Flash News

രൂക്ഷമായി വിമര്‍ശിച്ച് അമിത്ഷാ; എല്ലാം നല്‍കിയിട്ടും ഒന്നും നേടിയില്ലെന്ന്

തിരുവനന്തപുരം : സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും വീഴ്ചകളുണ്ടായതായി അമിത് ഷാ കുറ്റപ്പെടുത്തി. അനുകൂലമായ സാഹചര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ഇത് പ്രവര്‍ത്തകരുടെ വീഴ്ചയായി കാണാനാവില്ല. നേതൃത്വത്തിനാണ് അതിന്റെ ഉത്തരവാദിത്വം. എല്ലാം നല്‍കിയിട്ടും ഒന്നുംനേടാനായില്ലെന്നും അമിത്ഷാ തുറന്നടിച്ചു.
തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തിലാണ് ദേശീയ അധ്യക്ഷന്റെ വിമര്‍ശനം. കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയതും കണ്ണന്താനത്തെ മന്ത്രിയാക്കിയതുമടക്കം സംസ്ഥാനത്തിന് നല്‍കിയ നിയമനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. വിശ്വാസമാര്‍ജിക്കാവുന്ന വിഭാഗങ്ങളെപോലും ഒപ്പം നിര്‍ത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തിയില്ലെന്നാണ് സൂചന. ആര്‍എസ്എസ് ആവശ്യപ്പെടുന്ന ഫോര്‍മുലപ്രകാരമുള്ളയാളെ അധ്യക്ഷനാക്കാനാണ് അമിത് ഷായുടെ നീക്കം.
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനൊപ്പം നിലവിലെ സംസ്ഥാന നേതൃനിരയില്‍ മാറ്റങ്ങളുണ്ടാവുമെന്നും സൂചനയുണ്ട്.  പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും പ്രഭാരിമാരുടെയും സംയുക്ത യോഗത്തിലും അമിത് ഷാ പങ്കെടുത്തു. അഞ്ചുമുതല്‍ പത്തുവരെ സീറ്റുകളാണ് കേരളത്തില്‍നിന്നും ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. ബിജെപി വലിയ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില്‍ തുടങ്ങേണ്ട പ്രത്യേക കര്‍മപരിപാടികള്‍ അമിത് ഷാ യോഗത്തില്‍ വിശദീകരിച്ചു. ലക്ഷദ്വീപിലെ പാര്‍ട്ടി നേതൃത്വവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.  ദേശീയ സഹ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി മുരളീധര്‍ റാവു, ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരും വിവിധ യോഗങ്ങളില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it