രേഖകളില്ലാതെ പിടിയിലായ പാക് പൗരനെ നാടുകടത്തും

കണ്ണൂര്‍: ആവശ്യമായ രേഖകളില്ലാതെ പിടിയിലായി ശിക്ഷിക്കപ്പെട്ട പാക് പൗരനെ നാടുകടത്താന്‍ തീരുമാനം. പാകിസ്താന്‍ പൗരനായ അബ്ദുല്‍ ബഷീറിനെ(32)യാണ് കണ്ണൂര്‍ ടൗണ്‍ പോലിസ് ഇന്നലെ വൈകീട്ട് കാസര്‍കോട് പോലിസിനു കൈമാറിയത്. ബഷീറിന്റെ മാതാവ് സെബിന്‍ ഹാത്തു പാകിസ്താന്‍ സ്വദേശിനിയും പിതാവ് സയ്യിദ് ഹുസയ്ന്‍ സൗദി വംശജനുമാണ്.
രണ്ടുവര്‍ഷം മുമ്പാണ് ഇദ്ദേഹം ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തിയത്. പുഴ നീന്തിക്കടന്നാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നാണു നിഗമനം. ഇതിന് ശേഷം ഹൈദരാബാദില്‍ ജോലിചെയ്ത യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ജോലി ഉപേക്ഷിച്ച് തീവണ്ടിയില്‍ എവിടേക്കെന്നില്ലാതെ യാത്ര ചെയ്യുകയുമായിരുന്നു. പിന്നീട് കാസര്‍കോട്ടെത്തിയപ്പോഴാണ് ആവശ്യമായ യാത്രാരേഖകളില്ലാത്തതിനാല്‍ പോലിസ് പിടികൂടിയത്. തുടര്‍ന്ന് കോടതി ബഷീറിനെ രണ്ടുവര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
പിഴയടച്ചില്ലെങ്കില്‍ ഒരുമാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അബ്ദുല്‍ ബഷീറിനെ കോടതി ഉത്തരവ് പ്രകാരം 2014 ഏപ്രില്‍ 23ന് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയ്ക്കായി അയച്ചു.
ഒരു വര്‍ഷത്തെ ചികില്‍സയ്ക്കു ശേഷം സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന ഇയാളുടെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചതോടെയാണ് ടൗണ്‍ പോലിസിന് കൈമാറിയത്.
അബ്ദുല്‍ ബഷീറിനെ അറസ്റ്റ് ചെയ്തത് കാസര്‍കോട് പോലിസായതിനാലാണ് നടപടിക്രമങ്ങളുടെ ഭാഗമായി കാസര്‍കോട് പോലിസിന് കൈമാറിയത്. ഇതിനു ശേഷം എംബസിയുമായി ബന്ധപ്പെട്ട് നാടുകടത്തിവിടാനാണ് തീരുമാനം.
Next Story

RELATED STORIES

Share it