രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ചതെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞ കാര്യം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
സ്ത്രീപുരുഷ സമത്വത്തിനു വേണ്ടിയാണ് രാഹുല്‍ഗാന്ധി നിലകൊള്ളുന്നത്. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യങ്ങള്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആ സമയത്ത് കേരളഘടകത്തിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ഗാന്ധിയും നെഹ്—റുവും വിശ്വാസങ്ങള്‍ക്കു വേണ്ടിയാണ് നിലകൊണ്ടത്. പാര്‍ട്ടി എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമല പോലുള്ള വൈകാരികമായ വിഷയത്തില്‍ കൂട്ടായ രീതിയിലൂടെ മാത്രമേ കോണ്‍ഗ്രസ് തീരുമാനമെടുക്കുകയുള്ളൂ. വ്യക്തിപരമായ നിലപാടുകള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വിശ്വാസികള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നും അതിനുള്ള അനുവാദം രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുല്‍ഗാന്ധിക്ക് സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ നിന്നു വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിലും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ അനുവാദം നല്‍കിയത് അദ്ദേഹത്തിന്റെ മഹത്ത്വമാണ്. 2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ യുഡിഎഫ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു.
കോടതിവിധി വരുംമുമ്പ് വളരെ ആലോചിച്ചാണ് യുഡിഎഫ് ഇക്കാര്യത്തില്‍ നിലപാടെടുത്തതെന്നും ആദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ വ്യക്തിപരമായി വ്യത്യസ്ത അഭിപ്രായമുണ്ടായിട്ടും കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ വികാരം മാനിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞത് ഉന്നതമായ ജനാധിപത്യ ബോധമുള്ളതിനാലാണെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പമില്ല. കേരളത്തില്‍ പോലിസ് രാജാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it