kozhikode local

രോഗം ഭേദമായ അജന്യ ഇന്ന് ആശുപത്രി വിടും; ഉബീഷ് വ്യാഴാഴ്ചയും

കോഴിക്കോട്: സംസ്ഥാനത്തെ ആരോഗ്യരംഗത്തെയാകെ ഭീതിയിലാഴ്ത്തിയ നിപാ വൈറസ് രോഗം സ്ഥിരീകരിച്ചശേഷം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്ന രണ്ടുപേരെ ആരോഗ്യമന്ത്രി കെ കെ ശൈലജ സന്ദര്‍ശിച്ചു. രോഗം ഭേദമായ അജന്യയെ ഇന്നും ഉബീഷിനെ വ്യാഴാഴ്ചയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാജ് ചെയ്യുമെന്ന് ഐസോലേഷന്‍ വാര്‍ഡ് സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു.
ഇവരെ വീട്ടിലേക്ക് വിട്ടാലും ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞതുപോലെ പൂര്‍ണ വിശ്രമം എടുക്കുകയും നന്നായി പരിചരിക്കുകയും വേണം. രണ്ടുപേരും നല്ല ഉഷാറായിരിക്കുകയാണെന്നത് എല്ലാവര്‍ക്കും ആശ്വാസം പകരുന്നു. ഇവര്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലാത്ത ജീവിതത്തിലേക്ക് തിരിച്ചുവരണം. രോഗം മാറിയത് എല്ലാവര്‍ക്കും വളരെയധികം അഭിമാനമുണ്ടാക്കുന്ന കാര്യമാണ് ആരോഗ്യമന്ത്രി പറഞ്ഞു. റിബവിറിന്‍ മരുന്ന് തന്നെയാണ് ഇവര്‍ക്ക് കൊടുത്തത്. എന്നാല്‍  മരുന്നിന്റെ മറ്റ് അനന്തര ഫലങ്ങളെല്ലാം ശാസ്ത്രലോകമാണ് വിലയിരുത്തേണ്ടത്. ഇപ്പോള്‍ നമുക്ക് ലഭിക്കുന്നതില്‍ ഏറ്റവും നല്ല മരുന്നാണിത്. ശാസ്ത്രലോകം നിര്‍ദേശിച്ച പ്രകാരമാണ് നാം ഇത് കൊടുത്തത്. കൂടാതെ ഇവരുടെ രോഗപ്രതിരോധശക്തിയും രോഗം ഭേദമാവാന്‍ ഒരു ഘടകമായിട്ടുണ്ട്- ആരോഗ്യ മന്ത്രി വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ചശേഷം രോഗം ഭേദമായ സംഭവം ലോകത്തൊരിടത്തും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മലേഷ്യയിലും ബംഗഌദേശിലും നിപാ വൈറസ് രോഗം 80 ശതമാനവും 75 ശതമാനവും ഒക്കെ മരണനിരക്ക് രേഖപ്പെടുത്തിട്ടുണ്ട്. ഇവിടെ പോസിറ്റീവായ കേസാണ് ആരോഗ്യവകുപ്പിന്റെയും എല്ലാവരുടെ നിരന്തരശ്രമഫലമായി ഭേദപ്പെട്ടിരിക്കുന്നത്. എല്ലാം രേഖപ്പെടുത്തി നിരവധി തവണ പരിശോധന നടത്തിയാണ് നെഗറ്റീവ് ഫലം സ്ഥിരീകരിച്ചത്. ഇത് ലോകത്തെ ആദ്യത്തെ സംഭവമാണ്. ലോകത്ത് നാളെ നടക്കുന്ന ഗവേഷണങ്ങള്‍ക്ക് ഇവിടത്തെ ഫലം ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് വരുന്നതിന് ഇപ്പോള്‍ ഒരു തടസ്സവുമില്ല.
രോഗികള്‍ വരാന്‍ മടികാണിക്കേണ്ട ഒരു കാര്യവുമില്ല. വരുന്ന രോഗികള്‍ക്ക് എന്തെങ്കിലും സംശയകരമായ അവസ്ഥ കണ്ടെത്തിയാല്‍ ഐസോലേഷന്‍ വാര്‍ഡില്‍ എല്ലാ സജ്ജീകരണങ്ങളുമുണ്ട്.  നിപാ വൈറസ് ബാധിച്ച്  മരിച്ച അവസാനത്തെ കേസില്‍ നിന്ന് ഇന്‍ക്യുബേഷന്‍ കാലാവധി 42 ദിവസമാണ്. അതുകൊണ്ടാണ് ജൂണ്‍ അവസാനം വരെ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കലക്ടര്‍ യു വി ജോസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത, എ  പ്രദീപ്കുമാര്‍ എംഎല്‍എ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വി ആര്‍ രാജേന്ദ്രന്‍, സൂപ്രണ്ട് കെ ജി സജിത്ത്കുമാര്‍, മണിപ്പാല്‍ വൈറേളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ജി അരുണ്‍കുമാര്‍, ഡിഎംഒ ഡോ.വി ജയശ്രീ എന്നിവരും മന്ത്രിയൊടൊപ്പം ഐസോലേഷന്‍ വാര്‍ഡ് സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it