Districts

രൂപേഷിനെ ആഭ്യന്തരസുരക്ഷാ വിഭാഗത്തിനു കൈമാറി

മഞ്ചേരി: ലഘുലേഖ വിതരണം ചെയ്ത കേസില്‍ മാവോവാദി നേതാവ് രൂപേഷിനെ(39) ആഭ്യന്തരസുരക്ഷാ വിഭാഗത്തിന് (ഐഎസ്‌ഐടി)മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വിട്ടുനല്‍കി. നിലമ്പൂര്‍ കവളമുക്കട്ടയിലെ സിനിഖ് എന്ന ബേബിയുടെ വീട്ടില്‍ ശശി എന്നയാളുമൊത്ത് ഒളിവില്‍ താമസിച്ചു മാവോവാദികളെ അനുകൂലിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന കേസില്‍ ചോദ്യം ചെയ്യാനാണ് ഐഎസ്‌ഐടിക്ക് വിട്ടുനല്‍കിയത്. നാളെ വൈകുന്നേരം വരെ ചോദ്യംചെയ്ത ശേഷം കോടതിയില്‍ തിരിച്ചേല്‍പ്പിക്കും.

ഐഎസ്‌ഐടി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മായീലിന്റെ നേതൃത്വത്തിലാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. ലഘുലേഖ പ്രിന്റ് ചെയ്തതും വിതരണം ചെയ്യാനേല്‍പ്പിച്ചതും രൂപേഷാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2010 ജൂലൈ 23നാണു സംഭവം. രൂപേഷിനൊപ്പം തണ്ടര്‍ബോള്‍ട്ട് സംഘവും കാഴ്ചക്കാരും എത്തിയതോടെ കോടതി വളപ്പില്‍ ജനം തിങ്ങിനിറഞ്ഞു. ലീഗല്‍ അഡൈ്വസറുമായി സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്നു രൂപേഷ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഈ വിവരമറിയാത്തതിനാല്‍ കാണാന്‍ കഴിഞ്ഞില്ലെന്നു രൂപേഷിന്റെ നിയമോപദേഷ്ടാവ് അഡ്വ. പി എ പൗരന്‍ അറിയിച്ചു. ശേഷം ഡിവൈഎസ്പിയുടെ അനുവാദത്തോടെ രൂപേഷുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും പൗരന്‍ പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ രൂപേഷ് അഴിമതിക്കെതിരേ മുദ്രാവാക്യം മുഴക്കിയിരുന്നു. അഴിമതിക്കാരായ മന്ത്രിമാരെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യുക, മാവോയിസ്റ്റ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കോടതി വളപ്പിലൂടെ വിളിച്ചു പറഞ്ഞു നടക്കുകയായിരുന്നു. ഇതിനിടെ കോടതിക്കു പുറത്തു നിന്നും രൂപേഷിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ സ്വദേശികളായ ദീപേഷ്(29), സുമേഷ്(30), പ്രജേഷ്(23), സന്തോഷ് എന്നിവര്‍ക്കെതിരേയാണ് മഞ്ചേരി പോലിസ് കേസെടുത്തത്.
Next Story

RELATED STORIES

Share it