Idukki local

രൂപരേഖയില്‍ നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അതൃപ്തി

തൊടുപുഴ: തൊടുപുഴ നഗരത്തില്‍ പുതുക്കി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ രൂപരേഖയില്‍ നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അതൃപ്തി.  കരാറുകാരുടെ സ്ട്രക്ച്ചറല്‍ ലേഔട്ടും ആര്‍ക്കിടെക്ച്ചറല്‍ പ്രെപ്പോസലും തൃപ്തികരമല്ലെന്നും  രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തി പുനരവതരിപ്പിച്ച് കരാറുകാര്‍ക്ക് അംഗീകാരം നല്‍കാനും കമ്മിറ്റിക്ക് കൗണ്‍സില്‍ നിര്‍ദേശം നല്‍കി.
സെല്ലാര്‍ ഫ്‌ളോര്‍ പാര്‍ക്കിങിനായി മാറ്റിവയ്ക്കണം, ഗ്രൗണ്ട് ഫ്‌ളോറിലേക്ക് നേരിട്ട് പി.ഡബ്ല്യു.ഡി റോഡില്‍ നിന്ന്ം പൂര്‍ണമായ പ്രവേശനം നല്‍കണം തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് കൗണ്‍സില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ആറരക്കോടി മുതല്‍ മുടക്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുര്‍ത്തിയാക്കുക, കെമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, പാര്‍ക്കിങ് സൗകര്യങ്ങള്‍ വിപുലീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.  ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നത് വന്‍ തുക വായ്പയെടുത്തായതിനാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകാത്ത രീതിയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഒന്നും രണ്ടും നിലകള്‍ നല്‍കണമെന്ന് ജെസി ആന്റണി പറഞ്ഞു. കൂടാതെ എല്‍ഇഡി ഡിസ്‌പ്ലേയിലൂടെ പരസ്യങ്ങള്‍ നല്‍കി സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
സോളാര്‍ പാനലുകള്‍ കെട്ടിടത്തിനു മുകളില്‍ സ്ഥാപിക്കുന്ന തരത്തിലുള്ള രൂപരേഖയെ കൗണ്‍സില്‍ പ്രശംസിച്ചു. പാര്‍ക്കിങ് സംവിധാനത്തിലെ പാളിച്ചകളും ലിഫ്റ്റ് സംവിധാനവും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാത്തുമാണ് കറാരുകാര്‍ക്ക് വിലങ്ങു തടിയായത്. കൗണ്‍സില്‍ ഉന്നയിച്ച മാറ്റങ്ങള്‍ വരുത്തി പുതിയ രൂപരേഖ ഉടന്‍ അവതരിപ്പിക്കുമെന്ന് ആര്‍കിടെക്ട് ഇന്‍ ചാര്‍ജ് അമ്പിളി നായര്‍ പറഞ്ഞു.
കരാറുകാര്‍ 34 സെന്റില്‍ തീര്‍ക്കുന്ന അഞ്ചുനില ഷോപ്പിങ് കോംപ്ലക്‌സിന്റെ രൂപരേഖ കൗണ്‍സിലില്‍ അവതരിപ്പിച്ചെങ്കിലും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര പരിഗണ നല്‍കാതെയുള്ള രൂപകല്‍പനയാണ് അതൃപ്തിയുണ്ടാക്കിയത്. കരാറുകാരുടെ രൂപരേഖയില്‍ 18 വാണിജ്യ സ്ഥാപനങ്ങള്‍ക്കാണ് കോംപ്ലക്‌സില്‍ ഇടം നല്‍കിയത്. ബാക്കിയുള്ളവ ഓഫിസുകള്‍ക്കും മറ്റുമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. കെട്ടിടത്തില്‍ ലിഫ്റ്റ് സംവിധാനം കാര്യക്ഷമമല്ലാത്ത രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ ഉന്നയിച്ചു. അഞ്ചു നിലകളായി നിര്‍മിക്കുന്ന കെട്ടിടത്തിനു രണ്ട് ലിഫ്റ്റുകള്‍ മാത്രമാണുള്ളത്.
അതും ആറുപേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന രീതിയില്‍. ദിനംപ്രതി നിരവധിയാളുകള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇതുക്കൊണ്ട് പ്രയോജനമുണ്ടാവില്ല. ഇതിനായി പന്ത്രണ്ട് പേര്‍ക്ക് ഉപയോഗിക്കാവുന്ന ലിഫ്റ്റ് ഏര്‍പ്പെടുത്തണം. മൂന്ന് ലിഫ്റ്റുകള്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു.
Next Story

RELATED STORIES

Share it