴിയുന്നവരെ സ്വന്തം സ്ഥലങ്ങളിലേക്ക് തിരികെ അയയ്ക്കാം. അധികൃതര്‍ ഈ ഫണ്ടിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it