രേഖകള്‍ സമര്‍പ്പിച്ചില്ല; രാജ്യത്തെ 21 ലക്ഷം കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരേ നടപടി

ന്യൂഡല്‍ഹി: രാജ്യത്തെ കെവൈസി രേഖകള്‍ (നോ യുവര്‍ കസ്റ്റമര്‍) സമര്‍പ്പിക്കാത്ത 21 ലക്ഷം കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരേ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഡയറക്ടര്‍മാരുടെ തിരിച്ചറിയല്‍ നമ്പറായ ഡിഐഎന്‍ റദ്ദ് ചെയ്താണ് ആദ്യ നടപടി. 5000 രൂപ പിഴയോടൊപ്പം കെവൈസിയും അപേക്ഷയും നല്‍കിയാല്‍ വീണ്ടും ഡിഐഎന്‍ നമ്പര്‍ ലഭിക്കുമെങ്കിലും മറ്റു നിയമനടപടികള്‍ക്കു വിധേയമാവേണ്ടിവരുമെന്നാണറിയുന്നത്.
കള്ളപ്പണമൊഴുക്കാന്‍ ഉപയോഗിക്കുന്ന ചില താല്‍ക്കാലിക കമ്പനികള്‍ക്കെതിരേ നടപടിയെടുക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം ശക്തമായ നടപടിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. കെവൈസി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമയം ഇക്കഴിഞ്ഞ 15ന് അവസാനിച്ചിരുന്നു. എന്നാല്‍, ആകെയുള്ള 33 ലക്ഷം ഡയറക്ടര്‍മാരില്‍ 12.16 ലക്ഷം പേര്‍ മാത്രമാണ് കെവൈസി സമര്‍പ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ബാക്കിയുള്ളവരുടെ ഡിഐഎന്‍ നമ്പറാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മൂന്നുലക്ഷം പേരുടെ ഡയറക്ടര്‍ഷിപ്പ് റദ്ദാക്കിയിരുന്നു. ഈ ഡയറക്ടര്‍മാര്‍ വര്‍ഷങ്ങളായി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തുന്നില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

Next Story

RELATED STORIES

Share it