wayanad local

രേഖകളില്ലാതെ പണം കടത്തല്‍: ഇതുവരെ പിടികൂടിയത് 33.36 ലക്ഷം

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്‌ളൈയിങ് സ്‌ക്വാഡ് ജില്ലയിലെ മൂന്നു മണ്ഡലങ്ങളില്‍ നടത്തിയ വാഹനപരിശോധനയില്‍ ഇതുവരെ പിടികൂടിയത് രേഖകളില്ലാതെ കടത്തിയ 33,36,000 രൂപ. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ അഞ്ചു വരെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫ്‌ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന തുക പിടികൂടിയത്.
ലക്കിടി, ബീനാച്ചി, ബോയ്‌സ് ടൗണ്‍, നിരവില്‍പ്പുഴ വാളാംതോട്, മുത്തങ്ങ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ പണം പിടികൂടിയത്. വൈത്തിരി അഡീഷനല്‍ തഹസില്‍ദാര്‍ ചാമിക്കുട്ടി, മാനന്തവാടി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ എം രാജു, സുല്‍ത്താന്‍ ബത്തേരി അഡീഷനല്‍ തഹസില്‍ദാര്‍ എന്‍ കെ അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്.
ഇതില്‍ ഏറ്റവും വലിയ പണവേട്ട നടന്നത് മുത്തങ്ങ ചെക്‌പോസ്റ്റിലാണ്- 12.47 ലക്ഷം. മൈസൂരില്‍ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറില്‍ നിന്നാണ് എക്‌സൈസ് സംഘം പണം പിടികൂടിയത്. കല്‍പ്പറ്റ, മാനന്തവാടി നിയോജക മണ്ഡലത്തില്‍ മൂന്നു തവണയും സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ രണ്ടു തവണയുമാണ് രേഖകളില്ലാതെ കടത്തിയ പണം പിടികൂടിയത്. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ മാര്‍ച്ച് 22ന് 1.94 ലക്ഷം, 29ന് 1 ലക്ഷം, ഏപ്രില്‍ രണ്ടിന് 3 ലക്ഷം, മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഏപ്രില്‍ രണ്ടിന് തലപ്പുഴ ബോയ്‌സ് ടൗണില്‍ വച്ച് 4 ലക്ഷം, നാലിന് 3 ലക്ഷം, അഞ്ചിന് 5 ലക്ഷം, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ മാര്‍ച്ച് 31ന് 2.95 ലക്ഷം. ഏപ്രില്‍ 2ന് 12,47,000 രൂപ കണ്ടുകെട്ടി. കാറിലും ബൈക്കിലുമായി കടത്തിയ പണമാണ് ഫ്‌ളൈയിങ് സ്‌ക്വാഡ് കണ്ടുകെട്ടിയത്. കേസ് ന്യായമാണെങ്കില്‍ രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പണം തിരികെ നല്‍കും.
ഇതിനായി ജില്ലയില്‍ അപ്പീല്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. എട്ടു കേസുകളില്‍ ഏഴു പേരും പണത്തിന്റെ രേഖകള്‍ അപ്പീല്‍ കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച് മുറയ്ക്ക് പണം തിരികെ നല്‍കിയതായി അപ്പീല്‍ കമ്മിറ്റി കണ്‍വീനറും കലക്ടറേറ്റ് ഫിനാന്‍സ് ഓഫിസറുമായ എം കെ രാജന്‍ പറഞ്ഞു.
അതേസമയം, മുത്തങ്ങ ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം പിടികൂടിയ 12,47,000 രൂപ ആദായ നികുതി വകുപ്പിന് കൈമാറി. അമ്പതിനായിരം രൂപ മുതല്‍ പത്ത് ലക്ഷം വരെയുള്ള കേസുകളാണ് അപ്പീല്‍ കമ്മിറ്റി തീര്‍പ്പാക്കുക. ഇതിനു മുകളില്‍ വരുന്ന തുക ആദായ നികുതി വകുപ്പിന് കൈമാറും. കലക്ടറേറ്റ് ഫിനാന്‍സ് ഓഫിസര്‍ എം കെ രാജന്‍ കണ്‍വീനറായ അപ്പീല്‍ കമ്മിറ്റിയില്‍ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍, ജില്ലാ ട്രഷറി ഓഫിസര്‍ എന്നിവരാണ് അംഗങ്ങള്‍. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക സ്‌ക്വാഡുകള്‍ മൂന്നു മണ്ഡലങ്ങളിലും ഊര്‍ജിച പരിശോധന നടത്തുകയാണ്.
Next Story

RELATED STORIES

Share it